തിരയുക

Vatican News
Family the center of culture and love Family the center of culture and love 

കുടുംബബന്ധങ്ങളെക്കുറിച്ച് വത്തിക്കാന്‍റെ അഭിപ്രായപ്രകടനം

യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യാര്‍ക്കൊവിച്ചിന്‍റെ അഭിപ്രായങ്ങള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുടുംബങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച്
മെയ് 14-Ɔ൦ തിയതി ചൊവ്വാഴ്ച യുഎന്‍ കേന്ദ്രത്തില്‍ അരങ്ങേറിയ കുടുംബങ്ങളെ സംബന്ധിച്ച രാജ്യാന്തര സംഗമത്തില്‍ (Conference on creating an environment for thriving families organized by WCC and UN Center) അവതരിപ്പിച്ച പ്രസ്താവനയിലാണ് മാനവികതയുടെ രൂപീകരണത്തിന് എന്നും അടിത്തറയാവേണ്ട കുടുംബങ്ങള്‍ക്കു സമൂഹം നല്കേണ്ട പ്രത്യേക പരിഗണനയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് യാര്‍‍ക്കൊവിച് അഭിപ്രായ പ്രകടനം നടത്തിയത്.

നവമായ വെല്ലുവിളികള്‍
ഗര്‍ഭധാരണം, മരണനിരക്ക്, തൊഴില്‍, കുടിയേറ്റം എന്നിവയുടെ മേഖലയില്‍ അടുത്ത കാലത്ത് സംഭവിക്കുന്ന പരിവര്‍ത്തനത്തിന്‍റെ  ദ്രുതഗതി കുടുംബങ്ങളുടെ ഭദ്രതയെയും, ജനജീവിതത്തെ പൊതുവെയും സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ കുടുംബം ഇന്നും സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാകയാല്‍ നവമായ ഈ വെല്ലുവിളികളെയും, മൗലികമായ മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങളെയും നേരിടാനുള്ള കരുത്തു കുടുംബങ്ങള്‍ക്കും, പൊതുവെ സമൂഹങ്ങള്‍ക്കും നല്കാന്‍ യുഎന്‍ പദ്ധതി ഒരുക്കണമെന്ന് ആര്‍ച്ചുബിഷപ്പ് യാര്‍ക്കൊവിച് സമ്മേളനത്തോട് ആവശ്യപ്പെട്ടു.

വളരുന്ന വ്യക്തിമാഹാത്മ്യവാദം
കുടുംബ മൂല്യങ്ങളുടെ ക്രിയാത്മകവും ഫലപ്രദവുമായ കൈമാറ്റത്തിനുള്ള അവസരങ്ങള്‍ തലമുറകള്‍ തമ്മില്‍ ഉണ്ടാകണമെന്നും, കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം, എന്ന ഭദ്രതയെ തകര്‍ക്കുന്നതും, ഇന്നു കുടുംബങ്ങളിലേയ്ക്ക് ചൂഴ്ന്ന് ഇറങ്ങുന്നതുമായ വ്യക്തിമാഹാത്മ്യവാദത്തിന്‍റെ (Individualism) രീതികളും ഇല്ലാതാക്കാന്‍ സന്നദ്ധ സംഘടനകള്‍ സംഘടിതമായി പരിശ്രമിക്കണമെന്നും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

രൂപീകരണത്തിന്‍റെ ക്രിയാത്മകമായ വേദി
കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന ഘടകവും വ്യക്തിവളര്‍ച്ചയുടെയും വിദ്യാഭ്യാസത്തിന്‍റെയും കേന്ദ്രവുമാണ്. അത് സ്നേഹത്തിന്‍റെയും ജീവന്‍റെയും സമൂഹമാണ്. അവിടെ വ്യക്തി മറ്റുള്ളവരോടും ലോകത്തോടുതന്നെയും ബന്ധപ്പെടാന്‍ പഠിക്കുന്നു. മാനുഷിക ഗുണഗണങ്ങള്‍ വ്യക്തിയില്‍ വളരുന്നത് കുടുംബത്തില്‍നിന്നാണ്. സമൂഹത്തിലേയ്ക്ക് തന്നെത്തന്നെ ഉയര്‍ത്താന്‍ സഹായകമാകുന്ന സ്കൂള്‍, ഇടവക, സമൂഹം എന്നിവയിലേയ്ക്ക് ഉയരാനുള്ള അടിസ്ഥാന പ്രചോദനം വ്യക്തിക്കു ലഭിക്കുന്ന രൂപീകരണത്തിന്‍റെ ക്രിയാത്മകമായ വേദിയും കുടുംബംതന്നെയാണ്.

കുടുംബഭദ്രതയെ തകര്‍ക്കുന്ന ഘടകങ്ങള്‍
ഇന്ന് ലോകത്ത് വളര്‍ന്നിട്ടുള്ള സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ വര്‍ദ്ധിച്ച വ്യതിയാനങ്ങളും കുടുംബജീവിതത്തിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ലോകത്ത് ഇന്നു നിലവുള്ള ഒരു സമാധാന സംസ്കൃതിയെ ഇതു മാറ്റിമറിക്കുന്നുമുണ്ട്. അങ്ങനെ സാമൂഹികമായി നേരിടുന്ന പ്രതിസന്ധികളെ ചെറുത്തും മറികടന്നും ഒരു പരിധിവരെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കാനും, യഥാര്‍ത്ഥവും സത്യവുമായ സാഹോദര്യത്തിന്‍റെ സാന്ത്വനതൈലമായി ജീവിക്കാനും കുടുംബങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും ആര്‍ച്ചുബിഷപ്പ് യാര്‍ക്കൊവിച്ച് പ്രബന്ധത്തിലൂടെ ചൂണ്ടിക്കാട്ടി.

16 May 2019, 16:38