തിരയുക

Vatican State Secretary, Cardinal Pietro Parolin Vatican State Secretary, Cardinal Pietro Parolin  

ഭൂമിയെ സംരക്ഷിക്കുന്നൊരു സാമൂഹ്യനീതി അനിവാര്യം

പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം സംബന്ധിച്ചുള്ള വത്തിക്കാന്‍റെ നിലപാട് :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഇന്നിന്‍റെയും ഭാവിതലമുറയുടെയും ആവശ്യം

ഇന്നിന്‍റെ മാനവികതയ്ക്കു  മാത്രമല്ല, ഭാവി തലമുറയ്ക്കും ഭൂമിയും അതിലെ പ്രകൃതി സമ്പത്തുക്കളും ഉപകരിക്കണമെങ്കില്‍ ഭൂമിയെ സംരക്ഷിക്കുന്നൊരു സാമൂഹ്യനീതി കൂടിയേ തീരൂവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. സെപ്തംബര്‍ 23-Ɔο തിയതി തിങ്കളാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് സമ്മേളിച്ച മഴക്കാടുകളുടെ സംരക്ഷണം സംബന്ധിച്ച ഉന്നതതല ചര്‍ച്ചയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ വത്തിക്കാന്‍റെ നിലപാട് ഇങ്ങനെ വ്യക്തമാക്കിയത്.

സംരക്ഷിക്കപ്പെടേണ്ട പ്രകൃതിയും മഴക്കാടുകളും
ലോകത്തുള്ള വലിയ വനങ്ങള്‍ ഭൂമിയുടെയും മാനവികതയുടെയും സുസ്ഥിതിക്ക് അനിവാര്യമാണ്. കാരണം സമഗ്ര മാനവ സുസ്ഥിതിക്കും പുരോഗതിക്കും അനിവാര്യമായ നവീകരിക്കാവുന്ന പ്രകൃതിസമ്പത്തുക്കളും ഉപായസാധ്യതകളുമുള്ളത് ഈ വന്‍കാടുകളിലാണ്, പ്രത്യേകിച്ച് ആമസോണ്‍ പോലുള്ള വന്‍ മഴക്കാടുകളിലാണ്. നഗരവത്ക്കരണത്തിന്‍റെ ഭാഗമായി നാം ഈ കാടുകളെ അവഗണിക്കുകയും, ഒരു പരിധിവരെ അവയുടെ പ്രകൃതി സമ്പത്തുക്കളെ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭൂമിയുടെയും മനുഷ്യകുലത്തിന്‍റെ തന്നെ നിലനില്പിന് കാടുകളും അവയിലെ സമ്പത്തുക്കളും സംരക്ഷിക്കുക മാത്രമല്ല, കുറവുകള്‍ നികത്തി പുനഃസൃഷ്ടിക്കാനും നാം കടപ്പെട്ടിരിക്കുന്നു. ഇതിന് ഉതകുന്ന വിദ്യാഭ്യാസം ജനങ്ങള്‍ക്കു നല്കേണ്ടതും, സാമൂഹ്യനീതി നടപ്പാക്കേണ്ടതും അത്യാവശ്യമാണെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ ചൂണ്ടിക്കാട്ടി.

അന്യവത്ക്കരിക്കപ്പെടുന്ന ജൈവവൈവിധ്യങ്ങള്‍
പരിസ്ഥിതിയുടെ സുസ്ഥിതി തകര്‍ക്കുന്ന വിധത്തില്‍  ഇന്ന ദ്രുതഗതിയില്‍ സംഭവിക്കുന്ന വനനശീകരണവും, ജന്തു-സസ്യജാലങ്ങളുടെ വംശനാശവും ഭൂമിയിലെ ജൈവബന്ധങ്ങളെ അന്യവത്ക്കരിക്കുന്ന രീതിയിലുള്ളതാണ്. അങ്ങനെ  നീതിയില്ലാത്തതും വന്‍തോതില്‍ നടമാടുന്നതുമായ വനനശീകരണം തന്നെയാണ് ഭൂമിയില്‍ മനുഷ്യന്‍റെ പാരിസ്ഥിതികമായ യാതനകള്‍ക്കും ക്ലേശങ്ങള്‍ക്കും കാരണമായിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു.

വനങ്ങളും വനാന്തരത്തിലെ തദ്ദേശീയരും
വനം തങ്ങളുടെ ഭവനവും ജീവനോപാധിയും, സാംസ്കാരിക പൈതൃകവും, സാമൂഹ്യഘടനയുമായി ആദരിക്കുന്ന തദ്ദേശീയ ജനതയാണ് വനനശീകരണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അധികം അനുഭവിക്കുന്നത്. അതിനാല്‍ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണവും, അതില്‍ വസിക്കുന്ന, പ്രത്യേകിച്ച് അതിന്‍റെ വനാന്തരങ്ങളില്‍ വസിക്കുന്ന സഹോദരങ്ങളുടെ സുരക്ഷയും ഒരുമിച്ചു പോകേണ്ട കാര്യങ്ങളാണ്. ഇതാണ് സമഗ്രപരിസ്ഥിതി പരിപാലനയും, സമഗ്ര മാനവ വികസനവും. സാമൂഹ്യ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വനവും അതിന്‍റെ ഉപായസാധ്യതകളും ഉപയോഗപ്പെടുത്തുമ്പോള്‍ അതില്‍ വസിക്കുകയും അത് ജീവനോപാധിയായി സൂക്ഷിക്കുകയും ചെയ്യുന്ന തദ്ദേശീയരെ ആദരിക്കേണ്ടതാണ്. അവരുടെ ഭാവിയെയും ഭാവി തലമുറയെക്കുറിച്ചും  പൊതുസമൂഹത്തിന്  ഒരു കരുതല്‍ ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിപ്പിച്ചു.

അതിനാല്‍ കാടു സംരക്ഷിക്കാനും, അതിന്‍റെ ഇപ്പോഴത്തെ ഉപയോഗരീതികളെ ക്രമപ്പെടുത്തുവാനുമുള്ള നീക്കങ്ങളില്‍ നീതിനിഷ്ഠയോടെ അവിടെ പാര്‍ക്കുന്ന ജനസമൂഹങ്ങളെയും അവരുടെ അവകാശങ്ങളെയും അന്തസ്സിനെയും മാനിക്കുന്ന തരത്തിലായിരിക്കണമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചു.

ആമസോണ്‍ പ്രവിശ്യയെ കേന്ദ്രീകരിച്ചുള്ള
മെത്രാന്മാരുടെ സിനഡുസമ്മേളനം

ഏതാനും ദിവസങ്ങളില്‍ ഒക്ടോബര്‍ 6-ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനം ആമസോണിയന്‍ പ്രവിശ്യയെ ആധാരമാക്കിയുള്ളതാണ്. മെത്രാന്മാരുടെ മറ്റ് പ്രതിനിധ സംഘങ്ങളുടെയും ചര്‍ച്ചകള്‍ ആമസോണിയിലെ തദ്ദേശ ജനതകളുടെ സഭാപരവും അജപാലനപരവുമായ വെല്ലുവിളികളെ സംബന്ധിച്ചായിരിക്കുമെങ്കിലും, അവരുടെ മാനുഷികവും പാരിസ്ഥിതികവും, സാമൂഹികവും സാമ്പത്തികവുമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സമ്മേളനം കൂലങ്കഷമായി പഠിക്കുന്നതാണ്.

ആമസോണും കോംഗോ ബെയ്സിനും ഏഷ്യയിലെ വനാന്തരങ്ങളും
മേല്പറഞ്ഞ കാര്യങ്ങള്‍ ആ പ്രവിശ്യകളെയും, അവ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളെയും മാത്രമല്ല, മാനവികതയെ ആകമാനം സ്പര്‍ശിക്കുന്ന പ്രശ്നങ്ങളാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി. ആമോസോണ്‍ പ്രവിശ്യപോലെ തന്നെ ആഫ്രിക്കയിലെ കോംഗോ ബെയ്സിന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ കാടുകള്‍ എന്നിവയും, അവയുടെ വിശാലമായ പരിസ്ഥിതിയും ഭീമമായ ജൈവവൈവിധ്യങ്ങളും ഗൗരവകരമായ ഭീഷണി നേരിടുന്നുണ്ടെന്ന വസ്തുതയും പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ പരോളിന്‍ യുഎന്‍ സമ്മേളനത്തെ ധരിപ്പിച്ചു.

 

26 September 2019, 10:06