തിരയുക

Vatican News
Apostolic visit to Morocco Apostolic visit to Morocco  

സാഹോദര്യത്തിന്‍റെ സന്ദേശവുമായി മൊറോക്കോ അപ്പസ്തോലികയാത്ര

മാര്‍ച്ച് 30, 31 ശനി, ഞായര്‍ ദിവസങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസ് മൊറോക്കോ സന്ദര്‍ശിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നല്ല നയതന്ത്രബന്ധത്തിന്‍റെ തുടര്‍ച്ച
പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനം മൊറോക്കോ-വത്തിക്കാന്‍ നല്ല നയതന്ത്രബന്ധത്തിന്‍റെ തുടര്‍ച്ചയാണെന്ന് “കത്തോലിക്കാ സംസ്കാരം” Civilta Cattolica  പ്രസിദ്ധീകരണം അഭിപ്രായപ്പെട്ടു. മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ്, ജൊവാന്നി സാലെ എസ്.ജെ. വത്തിക്കാന്‍-മൊറോക്കോ നീണ്ടകാല ഉഭയകക്ഷി ബന്ധത്തെ നിരീക്ഷിച്ചത്.

മൊറൊക്കോയുടെ രാജഭരണം
രാഷ്ട്രീയതലത്തില്‍ ഇസ്ലാമീക സാമ്രാജ്യമായിത്തന്നെ മൊറോക്കോ തുടരുകയാണ്. എന്നാല്‍ രാജഭരണത്തിന് പൂജ്യത കല്പിക്കുന്നവര്‍ ഒരിക്കലും മതമൗലികവാദത്തിന്‍റെ പാത സ്വീകരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മറിച്ച്, അവര്‍ മതാന്തരസംവാദത്തിന്‍റെ മാര്‍ഗ്ഗം കൈക്കൊള്ളുകയും, എല്ലാമതങ്ങളെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. 1956-വരെ വിദേശശക്തികളുടെ മേല്‍ക്കോയ്മയില്‍ ആയിരുന്നെങ്കിലും, സ്വതന്ത്ര്യം നേടിയതില്‍പ്പിന്നെ ഏറെ വളര്‍ന്നിട്ടുള്ളതും, മറ്റു രാജ്യങ്ങളോടും സംസ്ക്കാരങ്ങളോടും മതങ്ങളോടും രമ്യതപുലര്‍ത്തുന്നതുമായ ഇസ്ലാമിക രാജ്യമാണിത്.  

സൗഹൃദത്തിന്‍റെ നാട്
എണ്ണഖനികളുടെ സമ്പന്നതയുള്ള മൊറോക്കോ തെക്കന്‍ മെ‍ഡിറ്ററേനിയന്‍ തീരത്തെ അതിന്‍റെ തന്ത്രപ്രാധാന്യമുള്ള സ്ഥാനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നു. മെഡിറ്ററേനിയന്‍ രാജ്യങ്ങളോടും, ആഫ്രിക്കന്‍ രാജ്യങ്ങളോടും, യൂറോപന്‍ യൂണിയനോടും, അമേരിക്കയോടും, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ മുന്‍കൊളോണിയല്‍ ശക്തികളോടും നയതന്ത്രബന്ധം പുലര്‍ത്തുന്നു. കൂടാതെ സാമ്പത്തികവും സാംസ്ക്കാരികവുമായ കാര്യങ്ങളില്‍ എല്ലാവരോടും തുറവുള്ള രാഷ്ട്രമായി മൊറോക്കോ പുരോഗതിയില്‍നിന്നു പുരോഗതിയിലേയ്ക്കു കുതിക്കുന്നു.  

ജനാധിപത്യത്തെ മാനിക്കുന്ന ഭരണം
മുഹമ്മദ് 5-Ɔമന്‍റെയും ഹുസ്സൈന്‍ രണ്ടാമന്‍ രാജാവിന്‍റെയും കാലശേഷം, 1999-ല്‍ മുഹമ്മദ്
6-Ɔമന്‍, ഇപ്പോഴത്തെ രാജാവ് സ്ഥാനമേറ്റതോടെ രാജഭരണത്തിന് ഒരു ജനായത്ത രൂപം ലഭിച്ചു. കാരണം, അദ്ദേഹം എതിര്‍പക്ഷത്തെ മാനിക്കുകയും, ഭരണകാര്യങ്ങളില്‍ അവരുടെ നല്ല അഭിപ്രായങ്ങള്‍ പരിഗണിക്കാനും തുടങ്ങി. രാജഭരണത്തിന് എതിരായ പ്രസ്ഥാനം, നീതിയും ഉപവിയും എന്ന സഖ്യം (Justice & Peace Movement) മൊറോക്കോയില്‍ ഉണ്ടെങ്കിലും അതിന് പാര്‍ളിമെന്‍ററി അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.

ക്രൈസ്തവരെ ആശ്ലേഷിക്കുന്ന നാട്
കത്തോലിക്കര്‍ മൊറോക്കോയില്‍ ന്യൂനപക്ഷവും, അത് വളരെ ചെറുതുമാണ്. അവര്‍ അധികവും ജോലിക്കാരും, വിദ്യാര്‍ത്ഥികളും, വിദേശികളായ കച്ചവടപ്രസ്ഥാനക്കാരുമാണ്. രണ്ട് അതിരൂപതകളുണ്ട് – റബാത്തും തങ്കിയറും. 2010-ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ആകെ കത്തോലിക്കര്‍ 30,000-ത്തോളമാണ്. എന്നിരുന്നാലും വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ആശുപത്രികള്‍, ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നി മേഖലയില്‍ സഭാസ്ഥാപനങ്ങള്‍ രാജ്യത്ത് ചെയ്യുന്ന സേവനങ്ങള്‍ ഭരണകര്‍ത്താക്കളും ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുകയും ശ്ലാഘിക്കുകയും ചെയ്യുന്നു.

പാപ്പാ വോയിത്തീവ തുടക്കമിട്ട ബന്ധം
1976-മുതല്‍ വത്തിക്കാനുമായി നയന്ത്രബന്ധമുണ്ട്. 1985-ല്‍ ഹുസ്സൈന്‍ രണ്ടാമന്‍ രാജാവിന്‍റെ ക്ഷണം സ്വീകരിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മൊറോക്കൊ സന്ദര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് വത്തിക്കാനും മൊറോക്കൊയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ പൂര്‍വ്വോപരി ക്രിയാത്മകവും മെച്ചെപ്പെട്ടതുമായിത്തീര്‍ന്നു. ആ നല്ലബന്ധത്തിന്‍റെ തുടര്‍ച്ചയും ഫലമണിയലുമാണ് ഹുസ്സന്‍ രാജാവിന്‍റെ പുത്രന്‍, മുഹമ്മദ് 6-Ɔമന്‍ രാജാവ് മൊറോക്കോയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസിനെ ക്ഷണിച്ചത്.

തുല്യ അവകാശവും അന്തസ്സും
1984-ല്‍ ദൃഢപ്പെടുത്തപ്പെട്ട വത്തിക്കാന്‍-മൊറോക്കോ നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുകയും സഭാ സ്ഥാപനങ്ങളും ക്രൈസ്തവരും ഒരു ഇസ്ലാമിക സാമ്രാജ്യത്തില്‍ സ്വതന്ത്രമായും പരസ്യമായും പ്രവര്‍ത്തിക്കുകയും, രാഷ്ട്രത്തിന്‍റെ വളര്‍ച്ചയില്‍ മറ്റെല്ലാ പൗരന്മാരെയുംപോലെ തുല്യമായ അവകാശത്തിലും അന്തസ്സിലും ജീവിക്കുകയും ചെയ്യുന്നു.

14 March 2019, 19:27