തിരയുക

 cardinale Elio Sgreccia, former vice-president of Pontifical Academy for Life cardinale Elio Sgreccia, former vice-president of Pontifical Academy for Life 

കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേച കാലംചെയ്തു

പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ മുന്‍ വൈസ്-പ്രസിഡന്‍റായിരുന്നു ഇറ്റലിക്കാരനായ അന്തരിച്ച കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേച. പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു.

ജൂണ്‍ 5-Ɔο തിയതി ബുധനാഴ്ചയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ സ്ഗ്രേച 90-Ɔമത്തെ വയസ്സില്‍ കാലംചെയ്തത്.

ജീവനുവേണ്ടി സ്തുത്യര്‍ഹമായ സേവനം
പരേതന്‍റെ അനന്തരവള്‍, പ്രഫസര്‍ പാല്‍മാ സ്ഗ്രേചയ്ക്കാണ് പാപ്പാ അനുശോചനക്കത്ത് അയച്ചത്. കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും തന്‍റെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച പാപ്പാ, ജീവന്‍റെ അടിസ്ഥാനമൂല്യം സംരക്ഷിക്കുന്നതിലും, അത് പ്രബോധിപ്പിക്കുന്നതിലും, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Ponifical Science Academy) വൈസ്-പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങളും സ്തുത്യര്‍‍ഹമെന്ന് വിശേഷിപ്പിച്ചു.

ജൈവധാര്‍മ്മികതയില്‍ വൈദഗ്ദ്ധ്യം
ജൈവധാര്‍‍മ്മികതയെക്കുറിച്ചുള്ള പഠനം, ഈ വിഷയത്തെ അധികരിച്ചുള്ള അദ്ധ്യാപനം, സുവിശേഷവത്ക്കരണം എന്നിവ അന്തരിച്ച കര്‍ദ്ദിനാള്‍ സ്ഗ്രേചയുടെ തനിമയാര്‍ന്ന സംഭാവനകളാണെന്ന് പാപ്പാ സന്ദേശത്തില്‍ വിശദീകരിച്ചു. സുവിശേഷ ജോലി ഏറെ സന്തോഷത്തോടും സമര്‍പ്പണത്തോടുംകൂടെ നിര്‍വ്വഹിച്ച ക്രിസ്തുവിന്‍റെ ഈ വിശ്വസ്തദാസന്‍, ദൈവസന്നിധിയില്‍ നിത്യസൗഭാഗ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു. ഈ നല്ല സഭാശുശ്രൂഷകന്‍റെ ആത്മാവ് ദൈവസന്നിധിയില്‍ കൃപകണ്ടെത്തട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ അനുശോചന സന്ദേശം ഉപസംഹരിച്ചത്.

കര്‍ദ്ദിനാള്‍ സ്ഗ്രേചയുടെ ജീവിതം
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭീതിദമായ അന്തരീക്ഷത്തില്‍ മദ്ധ്യഇറ്റലിയിലെ നെദാസ്കോറയില്‍ (Nedascore) ജനിച്ച ഏലിയോ സ്ഗ്രേച, യുദ്ധാനന്തരം സ്ഥലത്തെ രൂപതാ സെമിനാര്‍ ചേര്‍ന്നു പഠിച്ചു. 1952-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആദ്യം, കത്തോലിക്കാ പ്രവര്‍ത്തകരുടെ സംഘടന Catholic action ന്‍റെ ആത്മീയ നിയന്താവായി സേവനംചെയ്തു.

റോമാനഗരത്തിലേയ്ക്കൊരു കുടിയേറ്റം
1972 റോമിലെ സാക്രാ ക്വോരെ യൂണിവേഴ്സിറ്റിയില്‍ ജൈവധാര്‍മ്മിക വിഭാഗത്തില്‍ ഡയറക്ടറും അദ്ധ്യാപകനുമായി നിയമിക്കപ്പെട്ടു. 1990-2006 കാലയളവില്‍ ഇറ്റാലിയന്‍ ദേശീയ ജൈവധാര്‍മ്മികതയ്ക്കുള്ള കമ്മിറ്റിയുടെ അംഗമായി. 1992-ല്‍ സാമാ രൂപതയുടെ മെത്രാനായും, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സെക്രട്ടറിയായും  നിയമിതനായി.
1993 ജീവന്‍റെ ധാര്‍മ്മികതയെക്കുറിച്ചുള്ള പഠനഗ്രന്ഥം പ്രകാശനംചെയ്തു.
1994-ല്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ വൈസ് പ്രസിഡന്‍റായി നിയമിതനായി.
2005-മുതല്‍ 2008-വരെയ്ക്കും ഈ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റായും സേവനംചെയ്തിട്ടുണ്ട്.

 സിനഡു സമ്മേളനങ്ങളില്‍ 
2014 ഒക്ടോബറില്‍ യുവജനങ്ങള്‍ക്കായുള്ള സിനഡു സമ്മേളനത്തിലേയ്ക്കു ജീവന്‍റെയും ജൈവധാര്‍മ്മികതയുടെയും വിദഗ്ദ്ധനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.
2015-ല്‍ കുടുംബങ്ങളെ സംബന്ധിച്ചു നടന്ന 14- Ɔമത് സിനഡു സമ്മേളനത്തിലും  ബിഷപ്പ് ഏലിയോ  പങ്കെടുക്കുകയുണ്ടായി. 2010-ല്‍ മുന്‍പാപ്പാ ബെനഡിക്ട് ബിഷപ്പ് ഏലിയോ സ്ഗ്രേചയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. പിന്നെയും അദ്ദേഹം,  പൊന്തിഫിക്കല്‍  ജീവന്‍റെ അക്കാഡമിയുടെ ആദരണീയനായ അംഗമായും സേവനംചെയ്തു.

കര്‍ദ്ദിനാള്‍ കൊളെജ് ഇന്ന്
കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേചയുടെ മരണത്തെ തുടര്‍ന്ന് ആഗോളസഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 220-തായി കുറയുകയാണ്. അതില്‍ 120 പേര്‍ മാത്രമാണ് 80 വയസ്സിനു താഴെ, പത്രോസിന്‍റെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2019, 18:24