പാപ്പായുടെ അംഗരക്ഷകരും വത്തിക്കാന്‍റെ സുരക്ഷാഭടന്മാരും

നല്ലരൂപീകരണവും പരിശീലനവും നേടിയിട്ടുള്ള സ്വിറ്റ്സര്‍ലണ്ടിലെ യുവസൈനികരാണ് വത്തിക്കാന്‍റെ സ്വിസ്സ് ഗാര്‍ഡുകള്‍.

സ്വിസ്സ് ഗാര്‍ഡുകള്‍ – വത്തിക്കാന്‍റെ സൈന്യം
ഏറ്റവും ചെറുരാജ്യമായ വത്തിക്കാന്‍റെ സൈന്യമാണ് സ്വിസ് ഗാര്‍ഡുകള്‍ (The Swiss Guards or Swiss soldiers)‍. ലോകത്തിലെ ഏറ്റവും ചെറിയ സൈന്യവും ഇവര്‍തന്നെ. സൈന്യത്തിന്‍റെ അംഗസംഖ്യ176 ആണ്. 2006-ല്‍ ഇവരുടെ വത്തിക്കാനിലെ സേവനത്തിന് അഞ്ചു നൂറ്റാണ്ടുകള്‍ തികഞ്ഞു. വിശ്വത്തര കലാകാരന്‍ മൈക്കിളാഞ്ചലോ രൂപകല്പന ചെയ്തതാണ് സ്വിസ്സ് സൈന്യത്തിന്‍റെ യൂണിഫോം. നീലയും ചുവപ്പും സ്വര്‍ണ്ണവും നിറങ്ങള്‍ ഇടകലര്‍ന്ന അപൂര്‍വ്വ വസ്ത്രവിതാനവും കടുംചുവപ്പു പൂവണിഞ്ഞ ലോഹത്തൊപ്പിയും സ്വിസ്സ് സൈന്യത്തിന്‍റെ തനിമയാണ്. നിരായുധരാണ് പാപ്പായുടെ സൈനികര്‍, എങ്കിലും കൈയ്യിലേന്തിയ മുത്തല-വെണ്മഴുവിന്‍റെ കുന്തവും അരയിലണിയുന്ന ചെറുവാളും ഔപചാരികതയുടെ ഭാഗമാണ്. എന്നാല്‍ കായികബലത്തിലും അഭ്യാസത്തിലും ഇവര്‍ മുന്‍പന്തിയിലാണ്. അക്രമികളെ സ്വിസ് ഗാര്‍ഡ്സ് കായിക ബലമുപയോഗിച്ച് കീഴ്പ്പെടുത്തി, ഉപദ്രവിക്കാതെ ഇറ്റാലിയന്‍ പൊലീസിനെ ഏല്പിക്കുകയാണ് പതിവ്. ചിട്ടയോടെ നിശ്ചലരായി വത്തിക്കാന്‍ കവാടങ്ങളില്‍ കാവല്‍നില്ക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ പ്രതിമയാണെന്നു കരുതി കൗതുകത്തോടെ കുട്ടികള്‍ തൊട്ടുനോക്കാറുണ്ട്.

സ്വിസ്സ് ഗാര്‍ഡുകളുടെ പ്രത്യേക രൂപീകരണം
ചിട്ടയും പാരമ്പര്യവുംകൊണ്ട് സ്വിസ് ഗാര്‍ഡുകള്‍ ലോകത്തിലെ ഇതര സൈന്യങ്ങളില്‍നിന്നും വേറിട്ടുനില്കുന്നു. 19-മുതല്‍ 30-വരെ പ്രായപരിധിയിലുള്ള സൈനീകര്‍ സ്വിസ്സ് പൗരന്മാരും കത്തോലിക്കരുമായിരിക്കണം. ജന്മനാടായ സ്വിറ്റ്സര്‍ലണ്ടില്‍ സൈനിക പരിശീലനം നേടിയവരുമായിരിക്കും. വത്തിക്കാനിലെ സേവനകാലമൊക്കെയും ഇവര്‍ അവിവാഹിതരായിരിക്കും. വിശ്വാസബോദ്ധ്യങ്ങളും സഭാസമര്‍പ്പണവും പരിശുദ്ധ പിതാവിനോടുള്ള ഭക്തിയും ഇവരുടെ സവിശേഷ ഗുണങ്ങളാണ്.

സ്വിറ്റ്സര്‍ലണ്ടിലെ യോദ്ധാക്കള്‍
യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വനിരകളിലുള്ള സ്വിറ്റസര്‍ലണ്ടിലെ പൗരന്മാര്‍ വിശ്വസ്തരും ധൈര്യശാലികളും സുമുഖരും ബലിഷ്ഠരും ആയോധനമുറകള്‍ അറിഞ്ഞവരുമായിരുന്നു. യൂറോപ്യന്‍ ചരിത്രത്തിലെ നവോത്ഥാന കാലഘട്ടത്തില്‍ പരസ്പരം കലഹച്ചിരുന്ന ചെറുരാജ്യങ്ങളുടെ സൈന്യങ്ങളില്‍ സ്വിസ്സ് യുവാക്കള്‍ തൊഴിലിനുവേണ്ടി ചേരുന്ന പതിവുണ്ടായിരുന്നു. സ്വിറ്റ്സര്‍ലണ്ടില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഒരു പരിഹാരംകൂടിയായിരുന്നു  യുവാക്കളുടെ ഈ പട്ടാളത്തില്‍ച്ചേരല്‍. 1506-ലാണ് ജൂലിയസ് രണ്ടാമന്‍ പാപ്പാ മാന്യതയ്ക്കും കരബലത്തിനും വിശ്വാസ്യതയ്ക്കും കീര്‍ത്തിപ്പെട്ട സ്വിസ്സ് യുവാക്കളെ വത്തിക്കാന്‍റെ സേവനത്തിനായി ക്ഷണിച്ചത്. അതോടെ സ്വിസ്സ് സൈന്യത്തിന്‍റെ വത്തിക്കാനിലെ ചരിത്രത്തിന് തുടക്കമായി. മറ്റൊരു സംഭവംകൂടി സ്വിസ്സ് സൈന്യത്തിന്‍റെ വത്തിക്കാനിലെ സേവന സാന്നിദ്ധ്യത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.

സ്വിസ് ഗാര്‍ഡിന്‍റെ ചരിത്രം
1527-ല്‍ ഇറ്റലിയുമായി സഖ്യത്തിലായിരുന്ന ഫ്രഞ്ച് സൈന്യം ചേരിതിരിഞ്ഞ് വത്തിക്കാന്‍ ആക്രമിക്കാന്‍ പുറപ്പെട്ട വിവരമറിഞ്ഞ് ക്ലെമന്‍റ് ഏഴാമന്‍ പാപ്പായുടെ സഹായത്തിനെത്തിയത് 176 സ്വിസ്സ് യുവസൈനികരാണ്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് ഫ്രാന്‍സില്‍നിന്നും ആല്‍പ്സ് പര്‍വ്വതനിര താണ്ടിവന്ന ചാള്‍സ് 8-Ɔമന്‍റെ സൈന്യത്തെ സ്വിസ്സ് സൈനികര്‍ നേരിടുകയും ധീരമായി ചെറുത്തുനില്കുകയും ചെയ്തു. എന്നാല്‍ എണ്ണത്തിലും ആയുധബലത്തിലും കരുത്തരായിരുന്ന ഫ്രഞ്ച് സൈന്യം വത്തിക്കാനുവേണ്ടിപ്പോരാടിയ സ്വിസ്സ് സൈന്യത്തെ കീഴ്പ്പെടുത്തി. സുധൈര്യം പോരാടിയ സ്വിസ്സ് സൈന്യത്തിലെ 42 പേരൊഴികെ മറ്റെല്ലാവരും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ മരിച്ചുവീണു. എന്നാല്‍ അവര്‍ പാപ്പായെ രഹസ്യമായി ടൈബര്‍ നദീതിരത്തുള്ള മാലാഖയുടെ കോട്ടയില്‍ (Castel Sant’angelo) സുരക്ഷിതമായെത്തിച്ചു. വത്തിക്കാനില്‍നിന്നും പാപ്പായെ സ്വിസ്സ് സൈനികര്‍ സുരക്ഷയില്‍ എത്തിച്ച ടൈബര്‍ നദീതീരത്തുള്ള കോട്ടയും (castello) ചെറിയ രഹസ്യവഴിയും (Passetto)  ഇന്നും റോമിലെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ദേശിയ സ്മാരകങ്ങളാണ്.

റോം കൊള്ളയടിക്കപ്പെട്ടപ്പോള്‍
വത്തിക്കാന്‍ ചെറുരാജ്യത്തിന്‍റെ ചരിത്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ഔപചാരികതയ്ക്കുമായി സ്വിസ്സ് സൈനികരെ തിരഞ്ഞെടുത്തു നിയോഗിക്കുന്ന പതിവ് ഇന്നും തുടരുന്നു. ‘റോം കവര്‍ച്ച’ Sack of Rome എന്ന അപരനാമത്തില്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ സ്ഥാനംപിടിച്ച ഫ്രഞ്ച് സൈന്യവുമായി പോരാടിയ 176 വീരയോദ്ധാക്കളെ അനുസ്മരിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ സൈന്യശേഷി ഇന്നും 176 ആയി നിലനിറുത്തുന്നത്.

വത്തിക്കാന്‍ സൈന്യത്തിന്‍റെ ഘടനയും രൂപീകരണവും
മൂന്നു കമാണ്ടിങ്ങ് ഓഫീസര്‍മാര്‍, ഒരു മേജര്‍, വിവിധ ഉത്തരവാദിത്തങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്കു പുറമേ സൈനികരുടെ ആത്മീയ കാര്യങ്ങള്‍ക്കായി പാപ്പാ നിയോഗിക്കുന്ന ഒരു വൈദികനും ഈ സൈന്യത്തിന്‍റെ ഭാഗമാണ്. വത്തിക്കാന്‍ രാജ്യത്തിന്‍റെ പരിധിയില്‍ത്തന്നെയാണ് സൈന്യത്തിന്‍റെ താവളം. വത്തിക്കാന്‍ തോട്ടത്തിലുള്ള വിശുദ്ധ ഡമാഷ്യന്‍റെ ചത്വരം സൈന്യത്തിന്‍റെ അനുദിന പരേഡിനും പരിശീലനത്തിനുമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ നല്ല ജിം, കളിക്കളങ്ങള്‍, സ്പോര്‍ട്സ് എന്നിവയും വത്തിക്കാന്‍റെ സൈന്യത്തിനു ലഭ്യമാണ്. സംഗീതത്തില്‍ പ്രാവീണ്യവും പരിശീലനവും നേടിയിട്ടുള്ളവര്‍ സൈന്ന്യത്തിന്‍റെ ഔദ്യോഗിക ബാന്‍‍ഡിന്‍റെ ഭാഗമായിരിക്കും. അവധിദിനങ്ങളില്‍ യാത്രകളും സന്ദര്‍ശനങ്ങളും സ്വിസ്സ് സൈനികര്‍ നടത്തുകയും മനസ്സിനെയും ശരീരത്തെയും ഒരുപോലെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു.

 അംഗരക്ഷകരും  കാവല്‍ക്കാരും
പാപ്പായുടെ അംഗരക്ഷകര്‍ എന്ന സവിശേഷ സംജ്ഞയാണ് ഈ സൈന്യത്തിനുള്ളത്. എങ്കിലും 110 ഏക്കര്‍ വിസ്തൃതിയുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ വിവിധ പ്രവേശന കവാടങ്ങളുടെ സംരക്ഷണം, ചരിത്ര പ്രാധാന്യമുള്ള സിസ്റ്റൈന്‍ കപ്പേള, പത്രോസിന്‍റെ ബസിലിക്കാ, ബസിലിക്കയുടെ ചത്വരം, വത്തിക്കാന്‍ മ്യൂസിയം, തോട്ടം, ബാങ്ക്, പോസ്റ്റോഫിസ്, തീര്‍ത്ഥാടകരുടെ ക്രമീകരണം എന്നിവയെല്ലാം രാപകലില്ലാതെ സ്വിസ്സ് സൈന്യം നിര്‍വ്വഹിക്കുന്നു.
1929-ല്‍ വത്തിക്കാനും ഇറ്റലിയും തമ്മിലുണ്ടായ ലാറ്ററന്‍ ഉടമ്പടിക്കുശേഷം (Lateran Treaty) പാപ്പായുടെയും വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെയും സുരക്ഷാക്രമീകരണങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സ്വിസ്സ് സൈനീകര്‍ക്ക് ഇറ്റാലിയന്‍ പോലീസിന്‍റെയും സൈന്യത്തിന്‍റെയും സഹായവും ലഭിക്കുന്നുണ്ട്. ഇന്നും വത്തിക്കാന്‍റെ പ്രവേശന കവാടങ്ങളില്‍ നില്ക്കുന്ന സ്വിസ്സ് സൈനികരോടു ചേര്‍ന്ന് ഇറ്റലിയുടെ സുരക്ഷാഭടന്മാരും വത്തിക്കാനില്‍ സേവനംചെയ്യുന്നുണ്ട്. വത്തിക്കാന്‍ ഭിത്തികള്‍ക്കുള്ളില്‍ ഒരാള്‍ക്ക് പ്രവേശിക്കണമെങ്കില്‍ സ്വിസ്സ് ഗാര്‍ഡിന്‍റെ അനുമതി വാങ്ങിയാലും ഇറ്റാലിയന്‍ ചെക്ക് പോസ്റ്റ്കൂടെ കടക്കേണ്ടതുണ്ട്.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2019, 16:26