Archbishop Bernadito Auza in the UN Headquarters in New York Archbishop Bernadito Auza in the UN Headquarters in New York 

സിറിയയുടെ അടിയന്തിരാവസ്ഥ : യുഎന്നില്‍ വത്തിക്കാന്‍റെ ഖേദപ്രകടനം

മദ്ധ്യപൂര്‍വ്വദേശം, പലസ്തീന എന്നീ പ്രദേശങ്ങളുടെ മാനവികാവസ്ഥയെക്കുറിച്ചു യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ചര്‍ച്ചാസമ്മേളനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാനവിക അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച
സിറിയയിലെ മാനവിക ചുറ്റുപാടുകളെക്കുറിച്ച് പ്രസിഡന്‍റ്, ബാഷാര്‍ അല്‍-ആസാറിന് എഴുതിയ കത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ആശങ്ക രേഖപ്പെടുത്തിയത് യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ വെളിപ്പെടുത്തി.

പാപ്പായുടെ കത്തിനെക്കുറിച്ചുള്ള പരാമര്‍ശനം
ജൂലൈ 22-നാണ് സിറിയന്‍ പ്രസിഡന്‍റിന് ബാഷാര്‍ അല്‍-അസാറിന് പാപ്പാ കത്തയച്ചത്. മദ്ധ്യപൂര്‍വ്വദേശം, പലസ്തീന എന്നീ പ്രദേശങ്ങളുടെ അടിയന്തിര മാനവികാവസ്ഥയെക്കുറിച്ചു ജൂലൈ 23-ന് നടന്ന യുഎന്നിന്‍റെ ചര്‍ച്ചാ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു വ്യക്തമാക്കി. സിറിയയിലെ മാനവിക അടിയന്തിരാവസ്ഥയും ഇദ്ലീബിലെ ജനങ്ങള്‍ നേരിടുന്ന ക്രൂരതയുടെ നാടകീയ രംഗങ്ങളും സിറിയന്‍ പ്രസിഡന്‍റിന് അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നതായി ആര്‍ച്ചുബിഷപ്പ് ഔസോ പ്രസ്താവനയില്‍ എടുത്തു പറഞ്ഞു. രാജ്യാന്തര മാനവിക നിയമങ്ങള്‍ പാലിക്കുകയും അവ സംരക്ഷിക്കപ്പെടുകയും വേണമെന്നും കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചതായി അദ്ദേഹം പ്രസ്താവിച്ചു.

ഗാസാ-വെസ്റ്റ് ബാങ്ക് സംഘര്‍ഷാവസ്ഥ
ഗാസായിലും വെസ്റ്റ് ബാങ്കിലും തുടരുന്ന അതിക്രമങ്ങള്‍ അപകടകരമായ അവസ്ഥയിലേയ്ക്ക് ഉയരുകയാണെന്നും, അത് അവസാനം നിര്‍ദ്ദോഷികളായ മനുഷ്യരുടെ ജീവനഷ്ടത്തിലാണു പരിയവസാനിക്കുന്നതെന്ന്, മദ്ധ്യപൂര്‍വ്വദേശത്തെയും പലസ്ഥീനയെയും സംബന്ധിച്ചു യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന ചര്‍ച്ചാസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ വിശദീകരിച്ചു. അറിയപ്പെട്ട ഈ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയെ അവഗണിക്കാതെ, ഈ മേഖലയില്‍ നടമാടുന്ന ആയുധവിപണനവും, വെടിവെയ്പും നിര്‍ത്തലാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ യുഎന്‍ രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങള്‍
ഗാസ - വെസ്റ്റ് ബാങ്ക് അതിര്‍ത്തികളില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയോ, തുടരുന്ന അതിക്രമങ്ങളോ  സ്വതന്ത്രവും വ്യത്യസ്ഥവുമായ രണ്ടു രാഷ്ട്രങ്ങളുടെ സംസ്ഥാപനത്തിനുള്ള രാജ്യാന്തര സമൂഹത്തിന്‍റെ നിഗമനങ്ങള്‍ക്ക് തടസ്സമാകാതെയും, തീരുമാനങ്ങള്‍ ഇനിയും വൈകാതെയും നടപ്പിലാക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2019, 09:36