Pope Francis celebrated Holy Mass with refugees in Sacrofano, Rome Pope Francis celebrated Holy Mass with refugees in Sacrofano, Rome 

“പരിത്യക്തര്‍ക്കു പിന്നിലെ ക്രിസ്തുവിനെ തിരിച്ചറിയണം…”

“കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്...,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭ ആചരിക്കുന്ന കുടിയേറ്റക്കാരുടെ ആഗോളദിനം
2019-ലെ “അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ആഗോളദിന”ത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശമാണ് “കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്...,” എന്ന ശീര്‍ഷകത്തില്‍ പുറത്തുവരുന്നതെന്ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Integral Human Development) മാര്‍ച്ച് 4-Ɔο തിയതി തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു. 2019 സെപ്തംബര്‍ 29-Ɔο തിയതി ഞായറാഴ്ച ആഗോളസഭയില്‍ ആചരിക്കുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനത്തോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നത്. സഭ ആചരിക്കുന്ന കുടിയേറ്റക്കാരുടെ
105-Ɔമത് ആഗോളദിനമാണിത്.

വിസ്തൃതമായ മാനവിക ദര്‍ശനം
മാനവിക അസ്തിത്വത്തിന്‍റെ ഇന്നത്തെ വിശാലമായ സാമൂഹിക പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, മനുഷ്യക്കടത്തിന് ഇരയായവരെയും കുറിച്ചു സമഗ്രമായൊരു ധാരണ ലോകത്തിന് നല്കണമെന്ന ആഴമായ ഉത്കണ്ഠയോടെയാണ്, “കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്...,” (It is not just about migrants) എന്ന പ്രത്യേക ശീര്‍ഷകത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം പുറത്തുവരുന്നതെന്ന് പ്രസ്താവന വ്യക്തിമാക്കി.

പരിത്യക്തര്‍ക്കു പിന്നിലെ ക്രിസ്തു!
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കൂട്ടായ്മയിലും, അവര്‍ക്കുവേണ്ടി സേവനംചെയ്യുന്ന ഇറ്റലിയിലെ സംഘടനാ പ്രതിനിധികളുമായും റോമിനു പുറത്തെ സാക്രോഫാനോയില്‍ ഫെബ്രുവരി 15-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തുകയും, തുടര്‍ന്ന് അവര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കുകയും ചെയ്തു. കീറിയ വസ്ത്രങ്ങളോടെയും, അഴുക്കായ പാദങ്ങളുമായും, വിരൂപമായ മുഖത്തോടെയും, മുറിപ്പെട്ട ശരീരത്തോടെയും, സ്ഥലത്തെ ഭാഷ സംസാരിക്കാന്‍ കഴിവില്ലാതെയും പകച്ചുനില്ക്കുന്ന മനുഷ്യക്കോലങ്ങള്‍ക്കു പിന്നിലെ ക്രിസ്തുവിനെയാണ് കുടിയേറ്റക്കാരില്‍ നാം തിരിച്ചറിയാതെ പോകുന്നതും, ചിലപ്പോള്‍ മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നതെന്നും പാപ്പാ വചനചിന്തയില്‍ പ്രസ്താവിച്ചു.

ഊര്‍ജ്ജിതപ്പെടുന്ന സഭയുടെ പ്രവര്‍ത്തന മേഖല
സമഗ്രമാനവ പുരോഗതിക്കായുളള വത്തിക്കാന്‍ സംഘത്തിന്‍റെ കീഴിലാണ് കുടിയേറ്റക്കാര്‍ക്കുള്ള വകുപ്പ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ഈ വകുപ്പിന്‍റെ അദ്ധ്യക്ഷന്‍ പാപ്പാ ഫ്രാന്‍സിസാണ്.
കുടിയേറ്റക്കാരെ സംബന്ധിച്ച പാപ്പായുടെ നവമായ ചിന്താധാരകളെ വിശദീകരിക്കാനും, അവരെക്കുറിച്ചുള്ള ശരിയായ ധാരണ നല്കുന്നതിനുമായി ഒരു വിപുലമായ മാധ്യമപ്രചാരണ പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു.

For details visit : media@migrants-refugees.va

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2019, 12:05