Pope Francis with the indigenous leader in the general congregaion of the Amazon synod Pope Francis with the indigenous leader in the general congregaion of the Amazon synod 

സ്ഥായീഭാവമുള്ള സഭാസംവിധാനം ആമസോണിന്‍റെ ആവശ്യം

ആമസോണ്‍ മഴക്കാടുകളില്‍ സ്ഥായീഭാവമുള്ള ഒരു സഭാഘടന വേണമെന്ന് സിനഡിന്‍റെ 11-Ɔമത് സമ്മേളനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നിലവിലുള്ള “റീപാം” ആമസോണ്‍ സഭാശ്രൃംഖലയോടു
ചേരുന്നൊരു സംവിധാനം

ഒക്ടോബര്‍ 15-Ɔο തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ സിനഡുഹാളില്‍ സംഗമിച്ച പൊതുസമ്മേളനത്തിലാണ് സ്ഥായീഭാവമുള്ളൊരു സഭാസംവിധാനം ആമസോണ്‍ പ്രവിശ്യയ്ക്ക് ആകമാനമായി ആവശ്യമാണെന്ന അഭിപ്രായം പൊന്തിവന്നത്. ആമസോണ്‍ പ്രവിശ്യയ്ക്ക് കൂട്ടായ്മയുടെ ശ്രൃംഖലയായി ഇന്നു നിലവിലുള്ള “റീപാം” (Repam – Pan Amazonian Ecclesial Network) പ്രസ്ഥാനത്തോടു ചേര്‍ത്ത് ഒരു സഭാസംവിധാനം സ്ഥാപിക്കാനാവുമെന്നാണ് സമ്മേളനം കരുതുന്നത്. ഈ സംവിധാനത്തെ ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘങ്ങളുടെ കമ്മിഷന്‍ “ചെലാമു”മായി (CELAM) കണ്ണിചേര്‍ത്തു പ്രവര്‍ത്തനസജ്ജമാക്കാമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.

ആമസോണിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍
കൂടുതല്‍ ഫലവത്താകുന്ന അജപാലനശുശ്രൂഷ നല്കുവാനും, ആമസോണ്‍ പ്രവിശ്യയുടെ പൊതുഘടന മനസ്സിലാക്കി ഒരു സഭാസമൂഹം വളര്‍ത്തിയെടുക്കുവാനും, ആമസോണിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണയ്ക്കുമായി പിന്‍തുണയ്ക്കുവാനും ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘങ്ങള്‍ക്കു സാധിക്കുമെന്നാണ് സിനഡു സമ്മേളനം അഭിപ്രായപ്പെടുന്നത്. ആമസോണിന്‍റെ പരിസ്ഥിതിപരവും തദ്ദേശജനതകളുടേതുമായ ആവശ്യങ്ങള്‍ക്കുമപ്പുറം, അവിടത്തെ ഭൂമിയുടെ ചൂഷണം, വനനശീകരണം, മയക്കുമരുന്നു കൃഷിയും കച്ചവടവും, മനുഷ്യക്കടത്ത്, കുട്ടികളുടെ സംരക്ഷണം എന്നിങ്ങനെ പ്രത്യേകം ശ്രദ്ധ വേണ്ടുന്ന വിവാദ വിഷയങ്ങളിലേയ്ക്കു കടക്കുവാനും, അവയ്ക്കു വേണ്ടുന്ന പ്രതിവിധി കണ്ടെത്തുവാനും കെട്ടുറപ്പുള്ള ഒരു സഭാസ്ഥാപനത്തിനു മാത്രമേ സാധിക്കൂ (ecclesial pastoral body) എന്നും സിനഡുസമ്മേളനം ചൂണ്ടിക്കാട്ടി.

കോളനിവത്ക്കരണത്തിന്‍റെ
അനന്തര ഫലങ്ങള്‍ പേറുന്നവര്‍

ചരിത്രത്തില്‍ കോളനിവത്ക്കരണം കാരണമാക്കിയിട്ടുള്ള പ്രശ്നങ്ങളിലേയ്ക്കും സിനഡു സമ്മേളനം വിരല്‍ചൂണ്ടുകയുണ്ടായി. ആമസോണ്‍ പ്രവിശ്യയില്‍തന്നെ ആന്തരികമായി നടന്ന കുടിയേറ്റങ്ങള്‍, കോളോനിയല്‍ ശക്തികള്‍ നടപ്പിലാക്കിയ ചൂഷണത്തിന്‍റെ സാമ്പത്തിക മാതൃക എന്നിവയാണ് അവ. ഇതുവഴി തദ്ദേശസമൂഹങ്ങള്‍ കൊളോണിയല്‍ ശക്തികളാല്‍ പുറന്തള്ളപ്പെടുകയും, പലയിടങ്ങളില്‍നിന്നും, തദ്ദേശീയരെ അവകാശമൊഴിപ്പിക്കപ്പെടുകയും, അവരെയും അവരുടേതുമായതെല്ലാം കോളനി പ്രഭുക്കളുടെ പൊതുസ്വത്തായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നവമായ അജപാലന  സംവിധാനങ്ങളില്‍ അവരുടെ മാനുഷികവും പാരിസ്ഥിതികവുമായ എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്.

ഒരു സ്ഥിരം നിരീക്ഷണ സംവിധാനത്തിന്‍റെ ആവശ്യം
ഈ പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ടാണ് തദ്ദേശീയരുടെ മനുഷ്യാവകാശവും അന്തസ്സും സംരക്ഷിക്കാന്‍ പോരുന്ന സഭയുടെ നിയന്ത്രണത്തിലുള്ള ഒരു രാജ്യാന്തര സ്ഥിരം നിരീക്ഷണ സംവിധാനം (International Observatory for Human rights and Protection of Amazon) രൂപപ്പെടുത്തുമെന്ന് സിനഡു സമ്മേളനം അഭ്യര്‍ത്ഥിച്ചത്. അങ്ങനെ ആമസോണ്‍ മണ്ണിന്‍റെയും മനുഷ്യരുടെയും കരച്ചില്‍, വിശിഷ്യ യുവജനങ്ങളുടെയും നിര്‍ദ്ധനരായവരുടെയും കരച്ചില്‍ ലോകം കേള്‍ക്കണമെന്ന് സിനഡു പിതാക്കന്മാര്‍ അഭ്യര്‍ത്ഥിച്ചു. കാരണം ഇത് തലമുറതലമുറ തോറുമുള്ള നീതിയുടെ (inter generational justice) പ്രശ്നമാണെന്നും സിനഡു നിരീക്ഷിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2019, 16:57