തിരയുക

Vatican News
ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍. ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍. 

സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് ആര്‍ച്ച്ബിഷപ്പ് ഔത്സ

സ്ത്രീപുരുഷ വിത്യാസം പരസ്പരനിഷേധത്തിനൊ പരാധീനതയക്കൊ ഉള്ളതല്ല, മറിച്ച്, കൂട്ടായ്മയും ഉല്‍പ്പത്തിയും ലക്ഷ്യംവച്ചുള്ളതാണ്- ആര്‍ച്ച്ബിഷപ്പ് ബെര്‍ണദീത്തൊ ഔത്സ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നൈസര്‍ഗികവും പരസ്പരപൂരകവുമായ  സ്ത്രീപുരുഷ ദ്വൈതഭാവം ചോദ്യം ചെയ്യപ്പെടുമ്പോള്‍ മനുഷ്യജീവി ആയിരിക്കുകയെന്ന ആശയം തന്നെ അട്ടിമറിക്കപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണദീത്തൊ ഔത്സ.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തെ ബുധനാഴ്ച (20/03/2019) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ലിംഗ സമത്വവും ലിംഗ പ്രത്യയശാസ്ത്രവും:സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണം” എന്നതായിരുന്നു സമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം.

സ്ത്രീയുടെ ശാരീരികമായ തനിമകള്‍ ഒഴിവാക്കി ആശയത്തില്‍ മാത്രം ഊന്നല്‍ നല്കുന്ന പ്രവണത കുടുംബത്തിന്‍റെ നരവംശ ശാസ്ത്രപരമായ അടിത്തറയെ ഇല്ലാതാക്കുകയാണെന്ന വസ്തുത ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔത്സ വിശദീകരിച്ചു.

ശരീരം മനുഷ്യനെ നിര്‍വചിക്കുന്ന ഒരു ഘടകമല്ലാതാകുകയും മനുഷ്യവ്യക്തിയെ അരൂപി മാത്രമായി ചുരുക്കുകയും ചെയ്യുമ്പോള്‍, ഒരാളുടെ പ്രകൃതി എന്താണെന്ന് ഒരുവന്‍ തിരിച്ചറിയുകയോ, ഒരാള്‍ ഏതു ലിംഗത്തിലായിരിക്കണമെന്ന് നിശ്ചയിക്കുകയൊ ചെയ്യുന്നതു വരെ മനുഷ്യജീവി അമൂര്‍ത്ത ആശയമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ജനിതക കോശം, വര്‍ഗ്ഗം, പ്രായം, മറ്റു സ്വാഭാവിക സവിശേഷതകള്‍ എന്നിവ പോലെ തന്നെ നമ്മുടെ ലിംഗഭേദവും വൈക്തിക തിരഞ്ഞെടുപ്പല്ല, പ്രത്യുത വസ്തുനിഷ്ഠമായി നല്കപ്പെട്ടിട്ടുള്ളതാണ് എന്ന് ആര്‍ച്ചുബിഷപ്പ് ഔത്സ ഉദ്ബോധിപ്പിച്ചു.

സ്ത്രീപുരുഷ വിത്യാസം പരസ്പരനിഷേധത്തിനൊ പരാധീനതയക്കൊ ഉള്ളതല്ല, മറിച്ച്, കൂട്ടായ്മയും ഉല്‍പ്പത്തിയും ലക്ഷ്യംവച്ചുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു

 

21 March 2019, 10:27