തിരയുക

season of Creation season of Creation 

ഭൂമി സംരക്ഷിക്കാന്‍ ഒരുമയോടെ പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം!

“ഭൂമിയില്‍ മനുഷ്യരോടും സൃഷ്ടിജാലങ്ങളോടും കൂട്ടായ്മയില്‍ ജീവിക്കുന്നതാണ് ആത്മീയത! അതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കാം, ഒത്തൊരുമിച്ചു പരിശ്രമിക്കാം!” – പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിരിക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രാര്‍ത്ഥനാദിനങ്ങളെക്കുറിച്ച് അദ്ധ്യാപികയും ഗായികയുമായ ഡാവിന ഹാരി നല്കുന്ന വിവരണം. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ പരിപാടിയില്‍ സഹകരിച്ച ഡാവിനയ്ക്കും ഹാരിക്കും നന്ദി!

ഭൂമിയുടെ വസന്തം - പ്രാര്‍ത്ഥനാദിനങ്ങള്‍ 2019

 

1 തദ്ദേശജനതകളെ സംബന്ധിച്ച സിനഡും
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനങ്ങളും
ലൗദാത്തോ സീ (Laudato Si’), - അങ്ങേയ്ക്കു സ്തുതി! എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ചാക്രിക ലേഖനത്തിന്‍റെ പ്രകാശനത്തെ തുടര്‍ന്ന് ലഭിച്ച പ്രതികരണങ്ങളില്‍ ഒന്നാണ് പാരിസ്ഥിതിക സുസ്ഥിതിക്കുവേണ്ടിയുള്ള ഒരുമാസത്തോളം നീളുന്ന പ്രാര്‍ത്ഥനാദിനങ്ങള്‍. ഈ വര്‍ഷവും 2019 സെപ്തംബര്‍ 1- സഭയുടെ പരിസ്ഥിതിദിനം മുതല്‍ ഒക്ടോബര്‍ 4, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍വരെ പാരിസ്ഥിതിക പ്രാര്‍ത്ഥനാദിനങ്ങള്‍ സഭയില്‍ ആചരിക്കും. ആഗോള കാലാവസ്ഥ വ്യതിയാനത്തെ സാരമായി ബാധിക്കുന്ന ആമസോണിയന്‍ ഭൂപ്രദേശത്തിന്‍റെയും അവിടത്തെ തദ്ദേശജനതകളുടെയും പ്രതിസന്ധികളെ കേന്ദ്രീകരിച്ചുള്ള ആസന്നമാകുന്ന സിനഡു സമ്മേളനത്തിന് ഒരുക്കമാണ് “സൃഷ്ടിയുടെ വസന്തം” എന്നു പ്രത്യേകം ശീര്‍ഷകം ചെയ്തിരിക്കുന്ന ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനങ്ങള്‍. തദ്ദേശജനതകളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനം ഒക്ടോബര്‍ 3-ന് ആരംഭിച്ച് 27-ന് സമാപിക്കും. ആഗോളസഭ ഇതര ക്രൈസ്തവസഭകളോടും, സാധിക്കുന്നിടത്തോളം ഇതര മതസമൂഹങ്ങളോടും കൈകോര്‍ത്താണ് ഇത്തവണ സൃഷ്ടിയുടെ വസന്തം പരിപാടി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

2 പ്രപഞ്ചത്തോടു ചേര്‍ന്നിരിക്കുന്ന മനുഷ്യന്‍റെ ആത്മീയത
മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങള്‍ മറികടക്കുന്നതില്‍ ക്രൈസ്തവര്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. പ്രകൃതി പരിപാലനയുടെ പാഠങ്ങള്‍ ക്രിസ്തീയ പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും ഉള്‍ക്കൊള്ളാവുന്നതാണ്. എന്തെന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, "ഭൗതിക ജീവനില്‍നിന്നോ, ചുറ്റുമുള്ള പ്രകൃതിയില്‍നിന്നോ സൃഷ്ടികളില്‍നിന്നോ വേറിട്ടു നില്ക്കാനാവില്ല. കാരണം മനുഷ്യന്‍റെ ആത്മീയ ജീവന്‍ പ്രപഞ്ചത്തിലും അതിനോടൊപ്പവും കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ്” (അങ്ങേയ്ക്കു സ്തുതി, 216). ‌അതിനാല്‍ ഇന്നി‍ന്‍റെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ എല്ലാവരെയും ആഴമായ ആത്മീയ പരിവര്‍ത്തനങ്ങള്‍ക്ക് ക്ഷണിക്കുന്നുണ്ട്. ചുറ്റുമുള്ള ലോകത്തും സഹോദരങ്ങളോടുള്ള ബന്ധത്തിലും ക്രിസ്തുവുമായുള്ള ഐക്യത്തിന്‍റെ സദ്ഫലങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ക്രൈസ്തവരെ സംബന്ധിച്ച് പാരിസ്ഥിതിക ആത്മീയ പരിവര്‍‍ത്തനം (217). വിശ്വാസി എന്ന നിലയില്‍ “സൃഷ്ടിയുടെ സംരക്ഷകര്‍” എന്ന പ്രത്യേക വിളി സ്വീകരിച്ചിട്ടുള്ളവരാണ് ക്രൈസ്തവര്‍. അങ്ങനെ വ്യക്തിഗതമായും സമൂഹികമായും പാരിസ്ഥിതിക ആത്മീയ അവബോധത്തിലും പരിവര്‍ത്തനത്തിലും പങ്കുചേരുവാനുള്ള സവിശേഷമായ ക്ഷണമാണ് ‘പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനങ്ങളും സൃഷ്ടിയുടെ വസന്തം പരിപാടിയും’.

3 “ഭൂമി പൊതുഭവന”മാണെന്ന അവബോധം വളര്‍ത്താം
നമ്മുടെ ഉപയോഗത്തിനും സംരക്ഷണയ്ക്കും ദൈവം ഭരമേല്പിച്ച സൃഷ്ടിയായ ഭൂമി ഒരു പൊതുഭവനമാണ്. ഇത് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ചാക്രികലേഖനത്തില്‍ ശക്തമായി പഠിപ്പിക്കുന്ന ആശയമാണ്. അതിനാല്‍ നാം ഈ ഭൂമിയില്‍ ദൈവത്തോടു നന്ദിയുള്ളവരായി ജീവിക്കണം. മാത്രമല്ല, നാം ജീവിക്കുന്ന ചുറ്റുപാടുമുള്ള ലോകത്തിന്‍റെ നശീകരണത്തിലും അതിനെ മലീമസമാക്കുന്ന പ്രക്രിയയിലും ചിലപ്പോഴെങ്കിലും നാം പങ്കുചേര്‍ന്നിട്ടുണ്ടെങ്കില്‍, ആ അവസരങ്ങള്‍ക്ക് ദൈവത്തിന്‍റെ കാരുണ്യവും മാപ്പും യാചിക്കുന്നതിനുള്ള ദിവസവുമാവട്ടെ “സൃഷ്ടിയുടെ വസന്തദിനങ്ങള്‍!” ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നം എവിടെയും ആര്‍ക്കും ഒന്നുതന്നെയാണ്. പാരിസ്ഥിതിക പ്രശ്നത്തിലും, അതുമായ ബന്ധപ്പെട്ട മനുഷ്യന്‍റെ യാതനകളിലും ജാതിയുടെയോ, വര്‍ണ്ണത്തിന്‍റെയോ വര്‍ഗ്ഗത്തിന്‍റെയോ വകഭേദങ്ങള്‍ കാണേണ്ടതില്ല.   എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സഭാ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ - ദേശീയ, പ്രാദേശിക, ഇടവക സമൂഹങ്ങളില്‍ - ഈ ദിവസങ്ങള്‍ പ്രാവര്‍ത്തികവും ഫലവത്തുമാക്കാന്‍ പരിശ്രമിക്കേണ്ടതാണ്. അതുപോലെ സന്നദ്ധ സംഘടനകളോടും ഇതര സാമൂഹ്യ പ്രസ്ഥാനങ്ങളോടും, കുടുംബക്കൂട്ടായ്മകളോടും പ്രകൃതിയുമായി ബന്ധപ്പെട്ടു പ്രവൃത്തിക്കുന്ന എല്ലാ തൊഴില്‍ സംവിധാനങ്ങളോടും സൃഷ്ടിയുടെ സംരക്ഷണത്തില്‍ പങ്കുചേരുമാറ് “സൃഷ്ടിയുടെ വസന്തം” പ്രാര്‍ത്ഥനാപൂര്‍വ്വം വിരിയിക്കാം.

4 പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍
2019 സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ആറു ഭൂഖണ്ഡങ്ങളിലും ഈ പാരിസ്ഥിതിക സംരക്ഷണ പരിപാടി ക്രൈസ്തവര്‍ ഒരുമയോടെ ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുണ്ട്. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്‍റെയും ഒരു മാസം ആചരിക്കുന്നതാണ് “സൃഷ്ടിയുടെ വസന്തം” (The Season of Creation) പരിപാടി. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും പരിസ്ഥിതി സംരക്ഷിക്കാനുള്ള ഈ ശ്രമം വിജയിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ ഐക്യത്തോടെ കൈകോര്‍ത്ത് പരിശ്രമിക്കുന്നതാകട്ടെ മനുഷ്യകുലത്തിന്‍റെ പൊതുനന്മയ്ക്കായുള്ള ഒരുമാസം നീളുന്ന ഈ പദ്ധതി.

5 സൃഷ്ടിയുടെ വസന്തം എങ്ങനെ പ്രായോഗികമാക്കാം?
ഇടവകകളും സ്ഥാപനങ്ങളും, സന്ന്യാസസമൂഹങ്ങളും പ്രസ്ഥാനങ്ങളും, ഓറട്ടറികളും യുവജന പ്രസ്ഥാനങ്ങളും ഭക്തസംഘടനകളും, കുടുംബപ്രസ്ഥാനങ്ങളും അജപാലന സമൂഹങ്ങളോടു ചേര്‍ന്ന് ഈ ഒരുമാസക്കാലം പരിസ്ഥിതി സംരക്ഷിക്കാനും, അതുമെച്ചപ്പെടുത്തി എടുക്കാനുമുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുമെന്നതാണ് “സൃഷ്ടിയുടെ വസന്തം” പദ്ധതി.
ഇടവകകളുടെയും രൂപതാസംവിധാനങ്ങളുടെയും വാര്‍ഷിക കാര്യക്രമത്തില്‍ ഈ പരിപാടി ഉള്‍ച്ചേര്‍ത്തും, ഇതര ക്രൈസ്തവസഭാ സമൂഹങ്ങളോടു സാഹോദര്യത്തില്‍ കൈകോര്‍ത്തും, സാധിക്കുന്നിടങ്ങളില്‍ അജപാലന പരിസരത്തുള്ള ഇതരമതസ്ഥരായ സഹോദരങ്ങളോടു ഒത്തുചേര്‍ന്നും പരിസ്ഥിതി സംരക്ഷിക്കാനും, അങ്ങനെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തോട് കാതോര്‍ക്കാം! “സൃഷ്ടിയെ ആദരിക്കുന്നവര്‍ സ്രഷ്ടാവിനെയും ആദരിക്കുന്നു! ഇത് പാപ്പാ ഫ്രാന്‍സിന്‍റെ പ്രസ്താവമാണ്. നമുക്കൊരുമിച്ച് സൃഷ്ടിയുടെ വസന്തം ആഘോഷിക്കാം!”
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2019, 15:35