തിരയുക

ITALY-BRAZIL-VATICAN-AMAZON-POLITICS-ENVIRONMENT-RELIGION  jonaz macuxi addressed the synod. ITALY-BRAZIL-VATICAN-AMAZON-POLITICS-ENVIRONMENT-RELIGION jonaz macuxi addressed the synod. 

#ആമസോണ്‍ സിനഡിന്‍റെ ശ്രദ്ധേയമായ ആത്മീയമാനം

ആമസോണ്‍ രാജ്യമായ ഫ്രഞ്ച് ഗ്വിയാനയിലെ കയേന്നെ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ഇമ്മാനുവേല്‍ ലഫോന്തുമായുള്ള അഭിമുഖത്തിലെ ചിന്തകള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആമസോണിലെ ഫ്രഞ്ചു മിഷണറി
ഒക്ടോബര്‍ 24-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ഫ്രഞ്ച് വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് ലഫോന്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ 74 വയസ്സുകാരന്‍ 2004 മുതല്‍ ആമസോണ്‍ പ്രവിശ്യയില്‍ അജപാലന ശുശ്രൂഷ ചെയ്യുകയാണ്.

2. കരച്ചില്‍ കേള്‍ക്കുമെന്ന പ്രത്യാശ
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്ന സിനഡു സമ്മേളനം ആമസോണിന്‍റെ കരച്ചില്‍ കേള്‍ക്കും. അവിടത്തെ മഴക്കാടുകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമല്ല, ആമസോണിയന്‍ ജനതയുടെ തേങ്ങലും കേള്‍ക്കുമെന്ന് ബിഷ്പ്പ് ലഫോന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ആമസോണിയന്‍ ജനതയെ ശ്രവിക്കാനും അവരെ മനസ്സിലാക്കുവാനും പാപ്പാ ഫ്രാന്‍സിസ് എടുത്ത സിനഡുമായി ബന്ധപ്പെട്ട ഈ ചുവടുവയ്പ് ചരിത്രത്തില്‍ സഭാപക്ഷത്തുനിന്നുമുള്ള ആദ്യ നീക്കമാണെന്ന് ഫാദര്‍ ലഫോന്ത് ചൂണ്ടിക്കാട്ടി.

3. സഭയുടെ മനം തുറക്കലും ക്രിസ്തുമാര്‍ഗ്ഗവും
ആമസോണിയന്‍ സംസ്കാരത്തെ ശ്രവിക്കാന്‍ സാധിക്കുന്നതും അവരെ മനസ്സാലാക്കുന്നതുമായ സംവാദത്തിന്‍റെ പാതയാണ് ഈ സിനഡുസമ്മേളനം. പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമുള്ള സഭയുടെ ഈ മനം തുറക്കലില്‍ ക്രിസ്തുവിന്‍റെ സുവിശേഷം മാര്‍ഗ്ഗവും മാര്‍ഗ്ഗദീപവുമായി തെളിഞ്ഞുനില്ക്കുന്നുണ്ട്. ഈ സത്യം സിനഡിന്‍റെ പരിശ്രമങ്ങളെ പ്രകാശപൂര്‍ണ്ണമാക്കുന്നുമുണ്ട്. ഒപ്പം മറ്റാരുടെയും സമീപനത്തില്‍നിന്ന് സഭയുടെ അജപാലനപരമായ നീക്കങ്ങള്‍ വ്യത്യസ്തമായിരിക്കുകയും ചെയ്യുമെന്ന് ബിഷപ്പ് ലഫോന്ത് അഭിപ്രായപ്പെട്ടു.

4. മൗലികമായ തദ്ദേശവത്ക്കരണം
രാഷ്ട്രവും രാഷ്ട്രീയക്കാരും ആമസോണിലെ ജനങ്ങളോടു സാംസാരിക്കുകയും ഇടപഴകുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ സഭ വേണ്ടുവോളം ഈ തദ്ദേശജനതകളെ മനസ്സിലാക്കിയിട്ടില്ലെന്നാണ് പരിചയസമ്പന്നനായ ഈ മിഷണറി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മനുഷ്യനായി അവതരിച്ചവനും ദൈവത്തിന്‍റെ പ്രതിച്ഛായയുമായ ക്രിസ്തുവിന്‍റെ നാമത്തില്‍ ആമസോണിയന്‍ ജനതയെ സഭ ആദ്യമായി സിനഡിലൂടെ അഭിസംബോധനചെയ്യുന്നത് പ്രത്യാശ പകരുന്ന സംഭവമായി അദ്ദേഹം കാണുന്നു.

ആമസോണിലെ ജനങ്ങളെ അവരുടെ തദ്ദേശീയ ഭാഷകളില്‍ ശ്രവിക്കണമെന്നത് മൗലികമായ ആവശ്യമാണ്. അത് ക്രിസ്തുവിന്‍റെ ശൈലിയാണ്, സാധാരണ ജനങ്ങളുടെ ഭാഷയിലും രീതിയിലും അവരോടൊത്ത് അവിടുന്നു വസിച്ചു. ഇത് തദ്ദേശവത്ക്കരണത്തിന്‍റെ വെല്ലുവിളിയുമാണെന്ന് ബിഷപ്പ് ലഫോന്ത് വ്യക്തമാക്കി.

5. തദ്ദേശീയ പൗരോഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ച
ആമസോണിന്‍റെ അജപാലന മേഖലയില്‍ എഴുതപ്പെട്ട നിയമങ്ങള്‍ ഭേദഗതിചെയ്തുകൊണ്ട് സുവിശേഷം പ്രഘോഷിക്കാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും സഭ സന്നദ്ധമാകണം എന്ന പുരോഗമന ചിന്താഗതിയാണ് ബിഷപ്പ് ലഫോന്ത് ഉള്‍ക്കൊള്ളുന്നത്. പ്രായംകൊണ്ടും പരിചയസമ്പത്തുകൊണ്ടും അജപാലന ശുശ്രൂഷയില്‍ വിശ്വസ്തരായിട്ടുള്ള തദ്ദേശീയ അല്‍മായര്‍, (viri probati) വിവാഹിതരാണെങ്കില്‍പ്പോലും അവര്‍ക്ക് പൗരോഹിത്യപദവി നല്കാമെന്നു വാദിക്കുന്നവരുടെ പുരോഗമന പക്ഷത്താണ് അദ്ദേഹം നില്ക്കുന്നത്. ആമസോണിന്‍റെ പ്രത്യേക സാംസ്കാരിക പശ്ചാത്തലത്തില്‍ നിയമത്തെക്കാള്‍ അതിന്‍റെ അരൂപിയാണ് പാലിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമമുണ്ടാക്കുകയല്ല, ബ്രഹ്മചര്യത്തെക്കുറിച്ചു നിലവിലുള്ള സഭാനിയമത്തിന്‍റെ അരൂപി മനസ്സിലാക്കി, അത് ഭേദഗതിചെയ്യുകയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ബിഷപ്പ് ലഫോന്ത് അഭിപ്രായപ്പെട്ടു.

6. സൃഷ്ടിയെക്കുറിച്ചുള്ള  കൗദാശീകമായ കാഴ്ചപ്പാട്
സൃഷ്ടി ദൈവത്തിന്‍റേതാണ്. അവിടുത്തെ കരവേലയാണത്. അതില്‍ ദൈവത്തിന്‍റെ കരവിരുതും, അവിടുത്തെ പ്രതിച്ഛായയും നിഴലിക്കുന്നുണ്ട്. അത് മനോഹരവും ആശ്ചര്യാവഹവുമാണെന്ന് ആമസോണിന്‍റെ പരിസ്ഥിതി മറ്റേതു സ്ഥലത്തേക്കാളും നന്നായി ഏറ്റുപറയും. മനുഷ്യന്‍ സൃഷ്ടിയുടെ പരിപാലകനും സൂക്ഷിപ്പുകാരനുമാണ്.  സൃഷ്ടി ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമാകയാല്‍ ഒരു കൗദാശിക കാഴ്ചപ്പാടാണ് അത് ആവശ്യപ്പെടുന്നത്. ഇത്  പരിസ്ഥിതിയുടെ ആത്മീയതയാണെന്ന്  അദ്ദേഹം സ്ഥാപിച്ചു. അതിനാല്‍ ആമസോണിനെ അഭിമുഖികരിക്കുമ്പോള്‍ അജപാലനപരവും പാരിസ്ഥിതികവുമായ ഒരു പരിവര്‍ത്തനവും, മനംമാറ്റവും ആവശ്യമാണെന്ന് അഭിമുഖത്തിന് അടിവരയായി ബിഷപ്പ് ലഫോന്ത് പ്രസ്താവിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2019, 09:37