തിരയുക

Vatican News
Big indian presence in Vatican Big indian presence in Vatican  (ANSA)

കേരളത്തിന്‍റെ മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

ഒക്ടോബര്‍ 13, ഞായറാഴ്ച വത്തിക്കാനില്‍ അരങ്ങേറിയ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങിന്‍റെ അവലോകനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സഭയിലെ അഞ്ചു നവവിശുദ്ധര്‍
ഒക്ടോബര്‍ 13, ഞായറാഴ്ച പ്രാദേശിക സമയം രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായിട്ടാണ് കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ഒപ്പം ആഗോള സഭയിലെ മറ്റു 4 വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി. ഇംഗ്ലിണ്ടിലെ കര്‍ദ്ദാനാള്‍ ന്യൂമാന്‍, ബസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്സര്‍ലണ്ടുകാരി അല്‍മായ സ്ത്രീയും മാര്‍ഗ്രറ്റ് മെയ്സ് എന്നിവരായിരുന്നു അവര്‍.

2. പ്രദക്ഷിണവും പ്രാരംഭവും
പാപ്പാ ഫ്രാന്‍സിസും സഹകാര്‍മ്മികരും വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍നിന്നും  ഉമ്മറത്തെ പൊതുവേദിയിലേയ്ക്ക് പ്രദക്ഷിണമായി എത്തിച്ചേര്‍ന്നു. ദാനിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ മൂന്നു യുവാക്കളുടെ കീര്‍ത്തനം (3, 52-68) ഗായകസംഘം ആലപിച്ചു. പാപ്പാ ചൊല്ലിയ ത്രിത്വസ്തുതിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

3. വിശുദ്ധപദവി പ്രഖ്യാപനത്തിന് ആമുഖമായി
സഭാസൂഹത്തിന്‍റെ അഭ്യര്‍ത്ഥന

നീണ്ടകാലത്തെ സൂക്ഷ്മമായ പഠനത്തിനും പരിശോധനയ്ക്കുംശേഷം ആഗോള സഭയില്‍നിന്നും തിരഞ്ഞെടുത്തിട്ടുള്ള 5 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്കു ഉയര്‍ത്തണമെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (prefect of the congregation for Saints) കര്‍ദ്ദിനാള്‍ ആഞ്ജലോ ബെച്യു പാപ്പായോട് സഭാസമൂഹത്തിന്‍റെ പേരില്‍ അഭ്യര്‍ത്ഥിക്കുകയും. അവരുടെ ഹസ്വമായ ജീവിതചരിത്രം പരസ്യമായി വായിക്കുകയും ചെയ്തു. ദൈവദാസര്‍, ധന്യര്‍, വാഴ്ത്തപ്പെട്ടവര്‍... എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയുള്ള വത്തിക്കാന്‍റെ പരിശോധനയിലൂടെയാണ് ഒരു വ്യക്തി വിശുദ്ധപദത്തില്‍ എത്തുന്നത്.

4. ദൈവാത്മാവിനോടുള്ള പ്രാര്‍ത്ഥന
തുടര്‍ന്ന് വിശുദ്ധപദവിയുടെ പ്രഖ്യാപന കര്‍മ്മത്തിന് ആമുഖമായി പരിശുദ്ധാത്മഗീതം (veni creator) ആലപിച്ചുകൊണ്ട് ദൈവാരൂപിയുടെ സാന്നിദ്ധ്യത്തിനായി പ്രാര്‍ത്ഥിച്ചു. ആഗോളസഭയിലെ 5 വിശുദ്ധാത്മക്കളെ, ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്താന്‍ കനിവുണ്ടാകണമേയെന്ന് ഗീതത്തിന് സമാപനമായി പാപ്പാ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

5. വിശുദ്ധരുടെ പ്രാര്‍ത്ഥനാമഞ്ജരിയും  പ്രഖ്യാപനവും
തുടര്‍ന്ന് ഗായകസംഘവും വിശ്വാസസമൂഹവും ചേര്‍ന്ന് സകലവിശുദ്ധരുടെ പ്രാര്‍ത്ഥനാമഞ്ജരി (litany) ആലപിച്ചുകൊണ്ട് സഭയിലെ വിശുദ്ധാത്മാക്കളുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചു. എന്നിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദവി പ്രഖ്യാപനം നടത്തിയത്. പരിശുദ്ധ ത്രിത്വത്തിന്‍റെ ബഹുമാനാര്‍ത്ഥവും, വിശ്വാസത്തിന്‍റെ മഹത്വീകരണത്തിനും, ക്രൈസ്തവജീവിതങ്ങളുടെ വര്‍ദ്ധനവിനും വിശുദ്ധീകരണത്തിനുമായി ക്രിസ്തുവിന്‍റെയും, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, തന്‍റെയും അധികാരത്തിലും, ദീര്‍ഘനാളത്തെ പര്യാലോചനയ്ക്കും പഠനത്തിനുംശേഷം, ബന്ധപ്പെട്ട സഹോദരമെത്രാന്മാരുമായി ആലോചിച്ചതിനുശേഷവും ഇംഗ്ലണ്ടിലെ കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാന്‍, ഇറ്റലിക്കാരി ജുസെപ്പീന വന്നീനി, കേരളത്തിന്‍റെ മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കടിയാന്‍, ബ്രസീലിലെ ദൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീ മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെ വിശുദ്ധ പദവിയിലേയ്ക്ക് താന്‍ ഉയര്‍ത്തുന്നുവെന്നായിരുന്നു വിശുദ്ധപദവിയുടെ പ്രഖ്യാപന മൊഴികള്‍ (formula of canonization).. വിശ്വാസികളുടെ സമ്മേളനം ഒന്നടങ്കം ഉറക്കെ ‘ആമേന്‍’ എന്ന് ഉച്ചരിച്ചുകൊണ്ട് അല്ലേലൂയഗീതം ആലപിച്ച് ദൈവത്തിനു നന്ദിയര്‍പ്പിച്ചതോടെയാണ് വിശുദ്ധപദവിയുടെ പ്രഖ്യാപനം കര്‍മ്മം അവസാനിച്ചത്.

6. വചനപാരായണവും വചനപ്രഘോഷണവും
തുടര്‍ന്ന ദൈവത്തെ മഹത്വപ്പെടുത്തുന്ന ഗ്ലോരിയഗീതം (gloria) ആലപിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ ആമുഖപ്രാര്‍ത്ഥനയോടെ ദിവ്യബലി വചനശുശ്രൂഷയിലേയ്ക്കു കടന്നു. ഇംഗ്ലിഷില്‍ വായിച്ച ആദ്യവായന സിറിയക്കാരനും വിജാതീയനുമായ സൈന്ന്യാധിപന്‍, നാമാനു പ്രാവചകന്‍ എലീഷയല്‍നിന്നു ലഭിച്ച സൗഖ്യദാനത്തിന്‍റെ കഥയായിരുന്നു (2 രാജാ. 5, 14-17). രണ്ടാം വായന തിമോത്തിയോസിന് എഴുതിയ പൗലോസ് അപ്പസ്തോലന്‍റെ രണ്ടാം ലേഖനത്തില്‍നിന്നും ഇറ്റാലിയന്‍ ഭാഷയില്‍ പാരായണം ചെയ്യപ്പെട്ടു (2, 8-13). യേശുവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അവിടുത്തെ വിശ്വസ്തദാസനും പടയാളിയുമാണെന്ന് ശ്ലീഹ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ ലൂക്കായുടെ  #സുവിശേഷത്തില്‍നിന്നും 10 കുഷ്ഠരോഗികള്‍ക്ക് ക്രിസ്തു സൗഖ്യംനല്കിയ സംഭവം ലത്തീനിലും ഗ്രീക്കിലും ആലപിക്കപ്പെട്ടു (17, 11-19).

7. പാപ്പായുടെ വചനപ്രഭാഷണം
“വിശ്വാസം രക്ഷിച്ചിരിക്കുന്നു!” (19) എന്ന് കുഷ്ഠരോഗിയോട് ഈശോ ഉച്ചരിച്ച വാക്കുകള്‍ മനുഷ്യജീവിതത്തിലെ വിശ്വാസയാത്രയുടെ ഉച്ചകോടിയും, ദൈവംതരുന്ന രക്ഷയുമാണതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  #സുവിശേഷം വരച്ചുകാട്ടുന്ന കുഷ്ഠരോഗികളുടെ a) കരച്ചിലും പ്രാര്‍ത്ഥനയും, അവരുടെ b) വിശ്വാസയാത്രയും, അവസാനം അവര്‍ c) ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചതുമാണ് പാപ്പാ വചനചിന്തയില്‍ വിസ്തരിച്ചത്.

8. വിശ്വാസത്തോടെയുള്ള കരച്ചില്‍
എല്ലാവരാലും പരിത്യക്തരായ കുഷ്ഠരോഗികള്‍ ക്രിസ്തുവിലേയ്ക്കു തിരിഞ്ഞ്, കരഞ്ഞപേക്ഷിക്കുന്നു. ദൈവം ആരെയും അകറ്റിനിര്‍ത്തുന്നില്ല. സമുദായം കല്പിച്ച അകല്‍ച്ച ക്രിസ്തുവിന്‍റെ പക്കല്‍ അടുപ്പമായി മാറുന്നു. രോഗികള്‍ സഹായത്തിനായി ക്രിസ്തുവിന്‍റെ പക്കലെത്തി കരയുന്നു. അവിടുന്ന് അവരുടെ കരച്ചില്‍ കേള്‍ക്കുന്നു. ജീവിതത്തില്‍ ഏകാന്തതയും ക്ലേശങ്ങളും അനുഭവിക്കുന്നവരുടെ കരച്ചില്‍ ക്രിസ്തു കേള്‍ക്കും.
നമുക്കും ഒരു തരത്തില്‍ അല്ലെങ്കിലും മറ്റൊരു തലത്തില്‍ സൗഖ്യം ആവശ്യമാണ്. നമ്മുടെ ദുശ്ശീലങ്ങളില്‍നിന്നുപോലും ആവശ്യമായ വിടുതലിന്‍റെ സൗഖ്യം ആര്‍ക്കും അനിവാര്യമാണ്. മനുഷ്യന്‍റെ കരച്ചില്‍ പ്രാര്‍ത്ഥനയാണ്. എന്നാല്‍ ദൈവമാണ് രക്ഷികന്‍. ക്രിസ്തു രക്ഷകനാണ്. അതിനാല്‍ പ്രാര്‍ത്ഥന മനുഷ്യന് ആവശ്യമാണ്. വിശ്വാസത്തിന്‍റെ വാതിലാണ് പ്രാര്‍ത്ഥന. അത് ഹൃദയത്തിന് ഔഷധവുമാണ്.

9. വിശ്വാസം ഒരു നടത്തവും തീര്‍ത്ഥാടനവും
സുവിശേഷം വിവരിക്കുന്ന കുഷ്ഠരോഗികളുടെ സൗഖ്യദാനം നടക്കുന്നത് അവരെ ക്രിസ്തു ദേവാലയത്തിലെ പുരോഹിതന്മാരുടെ പക്കലേയ്ക്ക് പറഞ്ഞുവിടുന്ന വഴിക്കുവച്ചാണ്. വിശ്വാസജീവിതം വിശ്വാസയാത്ര ആവശ്യപ്പെടുന്നുണ്ട്. അവിടെ എളിമയുള്ള പ്രായോഗികമായ സ്നേഹവും ആത്മവിശ്വാസവുമുണ്ട്..., അവിടെ ക്ഷമയുമുണ്ട്. ഈ എളിമയും സ്നേഹവും ആത്മവിശ്വാസവും ക്ഷമയും രക്ഷാകരമാണ്, രക്ഷ പ്രദാനംചെയ്യുന്നതാണ്. മാത്രമല്ല, കുഷ്ഠരോഗികള്‍ നീങ്ങിയത് ഒരുമിച്ചാണ്. അതിനാല്‍ വിശ്വാസം ഒരുമിച്ചുള്ളൊരു യാത്രയുമാണ്. രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസജീവിതം. അവിടെ നമ്മുടെ സഹോദരങ്ങളേയും നാം ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ടതുണ്ട്, വിശിഷ്യ പാവങ്ങളും, പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ.

10. യാത്രയുടെ അന്ത്യവും നേര്‍ക്കാഴ്ചയും
ഇനി യാത്രയുടെ അന്ത്യം ലാഭമോ നേട്ടമോ സൗഖ്യമോ അല്ല, അത് ക്രിസ്തുവമായുള്ള കൂടിക്കാഴ്ചയാണ്, നേര്‍ക്കാഴ്ചയാണ്. രക്ഷയെന്നാല്‍ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലല്ല. അത് സ്രോതസ്സിലേയ്ക്കുള്ള എത്തിപ്പെടലാണ്. ക്രിസ്തുവാണ് സ്രോതസ്സ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ ഉതിര്‍ക്കൊള്ളുന്ന വികാരമാണ് നന്ദി. അപ്പോള്‍ ക്രിസ്തുമായുള്ള ഒരു കണ്ടുമുട്ടലിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ. ജീവന്‍റെ നാഥനെ നാം ആശ്ലേഷിക്കണം!

11. ആത്മീയാനന്ദത്തിന്‍റെ ചെറുദീപങ്ങളാകാം!!
വിശ്വാസത്തില്‍ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്‍റെ ഉച്ചസ്ഥായി നന്ദിയുടെ വികാരവും, അതു തരുന്ന ആത്മീയ ആനന്ദവുമാണ്. വിശ്വാസജീവിതവും യാത്രയും ഭാരമാണോ ആനന്ദമാണോ...? ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്! ക്രിസ്തുവിനെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവര്‍ സന്തോഷമുള്ളവരും, കരുണയും സ്നേഹവും, ഭവ്യതയുള്ളവരുമായിരിക്കും. അയാളില്‍ കാപട്യമുണ്ടാവില്ല. ഇരുളുമൂടിയ ജീവിതപാതയില്‍ ഞങ്ങളങ്ങേ ചെറുദീപങ്ങളായി പ്രകാശിക്കട്ടെ, ദൈവമേ...,! നവവിശുദ്ധന്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ പ്രാര്‍ത്ഥന (lead kindly light) ഇങ്ങനെ ഉരുവിട്ടുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.

12. ദിവ്യബലിയുടെ തുടര്‍ച്ച
വചനപ്രഭാഷണത്തിനുശേഷം വിശ്വാസപ്രമാണം ആലപിക്കപ്പെട്ടു. തുടര്‍ന്ന് ചൈനീസ് ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ് സ്തോത്രയാഗ കര്‍മ്മം, ദിവ്യകാരുണ്യസ്വീകരണം എന്നിവയിലൂടെ ദിവ്യബലി സമാപനഭാഗത്ത് എത്തി.

13. നന്ദിയുടെ വാക്കുകള്‍ ത്രികാലപ്രാര്‍ത്ഥന
അപ്പസ്തോലികാശീര്‍വ്വാദം

ദിവ്യകാരുണ്യ നിശബ്ദതയ്ക്കുശേഷം ത്രികാലപ്രാര്‍ത്ഥനയ്ക്കു മുന്‍പ് പാപ്പാ നന്ദിയുടെ വാക്കുകളാണ് ആദ്യം മൊഴിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നും എത്തിയ കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, സന്ന്യസ്തര്‍, വൈദികര്‍ വിശ്വാസികളുടെ സമൂഹം, നവവിശുദ്ധരുമായി ബന്ധപ്പെട്ടു വന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു. ലോകത്തിന്‍റെ മുക്കിലും മൂലയിലും മാധ്യമങ്ങളിലൂടെ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും പാപ്പാ പ്രത്യേകം കൃതജ്ഞത അര്‍പ്പിച്ചു.

14. ഇറ്റലിയുടെ പ്രസിഡന്‍റ് മത്തരേലയും
ഇംഗ്ലിണ്ടിലെ ചാള്‍സ് രാജകുമാരനും

വിശുദ്ധപദപ്രഖ്യാപനത്തില്‍ പങ്കെടുത്ത ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജോ മത്തരേല, ഇംഗ്ലണ്ടിലെ ചാള്‍സ് രാജകുമാരന്‍ എന്നിവരെയും മറ്റു രാഷ്ട്രപ്രതിനിധികളെയും പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. ത്രികാലപ്രാര്‍ത്ഥന സന്ദേശം നല്കിയശേഷം, പ്രാര്‍ത്ഥനചൊല്ലി, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയതോടെയാണ് വിശുദ്ധപദവി പ്രാഖ്യാപനത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസ്മാപ്തിയായത്.

15.  അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്....!
പൂജാവസ്ത്രങ്ങള്‍ മാറ്റിയശേഷം പാപ്പാ വിശിഷ്ടാതിഥികളെയും കര്‍ദ്ദിനാള്‍ സംഘത്തെയും ഹ്രസ്വമായി അഭിവാദ്യംചെയ്തു. എന്നിട്ടു വേദിയില്‍നിന്നും ഇറങ്ങി തുറന്ന  വാഹനത്തില്‍ നിന്നുകൊണ്ട് വന്‍ജനാവലിയെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ടാണ് വേദിവിട്ട് പേപ്പല്‍ വസതിയിലേയ്ക്കു നീങ്ങിയത്.
ചത്വരത്തില്‍ പാറിപ്പറന്നു കണ്ട ധാരാളം ത്രിവര്‍ണ്ണപതാകകള്‍ ഇന്ത്യന്‍ സാന്നിദ്ധ്യത്തിന്‍റെ അലയടിയായി പാറിനിന്നു!

 

13 October 2019, 18:09