തിരയുക

Vatican News
Brazilian amazon environment - Itaituba Brazilian amazon environment - Itaituba  (AFP or licensors)

സമഗ്ര പരിസ്ഥിതിയുടെ കേന്ദ്രം അതിലെ നിവാസികള്‍

തദ്ദേശീയ ജനതകളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡിന് ഒരുക്കമായ സമ്മേളനത്തിലെ ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തദ്ദേശീയ ജനതകളെ സംബന്ധിച്ച സിനഡിന് ഒരുക്കം
തദ്ദേശജനതകള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡിന് ഒരുക്കമായ സമ്മേളനം
പരിസ്ഥിതി സംരക്ഷണം ഭൂമിയുടെ സംരക്ഷണം മാത്രമല്ല, അതിനൊരു സാമൂഹിക തലംകൂടിയുണ്ടെന്ന് വത്തിക്കാന്‍റെ യുഎന്നിലെ അംബാസിഡര്‍, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

പരിസ്ഥിതിയുടെ കേന്ദ്രമായ മനുഷ്യന്‍
2019 ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളിലാണ് സിനഡുസമ്മേളനം വത്തിക്കാനില്‍ സംഗമിക്കുന്നത്. തദ്ദേശീയ ജനതകളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് ഒരുക്കമായി അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 19-മുതല്‍ 21-വരെ സംഗമിച്ച രാജ്യാന്തര സംഗമത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. “പൊതുഭവനമായ ഭൂമി, പ്രത്യേകിച്ച് ആമസോണ്‍ ഭൂപ്രദേശത്തെ സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി” എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച് 19-ന് ആരംഭിച്ച്, 21-ന് സമാപിച്ച സമ്മേളനം നടന്നത്.

ഭൂമിയും അതിലെ സഹവാസികളും
പാരിസ്ഥിതിക സമഗ്രതയെക്കുറിച്ചു സഭ സംസാരിക്കുമ്പോള്‍ അത് ഭൂമിയോടൊപ്പം അതിലെ മനുഷ്യരുടെ സമഗ്ര സംരക്ഷണമാണ് ലക്ഷ്യംവെയ്ക്കുന്നത്. പൊതുഭവനമായ ഭൂമിയിലെ സഹവാസികളായ ജനതയെയും പരിരക്ഷിക്കുന്ന ഒരു കര്‍മ്മപദ്ധതിയാണ് ആവശ്യമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ പ്രബന്ധത്തിലൂടെ വ്യക്തമാക്കി. പരിസ്ഥിതിയുടെ മേഖലയില്‍ ലോകം രണ്ടു വ്യത്യസ്ത പ്രതിസന്ധികളെയല്ല നേരിടുന്നത്, അവ ഒന്നാണ്. അതിനാല്‍ യഥാര്‍ത്ഥമായ പാരിസ്ഥിതിക പ്രവര്‍ത്തനത്തിന് ഒരു സാമൂഹ്യ സമീപനവും, ഒപ്പം സത്യസന്ധമായ പരിസ്ഥിതി സംരക്ഷണ രീതികളും ആവശ്യമാണ് (അങ്ങേയ്ക്കു സ്തുതി, 49, 139).

പരിസ്ഥിതിയോടുള്ള അതിക്രമം അതിലെ ജനതയോടുള്ള ക്രൂരത
മനുഷ്യന്‍ പരിസ്ഥിതിയുടെ ഭാഗമാകയാല്‍, പരിസ്ഥിതിയോടു ചെയ്യുന്ന അതിക്രമങ്ങള്‍ അതിലെ മനുഷ്യരോടുചെയ്യുന്ന അതിക്രമങ്ങള്‍ തന്നെയാണ്. ഭൂമിയോടു ഇണങ്ങുന്ന മനുഷ്യര്‍ അതിനോടും അതിനെ ആശ്രയിച്ചും മാത്രമാണ് വസിക്കുന്നത്. അതിനു നല്ല ഉദാഹരണമാണ് ആമസോണ്‍ പ്രദേശത്തെ തദ്ദേശീയ ജനതകളും, ലോകത്തെ ഇതര രാജ്യങ്ങളിലുള്ള ഗോത്രവര്‍ഗ്ഗക്കാരും. അതിനാല്‍ സമഗ്രപരിസ്ഥിതിക്ക് പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ, മാനുഷിക, സാംസ്കാരിക തലങ്ങളുണ്ടെന്ന പരിഗണന വേണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വിശദീകരിച്ചു.

പരിസ്ഥിതി വിനാശ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണം
തെറ്റായ മാനവികതയില്‍നിന്നുമാണ് പരിസ്ഥിതിക്കു വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ ഇന്നു ലോകത്തു ധാരാളം തലപൊക്കുന്നത്. അതിനാല്‍ തദ്ദേശജനതകള്‍ വസിക്കുന്ന ആമസോണ്‍പോലുള്ള ഭൂപ്രദേശങ്ങളോടു സമൂഹം കാണിക്കുന്ന ക്രൂരമായ നശീകരണ പ്രവൃത്തികള്‍ അവിടെ വസിക്കുന്ന തദ്ദേശീയരോടും സാംസ്ക്കാരിക സമൂഹങ്ങളോടും കാണിക്കുന്ന ക്രൂരതയും പീഡനവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമര്‍ത്ഥിച്ചു.  

21 March 2019, 19:52