shot from the world Family meeting in Dublin, Ireland shot from the world Family meeting in Dublin, Ireland 

ആഗോള കുടുംബസംഗമം 2021 റോമാ നഗരത്തില്‍

പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ആഗോള കുടുംബ സംഗമം 2021 ജൂണ്‍ 23-മുതല്‍ 27-വരെ തിയതികളിലായിരിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്ന അടുത്ത രാജ്യാന്തര കുടുംബസംഗമത്തിന്‍റെ വിശദാംശങ്ങള്‍ മെയ് 18-Ɔ൦ തിയതിയാണ് വത്തിക്കാന്‍ പുറത്തുവിട്ടത് :

അടുത്ത രാജ്യാന്തര കുടുംബസംഗമത്തിന്‍റെ വിശദാംശങ്ങള്‍
“കുടുംബസ്നേഹം ഒരു വിളിയും വിശുദ്ധിയുടെ പാതയും...” (Family love : a vocation and a path to holiness) എന്ന പ്രമേയവുമായി പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ആഗോള കുടുംബ സംഗമം 2021 ജൂണ്‍ 23-മുതല്‍ 27-വരെ തിയതികളിലാണ് റോമാനഗരത്തില്‍ സംഗമിക്കുന്നത്. 1994-ല്‍ റോമില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ട ആഗോള കുടുംബസംഗമമാണ് 10-Ɔ൦ വാര്‍ഷികനാളില്‍ നിത്യനഗരത്തില്‍ തിരിച്ചെത്തുന്നത്.

കുടുംബങ്ങളുടെ രക്ഷാകരമായ പ്രസക്തി
അനുദിന ജീവിതത്തില്‍ കുടുംബങ്ങള്‍ക്ക് ആഴമായ ഒരു രക്ഷാകര പ്രസക്തിയുണ്ട് എന്നു പങ്കുവയ്ക്കുന്നതായിരിക്കും എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഗമിക്കുന്ന ഈ രാജ്യാന്തര കുടുംബസംഗമം. “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Laetitita) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ 5-Ɔ൦ വാര്‍ഷികവും, അതിനെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “ആഹ്ലാദിച്ച് ഉല്ലസിക്കുവിന്‍” (Gaudete et Exultate) എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ 3-Ɔ൦ വാര്‍ഷികവും കണക്കിലെടുത്താണ് കുടുംബങ്ങളുടെ രാജ്യാന്തര സംഗമം പാപ്പാ ഫ്രാന്‍സിസ് റോമില്‍ വിളിച്ചുകൂട്ടുന്നത്.

പതറാത്ത ഒരു സ്നേഹയാത്ര
കൂട്ടായ്മ വളര്‍ത്തുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതീകവും പ്രതിബിംബവുമാണ് വൈവാഹിക ബന്ധവും കുടുംബജീവിതവും. ഇതുവഴി വ്യക്തിമാഹാത്മ്യവാദവും, ധൂര്‍ത്തിന്‍റെ സംസ്കാരവും അകറ്റിനിര്‍ത്തപ്പെടുന്നു. ഒപ്പം ഓരോ വ്യക്തിക്കുമുള്ള അന്തസ്സും അവകാശങ്ങളും ആദരിക്കപ്പെടുന്ന ഇടമായിത്തീരും കുടുംബം. വിവാഹവും കുടുംബവും ചേര്‍ന്നാണ് സമൂഹത്തില്‍ യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ അനുഭവങ്ങള്‍ വിരിയിക്കുന്നത്. അനുദിന ജീവിതം കുടുംബത്തിന്‍റെ വേദിയില്‍ ചുരുളഴിയുമ്പോള്‍ സന്തോഷവും സന്താപവും ഒരുപോലെ പങ്കുവയ്ക്കപ്പെടുന്ന സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ദൈവാനുഭവത്തിന്‍റെയും വേദിയായി മാറും കുടുംബം. കുടുംബങ്ങളിലെ ഈ പതറാത്ത സ്നേഹയാത്രയാണ് സമൂഹത്തില്‍ വ്യക്തികളുടെ ജീവിതവിശുദ്ധിക്ക് വഴിതെളിക്കുന്നത്.

മാനുഷിക മൂല്യങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളത് കുടുംബം
കഴിഞ്ഞ ആഗോള കുടുംബസംഗമം അരങ്ങേറിയത് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 2018 ആഗസ്റ്റ് മാസത്തിലായിരുന്നു. മാനുഷിക മൂല്യങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളതും മനോഹരവുമായതാണ് വിവാഹബന്ധത്തിലും കുടുംബജീവിതത്തിലും കാണുന്നതെന്ന് സഭ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അത് വിശ്വസ്തമായി ജീവിക്കാന്‍ അഭിലഷി ക്കുന്നവരെ പിന്‍തുണയ്ക്കാനും സഹായിക്കാനും സഭ ആഗ്രഹിക്കുന്നു. കാരണം കുടുംബജീവിതത്തിന്‍റെ യഥാര്‍ത്ഥമായ വേദിയില്‍ അവര്‍ അനുഭവിക്കുന്ന ആകാംക്ഷയുടെയും, അസ്ഥിരതയുടെയും, അലച്ചിലിന്‍റെയും അന്വേഷണത്തിന്‍റെയും അവസരങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

കുടുംബം സഭയുടെ മുഖഭാവം
കുടുംബജീവിതം സ്വതന്ത്രമായും സത്യസന്ധമായും ജീവിക്കുന്നതിനു വിഘാതമാകുന്ന സാമൂഹികഘടകങ്ങള്‍ ഇന്ന് നിരവധിയാണ്. അതിനാല്‍ കുടുംബജീവിതത്തെയും വൈവാഹിക ജീവിതത്തെയും, അതിന്‍റെ ഭാവിയെയും കുറിച്ച് ആശ്ചര്യപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരെ പിന്‍താങ്ങാനും പ്രകാശിപ്പിക്കാനുമുള്ള അവസരമായി സഭ ആഗോള കുടുംബസംഗമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സഭയുടെ മനോഹരമായ മുഖഭാവം അങ്ങനെ ക്രൈസ്തവ കുടുംബങ്ങളിലൂടെ ഏറ്റവും അധികം വെളിപ്പെടുത്തപ്പെടണം. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ്, കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ മെയ് 18-Ɔ൦ തിയതി റോമില്‍ ഇറക്കിയ പ്രസ്താവന ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2019, 18:14