തിരയുക

Vatican News
The Choral group of the Sistine Chapel The Choral group of the Sistine Chapel 

സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തില്‍ വന്ന മാറ്റങ്ങള്‍

വത്തിക്കാന്‍റെ പുരാതനമായ ഗായകസംഘത്തില്‍ പാപ്പാ ഫ്രാന്‍സിസ് സ്വാധികാരത്തില്‍ അഴിച്ചുപണികള്‍ നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ ഗാനങ്ങള്‍

(സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ വളരെ സുപരിചിതമായ ഗ്രിഗോരിയന്‍ ആരാധനക്രമഗീതങ്ങളുടെ 10 മിനിറ്റു ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് ഇവിടെ ചേര്‍ത്തിരിക്കുന്ന്.
2019 ജൂണ്‍ 29-ന് വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആലപിച്ചതാണിവ, live recording unedited version). 

1. പരിശീലകന്‍ മോണ്‍സീഞ്ഞോര്‍ പളൊംമ്പേല വിരമിച്ചു
സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ പരിശീലകനും കണ്ടക്ടറുമായ മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളൊംമ്പേലാ വിരമിച്ചു. ഒന്‍പതു വര്‍ഷക്കാലത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന സലീഷ്യന്‍ സഭാംഗമായ മോണ്‍സീഞ്ഞോര്‍ പളംബേലാ താന്‍ ഭാഗമായ സന്ന്യാസ സമൂഹത്തിലേയ്ക്കു തിരികെപ്പോയി പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുകയാണെന്നും ജൂലൈ 10- Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയം പുറത്തുവിട്ട പ്രസ്താവന അറിയിച്ചു.

2. പുതിയ പരിശീലകനും നായകനും
മോണ്‍സീഞ്ഞോര്‍ മാര്‍ക്കോസ് പവാന്‍

ഗായകസംഘത്തിലെ ആണ്‍കുട്ടികളുടെ ഗ്രൂപ്പിന്‍റെ (Pueri Cantores) ഇപ്പോഴത്തെ പരിശിലകന്‍ മോണ്‍സീഞ്ഞോര്‍ മാര്‍ക്കോസ് പവാന്‍ തല്‍സ്ഥാനത്ത് സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തെ നയിക്കുമെന്ന് ആരാധാനക്രമ കാര്യാലയത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.
ഗായകസംഘം ആരാധനക്രമ കാര്യാലയത്തിന്‍റെ മേല്‍നോട്ടത്തില്‍  സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ ഭരണകാര്യങ്ങളും മറ്റു ചുറ്റുവട്ടങ്ങളും ആരാധനക്രമ കാര്യാലയത്തിന്‍റെ കീഴില്‍ പാപ്പാ ഫ്രാന്‍സിസ് കൊണ്ടുവന്നത് 2019 ജനുവരി 17-നു പുറപ്പെടുവിച്ച സ്വാധികാര പ്രഖ്യാപനത്തിലൂടെയാണ് (motu proprio). ഇത്രയും കാലം അത് പേപ്പല്‍ വസതിയുടെ കീഴിലായിരുന്നു. കൂടാതെ ഗായക സംഘത്തിന്‍റെ പണമിടപാടുകള്‍ക്കായി “മാത്തര്‍ ദേയി” പൊന്തിഫിക്കല്‍ കമ്മിഷന്‍റെ (Pontifical Commission Mater Dei) സെക്രട്ടറിയായിരുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ പൊസ്സോയെ നിയോഗിക്കുകയും ചെയ്തു.

3. സിസ്റ്റൈന്‍ കപ്പേള ഗായക സംഘം
ലോകത്തെ പഴക്കമുള്ളതും ഏറെ സംഘടിതവും ശാസ്ത്രീയവുമായ പരിശീലനങ്ങള്‍ ലഭിക്കുന്നതുമായ ഗായകസംഘങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍റേത് (Sistine Chapel Choir). 1471-ല്‍ സ്ഥാപിതമാണ്. സാധാരണ ഗതിയില്‍ പ്രായപൂര്‍ത്തിയായ 20 പേരും, 30 കുട്ടികളുമാണ് ഇതിലെ ആകെ ഗായകര്‍. കുട്ടികളില്‍ കഴിവുള്ളവരെ റോമാരൂപതയിലെ ഇടവകകളില്‍നിന്നും തിരഞ്ഞെടുത്ത് അവര്‍ക്ക് സൗജന്യപരിശീലനം നല്കുകയും, സാവധാനം അവര്‍ പ്രായപൂര്‍ത്തി എത്തിയവരുടെ ഗണത്തിലേയ്ക്കു ചേരുകയുമാണ് പതിവ്.

4. മാതൃകയാക്കാവുന്ന ചില കാര്യങ്ങള്‍
ഇവര്‍ ഒരിക്കലും മൈക്രോഫോണ്‍ കൈയ്യില്‍പ്പിടിച്ചോ വായില്‍വച്ചോ പാടുന്നില്ല, അവ 'സ്റ്റാന്‍റി'ല്‍ സ്ഥാപിതമാണ്. എല്ലാവരും ചേര്‍ന്നും, സ്വരങ്ങള്‍ ചേര്‍പ്പിച്ചും (ensemble) ജനങ്ങള്‍ക്ക് അറിയാവുന്ന ആരാധനക്രമ ഗാനങ്ങള്‍ അവര്‍ക്കൊപ്പം പാടുന്നു. ഗാനങ്ങളുടെ വാക്കുകളും സംഗീതരൂപവും ഗായകര്‍ക്കെന്നപോലെ ജനങ്ങള്‍ക്കും ലഭ്യമാണ്. ഓര്‍ഗന്‍റെ അകമ്പടി മാത്രാണ് സാധാരണ ഗതിയില്‍ പേപ്പല്‍ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വാദ്യഘോഷങ്ങള്‍ ഉപയോഗിക്കുന്നില്ല. അതിവിശിഷ്ടമായ ആരാധനക്രമ പരിപാടികള്‍ക്ക് വയലിന്‍, വിയോള, ചേലോ തുടങ്ങിയ കമ്പിവാദ്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. വിശേഷാവസരങ്ങളില്‍ റോമാ രൂപതയുടെ 200 അംഗ ഗായകസംഘം വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തോടു ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുന്ന പതിവുമുണ്ട്. പാശ്ചാത്യ സംഗീത പാരമ്പര്യത്തില്‍ ബഹുസ്വന (polyphonic) സംഗീതശൈലിയാണ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെപോലെതന്നെ വത്തിക്കാനിലും ഉപയോഗിക്കുന്നത്. ഗായകസംഘത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും സംഗീതലിപികള്‍ എഴുതുവാനും വായിക്കുവാനുമുള്ള പരിജ്ഞാനമുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
 

12 July 2019, 09:16