തിരയുക

Women in Agriculture Women in Agriculture 

കാര്‍ഷിക മേഖലയില്‍ ഗ്രാമീണ സ്ത്രീകളുടെ വിലപ്പെട്ട സേവനം

യുഎന്നിന്‍റെ ഭക്ഷ്യ കാര്‍ഷിക സംഘടയുടെ സാമ്പത്തിക കൗണ്‍സിലിന്‍റെ യോഗത്തില്‍ വത്തിക്കാന്‍ ചൂണ്ടിക്കാണിച്ച നിരീക്ഷണം

- ഫാദര്‍ വില്യം നെല്ലിക്കല്‍

കാര്‍ഷിക സാമ്പത്തിക കൗണ്‍സില്‍ യോഗം
കാര്‍ഷിക മേഖലയില്‍ ഗ്രാമീണ സ്ത്രീകളുടെ സാന്നിദ്ധ്യം വിലപ്പെട്ടതാണെന്ന്, യുഎന്നിന്‍റെ റോമിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന, ഫാവോയിലെ (FAO) വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷന്‍, മോണ്‍സീഞ്ഞോര്‍ ഫെര്‍ണാണ്ടോ ചീക്ക അരെല്ലാനോ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 14-Ɔο തിയതി വ്യാഴാഴ്ച  ഫാവോയുടെ കാര്‍ഷിക സാമ്പത്തിക കൗണ്‍സിലിന്‍റെ (Council for Economy and Agriculture of Nations) ആഭിമുഖ്യത്തില്‍ റോമില്‍ സംഗമിച്ച സമ്മേളനത്തിലാണ് ഗ്രാമീണ സ്ത്രീകള്‍ കാര്‍ഷിക മേഖലയില്‍ നല്കുന്ന നിശ്ശബ്ദവും അമൂല്യവുമായ സേവനങ്ങളെക്കുറിച്ച് മോണ്‍. അരെല്ലാനോ വിശദീകരിച്ചത്.

ജീവനോപാധികളെ സംരക്ഷിക്കുന്നവര്‍
കാര്‍ഷിക മേഖലയില്‍ അദ്ധ്വാനിക്കുന്ന പാവങ്ങളും സാധാരണക്കാരുമായ സ്ത്രീകളുടെ എണ്ണം ആഗോളതലത്തില്‍ ലോകജനസംഖ്യയുടെ നാലില്‍ ഒന്നാണെന്ന നിരീക്ഷണം അദ്ദേഹം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തി. അവര്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥിതിയില്‍ ക്രിയാത്മകമായും ഫലപ്രദമായും പങ്കുചേരുക മാത്രമല്ല, സമൂഹത്തിന്‍റെ  ജീവനോപാധികളെ അവര്‍ പരിരക്ഷിക്കുകയും, മെച്ചപ്പെടുത്തുകയും, സമൂഹങ്ങളുടെ നിലനില്പിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. യാഥാര്‍ത്ഥത്തില്‍ അവരുടെ അദ്ധ്വാനത്തിന്‍റെ പൂര്‍ണ്ണമായ ഗുണഭോക്താക്കള്‍ കാര്‍ഷിക മേഖലയില്‍ കഷ്ടപ്പെടുന്ന സ്ത്രീകള്‍ അല്ലെങ്കിലും, അവര്‍ കുടുംബങ്ങളുടെ വികസനത്തിന്‍റെയും സമൂഹത്തിന്‍റെ സുസ്ഥിതിയുടെ പ്രയോക്താക്കളുമാണ്.

വികസന പദ്ധതിയില്‍ സ്ത്രീകളെ അവഗണിക്കരുത്
2030-ന്‍റെ സുസ്ഥിതി വികസന ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍, അതിനാല്‍ കാര്‍ഷികമേഖലയിലെ സ്ത്രീകള്‍ക്കുള്ള പങ്കും പ്രാധാന്യവും അവഗണിക്കരുതെന്ന് മോണ്‍സീഞ്ഞോര്‍ അരെല്ലാനോ അഭ്യര്‍ത്ഥിച്ചു. ജീവന്‍റെ പരിരക്ഷകരായ സ്ത്രീകള്‍ അവര്‍ വിശ്വാസികളായാലും അവിശ്വാസികളായാലും സമാധാനത്തിന്‍റെയും സുസ്ഥിതിയുടെയും പ്രയോക്താക്കളാണ്. അമ്മമാരാണ് കുടുംബങ്ങളുടെ കേന്ദ്രവും അടിത്തറയും. ലാളിത്യവും ചൈതന്യവുമുള്ള സ്ത്രീകള്‍ക്ക് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ സാധിക്കും.

‘വെള്ളെഴുത്തു’ പിടിച്ചവരാകരുത്!
സമൂഹത്തെ ഭിന്നിപ്പിക്കുന്ന മതിലുകള്‍ മാറ്റി പാലം പണിയുന്നവരാകാനും നന്മയും പൊതുവെ അത്യദ്ധ്വാനശീലവുമുള്ള സ്ത്രീകള്‍ക്കു സാധിക്കും. അതുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത് ഭാവിയിലേയ്ക്കുള്ള പ്രയാണത്തില്‍ ‘മാതൃത്വപരമായ ഒരു വീക്ഷണം’ ഇല്ലെങ്കില്‍ ആഗോള സുസ്ഥിതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍ നാം കണ്ണില്‍ ‘വെള്ളെഴുത്തു പിടിച്ചവരെ’പ്പോലുള്ള സമൂഹമായിത്തിരും.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2019, 19:29