തിരയുക

2019.10.22 festa della luce in India 2019.10.22 festa della luce in India  

ദീപാവലിമഹോത്സവം : ഹൃദയങ്ങള്‍ പ്രകാശപൂര്‍ണ്ണമാക്കാം!

ഒക്ടോബര്‍ 27, ഞായര്‍ ഭാരതത്തില്‍ ദീപങ്ങളുടെ ഉത്സവം.

പരിഭാഷ - ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ഈശ്വരവിശ്വാസികള്‍ ഏതു മതത്തില്‍പ്പെട്ടവരായാലും സാഹോദര്യത്തിന്‍റെയും സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്‍റെയും നിര്‍മ്മാതാക്കളാകാന്‍ പരിശ്രമിക്കാം…!” - വത്തിക്കാന്‍റെ ദീപാവലി സന്ദേശം.

1. മനുഷ്യഹൃദയങ്ങളില്‍ നന്മയുടെ ദീപങ്ങള്‍ തെളിയിക്കാം!
ഓക്ടോബര്‍ 27-ന് ഭാരതമക്കള്‍ ആഘോഷിക്കുന്ന ദീപാവലി മഹോത്സവത്തോട് അനുബന്ധിച്ച് മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് മിഗ്വേല്‍ അയുസോ ഗ്വിക്സോട്ട് പ്രസിദ്ധപ്പെടുത്തിയതാണ് ഈ സന്ദേശം. മനുഷ്യമനസ്സുകളെയും കുടുംബങ്ങളെയും സ്നേഹവും സന്തോഷവും സമാധാനവും സമൃദ്ധിയുംകൊണ്ട് ദീപങ്ങളുടെ മഹോത്സവം തെളിയിക്കട്ടെയെന്ന് അദ്ദേഹം ആമുഖമായി ആശംസിച്ചു.

2. അന്യമതസ്ഥരും നമ്മുടെ സഹോദരങ്ങള്‍
സാങ്കേതികതയും മാധ്യമങ്ങളും, മനുഷ്യന്‍റെ മറ്റു മേഖലകളുമെല്ലാം മുന്‍പൊരിക്കലുമില്ലാത്തപോലെ പുരോഗതിയിലേയ്ക്കു കുതിക്കുമ്പോള്‍ ഇന്ന് മതങ്ങളും  സംസ്കാരങ്ങളും  തമ്മില്‍ സംവാദവും സഹകരണവും സാഹോദര്യവും വളര്‍ത്താനുള്ള തുറവുള്ളതും ക്രിയാത്മകവുമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത് ചില മതവിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയും, നിസംഗതയും, ചിലപ്പോള്‍ വെറുപ്പും വളരുന്നുണ്ടെന്നതും നിഷേധിക്കാവുന്നതല്ല. അപരനെ സഹോദരനോ സഹോദരിയോ ആയി അംഗീകരിക്കാന്‍ സാധിക്കാതെ പോകുന്നതാണ് ഇന്നിന്‍റെ സാമൂഹിക പ്രതിസന്ധി.

3. മതങ്ങള്‍ സമാധാനത്തിന്‍റെ പ്രയോക്താക്കള്‍
ഔദാര്യമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും സഹാനുഭാവമില്ലാത്തതുമായ വൈകാരികതയുടെ മനോഭാവമാണ് സമൂഹത്തിന്‍റെ സഹവര്‍ത്തിത്വപരമായ അസ്തിത്വത്തെ തകര്‍ക്കുന്നത്. എല്ലാമനുഷ്യരും സഹോദരങ്ങളാണെന്ന അടിസ്ഥാന മനോഭാവത്തെ തച്ചുടയ്ക്കുന്ന ഈ സാമൂഹിക ചുറ്റുപാടില്‍, ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളുമായ സഹോദരങ്ങള്‍ക്ക് സാധിക്കുന്ന ഇടങ്ങളിലൊക്കെ സാഹോദര്യത്തിന്‍റെയും സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്‍റെയും പ്രയോക്താക്കളാകാന്‍ സാധിക്കുമെന്ന് ഈ ഉത്സവനാളില്‍ പ്രത്യാശിക്കുകയാണ്!

4. മാനവസാഹോദര്യത്തിന്‍റെ കൂട്ടായ്മ
പിന്‍തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട സഹോദരനെയും സഹോദരിയെയും അപരനില്‍ കാണാന്‍ അടിസ്ഥാനപരമായി സഹായിക്കേണ്ട സ്ഥാപനങ്ങളാണ് മതങ്ങള്‍ ( Doc. Human Fraternity, 2019). അതുവഴി വിശ്വാസത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ  ഒരു മറയുമില്ലാതെ അപരന്‍റെ അനിഷേധ്യമായ അവകാശങ്ങള്‍ മാനിക്കുകയും ആദരിക്കുകയും വേണമെന്ന് 2019 ഫെബ്രുവരിയില്‍ അബുദാബിയില്‍ മതങ്ങളുടെ സംഗമം പ്രബോധിപ്പിച്ച മാനവസാഹോദര്യത്തിന്‍റെ പ്രഖ്യാപനം ആഹ്വാനംചെയ്യുന്നുണ്ട്. വിശ്വസാഹോദര്യം ലക്ഷ്യമിടുന്ന ഈ പ്രബോധനത്തിന്‍റെ പിന്നില്‍ ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അത് തയ്യീബ്, പാപ്പാ ഫ്രാന്‍സിസ്, അബുദാബിയിലെ കിരീടാവകാശി അഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ്. മതാനുയായികള്‍ മതത്തിന്‍റെ ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി ജീവിച്ചെങ്കില്‍ മാത്രമേ അവര്‍ സമാധാനത്തിന്‍റെ നിര്‍മ്മാതാക്കളും മാനവസാഹോദര്യത്തിന്‍റെ പങ്കാളികളുമായിത്തീരുകയുള്ളൂ.

5. എല്ലാ മതങ്ങളും ആഗ്രഹിക്കുന്ന സാഹോദര്യം
സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ മതങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ വ്യക്തികള്‍ ജീവിക്കുകയും, സഹോദര്യക്കൂട്ടായ്മ വളര്‍ത്തുകയും വേണം. കാരണം, മതങ്ങളുടെ അടിസ്ഥാന സ്വഭാവം ജനങ്ങളില്‍ സാഹോദര്യബന്ധം വളര്‍ത്തുകയെന്നതാണ് (Pope John Paul II, World Day of Peace, 1992). അതിനാല്‍, ഒരു വ്യക്തി ഹിന്ദുവോ, ക്രിസ്ത്യാനിയോ മുസല്‍മാനോ ആരുമായിക്കൊള്ളട്ടെ, സ്വതസിദ്ധമായ രീതിയില്‍ സമൂഹത്തില്‍ സംവാദത്തിന്‍റെ പാതയില്‍ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയു‌ടെയും അരൂപിയില്‍ ജീവിക്കാനാണ് പരിശ്രമിക്കേണ്ടതാണ്.

6. ഭൂമി - ഒരു സാഹോദര്യഗേഹം
ഇന്നത്തെ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ കണ്ടു ഭയപ്പെട്ട് സാഹോദര്യത്തിന്‍റെ വിത്തു പാകാന്‍ ആഗ്രഹമുള്ള മനസ്സുകളിലെ നല്ല തീരുമാനത്തെയും താല്പര്യത്തെയും കെടുത്തിക്കളയരുത്. കാരണം സന്മനസ്സുള്ള സഹോദരങ്ങള്‍ ഏതു മതസ്ഥരായാലും, അവരുമായി കൈകോര്‍ത്താല്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു ലോകം വളര്‍ത്തിയെടുക്കുന്നതിനുള്ള സാദ്ധ്യത വിദൂരത്തല്ലെന്ന് ഓര്‍ക്കേണ്ടതാണ്. എല്ലാവരുടെയും നന്മ ലക്ഷ്യംവച്ചുകൊണ്ട് സാഹോദര്യത്തിന്‍റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെയും ഒരു “വിശ്വസാഹോദര്യഗേഹം” ലോകത്ത് പണിതുയര്‍ത്താന്‍ മതങ്ങളുടെ കൂട്ടായ്മയ്ക്ക് കരുത്തുണ്ട് (Pope John Paul II, Prayer meeting for peace, Bologna).

7. ഗാന്ധിജി തുറന്നിട്ട അഹിംസാമാര്‍ഗ്ഗം
സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും പ്രയോക്താവായ മഹാത്മാഗാന്ധിയുടെ 150-Ɔο പിറന്നാള്‍ 2019 ഒക്ടോബര്‍ മാസത്തിന്‍റെ ആരംഭത്തില്‍ ആചരിച്ചത് സന്തോഷദായകമായ ഒരു സംഭവമായിരുന്നു. ഫലവത്തായ കൂടുതല്‍ പരിപാടികള്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച് തുടരുന്നുണ്ട്. കാരണം മഹാത്മ സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അഹിംസയുടെയും ധീരനും അദ്വീതിയനുമായ സാക്ഷിയാണ്. ഒപ്പം സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെയും മാനവിക സാഹോദര്യത്തിന്‍റെയും കരുത്തനായ പ്രയോക്താവുമാണ് (Pope John Paul II, Raj Ghat speech, 1986). എല്ലാമതങ്ങളും തമ്മിള്‍ സഹവര്‍ത്തിത്വത്തില്‍ ജീവിക്കാനും വിശ്വസാഹോദര്യം വളര്‍ത്താനും ഇന്ത്യയുടെ രാഷ്ട്രപിതാവു തുറന്നിട്ട അഹിംസയുടെ പാത ഇന്നും പ്രസക്തവും അനുകരണീയവുമാണ്.

8. സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം!
 ഓരോരുത്തരുടെയും മതത്തില്‍  വേരൂന്നി നില്ക്കുമ്പോഴും മാനവകുടുംബത്തിന്‍റെ ക്ഷേമത്തിനായി ഒരു പങ്കാളിത്തത്തിന്‍റെ കരുതല്‍ ആവശ്യമാണ്. ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും ഉത്തരവാദിത്വത്തില്‍ സന്മനസ്സുള്ളവര്‍ കൈകോര്‍ത്താല്‍ സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സമൂഹം ലോകത്ത് വളര്‍ത്തിയെടുക്കാന്‍ ഇനിയും സാധിക്കും!

വത്തിക്കാനില്‍നിന്നും
കര്‍ദ്ദിനാള്‍ മിഗ്വേല്‍ എയ്ഞ്ചല്‍ ഗ്വിക്സോട്ട്
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2019, 19:05