Cardinal Sergio Obeso Rivera Cardinal Sergio Obeso Rivera 

കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേരാ കാലംചെയ്തു

മെക്സിക്കോയിലെ സാലപ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസോ റിവേരാ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമര്‍ത്ഥനായ അജപാലകന്‍റെ ദേഹവിയോഗം
88-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ആഗസ്റ്റ് 11- Ɔο തിയതി ഞായറാഴ്ചയാണ് ജന്മനാടായ സാലപയില്‍ അന്ത്യം സംഭവിച്ചത്. അന്തിമോപചാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച, ആഗസ്റ്റ് 13- Ɔο തിയതി മദ്ധ്യാഹ്നം 12-മണിത്ത് സാലപാ അതിരൂപതയുടെ ഭദ്രാസനദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു.

അജപാലന സമര്‍പ്പണം
48 വര്‍ഷക്കാലം മെത്രാനായും, 65 വര്‍ഷക്കാലം വൈദികനായും വിശ്വസ്തതയോടെ ജീവിച്ച കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേരാ, മെക്സിക്കോയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായി 3 തവണ സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്. സഭയും രാഷ്ട്രവും തമ്മിലുണ്ടായിട്ടുള്ള തെറ്റിദ്ധാരണകളിലെ സമാധാനദൂതനായും, നാടിന്‍റെ സാമൂഹ്യസമുദ്ധാരകനുമായിരുന്നു കര്‍ദ്ദിനാള്‍ സേര്‍ജോ. തന്‍റെ അജപാലന ശുശ്രൂഷയ്ക്കൊപ്പം, സാമൂഹ്യരംഗത്തും, വൈദികരുടെ രൂപീകരണത്തിലും, ജനക്ഷേമത്തിനുമായി കര്‍ദ്ദിനാള്‍ സേര്‍ജൊ ചെയ്തിട്ടുള്ള സേവനങ്ങള്‍ വളരെ വലുതാണെന്ന് മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.

സഭയിലെ കര്‍ദ്ദിനാളന്മാര്‍
കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേരായുടെ നിര്യാണത്തോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 216 ആയി കുറയുകയാണ്. അതില്‍ 119-പേര്‍ 80 വയസ്സിനു താഴെ പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ (Conclave for the Election of Pontiff) വോട്ടവകാശമുള്ളവരും 97-പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.

ജീവിതരേഖ
1931 ഓക്ടോബര്‍ 31 മെക്സിക്കോയുടെ തെക്കു-കിഴക്കന്‍ നഗരമായ സാലപയിലാണു ജനനം.
സാലപ അതിരൂപതാ സെമിനാരിയിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം
റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി.

വൈദികനും മെത്രാനും
1954 ഒക്ടോബര്‍ 31-ന് പൗരോഹിത്യം സ്വീകരിച്ചു.
തുടര്‍ന്ന് 17 വര്‍ഷക്കാലം സാലപയുടെ വിവിധ ഭാഗങ്ങളില്‍ അജപാലന ശുശ്രൂഷയിലും, അദ്ധ്യാപനത്തിലും വ്യാപൃതനായിരുന്നു.
1971-ല്‍ പപ്പാന്തല രൂപതയുടെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
1974-ല്‍ സാലപയുടെ ‘പിന്‍തുടര്‍ച്ചാവകാശിയായ’ മെത്രാനായി (coadjutor) നിയമിതനായി.
1979-ല്‍ സാലപയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.
ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍
1982-മുതല്‍ 86-വരെയും, 1995-മുതല്‍ 97-വരെയും മൂന്നു തവണ ദേശീയ മെത്രാന്‍ സമിതിയുടെ
പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു.

വിശ്രമജീവിതം
2007-ല്‍ സാലപ അതിരൂപതാ മെത്രാപ്പോലീത്തയായിരിക്കെ 75 വയസ്സ്
പ്രായപരിധിയെത്തി സമര്‍പ്പിച്ച സഭനിയമപ്രകാരമുള്ള സ്ഥാനത്യാഗം
മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ അംഗീകരിച്ചു.

കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക്...
വിശ്രമജീവിതം നയിക്കവെ, അദ്ദേഹത്തിന്‍റെ അജപാലന സമര്‍പ്പണത്തിനും വിശുദ്ധിയുള്ള ജീവിതത്തിനും അംഗീകാരമെന്നോണം, അടുത്തറിയുന്ന പാപ്പാ ഫ്രാന്‍സിസ് 2018-ലെ
കണ്‍സിസ്ട്രിയില്‍ ആര്‍ച്ചുബിഷപ്പ് സേര്‍ജൊ റിവേരയെ കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2019, 18:29