Conductor of Vatican's Sistine Chapel Choir, Monsignor Marcos Pavan Conductor of Vatican's Sistine Chapel Choir, Monsignor Marcos Pavan 

സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തെ മര്‍ക്കോസ് പവാന്‍ നയിക്കും

ബ്രസീലിലെ സാവോ പാവളോയില്‍നിന്നുമുള്ള സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ മര്‍ക്കോസ് പവാന്‍ വത്തിക്കാന്‍റെ ഗായകസംഘത്തെ നയിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനം
ജൂലൈ 10-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് നടത്തിയ നിയമനത്തിലൂടെയാണ് ഏറെ പുരാതനവും ലോകപ്രശസ്തി നേടിയിട്ടുള്ളതുമായ സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തെ ബ്രസീല്‍ സ്വദേശിയും 47 വയസ്സുകാരനുമായ മോണ്‍സീഞ്ഞോര്‍ മര്‍ക്കോസ് പവാന്‍സ് നയിക്കുവാന്‍ പോകുന്നത്.
1998-മുതല്‍ സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തിന്‍റെ കുട്ടികളുടെ വിഭാഗം പരിശീലകനായി
സേവനംചെയ്യവെയാണ് പാപ്പായുടെ നിയമനമുണ്ടായത്. ജന്മനാട്ടിലും വത്തിക്കാനിലും ഗായകസംഘങ്ങളെ പരിശീലിപ്പിച്ച പരിചയ സമ്പത്തും, നല്ല സംഗീതജ്ഞാനവും കൈമുതലായുള്ള മോണ്‍സീഞ്ഞോര്‍ പവാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനം വിനയാന്വിതനായി സ്വീകരിക്കുന്നുവെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.

സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തിന്‍റ മൊത്തം പരിശീലകനും 'കണ്ടക്ടറു'മായിരുന്ന സലീഷ്യന്‍ വൈദികന്‍, മോണ്‍. മാസ്സിമോ പളംമ്പേലാ വിരമിച്ചതോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനമുണ്ടായത്.

പരിചയസമ്പന്നനായ മോണ്‍സീഞ്ഞോര്‍ പവാന്‍
ബ്രസീലിലെ സാവൊ പാവളോ സ്വദേശിയാണ് മോണ്‍സീഞ്ഞോര്‍ മര്‍ക്കോസ് പവാന്‍. ജന്മനാട്ടിലെ സാവോ പാവളോ യൂണിവേഴ്സിറ്റിയില്‍നിന്നും നിയമത്തില്‍ ബിരുദം കരസ്ഥമാക്കിയ പവാന്‍, പൗരോഹിത്യത്തിലേയ്ക്കുള്ള വിളി ഉള്‍ക്കൊണ്ട് സാവോ പാവളോ അതിരൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു. 1996-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഗ്രിഗോരിയന്‍ സംഗീതത്തിലും ഗാനാലാപനത്തിലും ഉന്നതബിരുദം ബ്രസീലിലെ സാവോ പാവോളോ യൂണിവേഴ്സിറ്റിയില്‍നിന്നും കരസ്ഥമാക്കി. തുടര്‍ന്ന് ഫ്രാന്‍സിലെ സൊളേം ബെനഡിക്ടൈന്‍ ആബിയില്‍ ഗ്രിഗോരിയന്‍ സംഗീതപരിശീലനം നടത്തി. ഗായകസംഘങ്ങള്‍ക്ക് നേതൃത്വം നല്കാനുള്ള പ്രത്യേക പഠനം നടത്തിയത് ലണ്ടനിലെ ദേശീയ സംഗീത അക്കാഡമിയിലാണ് (National College of Music and Arts, London). റോമിലെ സെന്‍റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടോളം വത്തിക്കാന്‍റെ ആരാധനക്രമ ശുശ്രൂഷകന്‍
1998-ല്‍ സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ കുട്ടികളുടെ വിഭാഗത്തിന്‍റെ (Pueri Cantores) പരിശീലകനായി മോണ്‍സീഞ്ഞോര്‍ പാവാനെ നിയമിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്. 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമനാണ് അദ്ദേഹത്തിന്‍റെ സഭാസേവനവും, സംഗീതപരിജ്ഞാനവും സമര്‍പ്പണവും കണക്കിലെടുത്താണ് മോണ്‍സീഞ്ഞോര്‍ പദവി നല്കിയത്. 2013-മുതല്‍ വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തോടു സഹകരിച്ചുകൊണ്ട് പേപ്പല്‍ ആരാധനക്രമകാര്യങ്ങളുടെ ഒരുക്കള്‍ക്കുള്ള സഹകാരിയായും മോണ്‍. മര്‍ക്കോസ് പവാന്‍ പ്രവര്‍ത്തിച്ചുപോരുകയാണ്. 2015-ല്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ ഭരണസഖ്യത്തില്‍ കാലപരിധികൂടാതെ പിന്‍തുടര്‍ച്ചാവകാശമുള്ള സ്ഥാനം മോണ്‍സീഞ്ഞോര്‍ പവാനു പാപ്പാ ഫ്രാന്‍സിസ് നല്കുകയുണ്ടായി.

സംഗീതസൃഷ്ടികളിലും നൈപുണ്യം
വത്തിക്കാനില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം ഇറ്റലിയുടെ ‘റായി’ ടെലിവിഷന്‍, സെന്‍റ് പോള്‍സ് കമ്യൂണിക്കേഷന്‍സ്, സോണി ജര്‍മ്മനി എന്നീ കമ്പനികളുടെ സംഗീതസൃഷ്ടികളില്‍ പങ്കുചേരുകയും കൂടിപ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റോമിലെ “ഓപെരാ ഹൗസി”ലെ (Opera House of Rome) കുട്ടികളുടെ ഗായകസംഘവുമായും 2000-Ɔമാണ്ടു ജൂബിലിവര്‍ഷം മുതല്‍ മോണ്‍സീഞ്ഞോര്‍ പവാന്‍ സഹകരിച്ചുപോരുന്നു.

സിസ്റ്റൈന്‍ കപ്പേള ഗായക സംഘം
ലോകത്തെ പഴക്കമുള്ളതും ഏറെ സംഘടിതവും ശാസ്ത്രീയവുമായ പരിശീലനങ്ങള്‍ ലഭിക്കുന്നതുമായ ഗായകസംഘങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍റേത് (Sistine Chapel Choir). 1471-ല്‍ സ്ഥാപിതമാണ്. സാധാരണ ഗതിയില്‍ പ്രായപൂര്‍ത്തിയായ 20 പേരും, 30 കുട്ടികളുമാണ് ഇതിലെ ആകെ ഗായകര്‍. കുട്ടികളില്‍ കഴിവുള്ളവരെ റോമാരൂപതയിലെ ഇടവകകളില്‍നിന്നും തിരഞ്ഞെടുത്ത് അവര്‍ക്ക് സൗജന്യപരിശീലനം നല്കുകയും, സാവധാനം അവര്‍ പ്രായപൂര്‍ത്തി എത്തിയവരുടെ ഗണത്തിലേയ്ക്കു ചേരുകയുമാണ് പതിവ്. 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2019, 17:06