തിരയുക

Vatican News
സഭയില്‍ കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ചുള്ള വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫ്രാന്‍സീസ് പാപ്പാ  22/02/2019 സഭയില്‍ കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ചുള്ള വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫ്രാന്‍സീസ് പാപ്പാ 22/02/2019 

"കിശോര സംരക്ഷണം സഭയില്‍" - സമ്മേളനം രണ്ടാം ദിനം

സഭാശുശ്രൂകര്‍, സ്വാര്‍ത്ഥതാല്പര്യ പൂരണത്തിനായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും അവര്‍ക്ക്, യേശുശിഷ്യരെപ്പോലെ നിസ്വാര്‍ത്ഥസേവനം ചെയ്യുന്നതിനുള്ള എളിമ കര്‍ത്താവ് പ്രദാനം ചെയ്യുന്നതിനു വേണ്ടിയും ജറുസലേമില്‍ ലത്തീന്‍ റീത്തിന്‍റെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ആയ ആര്‍ച്ച്ബിഷപ്പ് പിയെര്‍ബാത്തിസ്ത പിത്സബാല്ല സമ്മേളനത്തില്‍ പ്രാര്‍ത്ഥിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനെ അധികരിച്ചുള്ള സമ്മേളനം വത്തിക്കാനില്‍ തുടരുന്നു.

വ്യാഴാഴ്ച (21/02/18) ആരംഭിച്ച ഈ സമ്മേളനം ഞായറാഴ്ച (24/02/19) സമാപിക്കും.

സഭയില്‍ സഭാശുശ്രൂഷകര്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്ന ഖേദകരമായ സംഭവങ്ങള്‍ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ആഗോള കത്തോലിക്കാസഭയിലെ മെത്രാന്‍സംഘങ്ങളുടെ തലവന്മാരെ വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്.

ഈ സമ്മേളനത്തിന്‍റെ രണ്ടാം ദിനമായിരുന്ന വെള്ളിയാഴ്ച (22/02/19) ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍ പ്രഭാത പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

കാപട്യം കൂടാതെ വിശ്വാസം ജീവിക്കാന്‍ കഴിയുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഈ പ്രാര്‍ത്ഥന നയിച്ചത് ജറുസലേമില്‍ ലത്തീന്‍ റീത്തിന്‍റെ   അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ആയ ആര്‍ച്ച്ബിഷപ്പ് പിയെര്‍ബാത്തിസ്ത പിത്സബാല്ല ആയിരുന്നു.

കാപട്യവും ഇരട്ടത്താപ്പുമില്ലാതെ ആത്മാര്‍ത്ഥതയോടുകൂടി വിശ്വാസം ജീവിക്കാനും തിന്മയെ ചെറുത്തു നന്മയോടു പറ്റിച്ചേര്‍ന്നു ജീവിക്കാനും സാഹോദര്യസ്നേഹത്തോടെ പരസ്പരം സ്നേഹിക്കാനും ആഹ്വാനം ചെയ്യുന്ന, പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു സാക്ഷ്യവും വായിക്കപ്പെട്ടു.

കുട്ടിക്കാലത്ത് ഒരു വൈദികന്‍റെ ലൈംഗികപീഢനത്തിനിരയായ വ്യക്തിയുടെതായിരുന്നു സാക്ഷ്യം.

താന്‍ വൈദികന്‍റെ ലൈംഗികപിഢനത്തിനിരയാക്കപ്പെട്ടപ്പോള്‍ സഭാമാതാവ് തന്നെ തനിച്ചയാക്കിയെന്നും താന്‍ പീഢിപ്പിക്കപ്പെട്ടതിനെക്കുറിച്ചും, താന്‍ അുഭവിക്കുന്ന ഏകാന്തതയെക്കുറിച്ചും സഭയിലെ ആരോടെങ്കിലും പറയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരും തന്നില്‍ നിന്നു മറഞ്ഞു നില്ക്കുകയും താന്‍ കൂടുതല്‍ ഒറ്റപ്പെടുകയും ഇനി ആരെ സമീപിക്കും എന്നറിയാത്ത ഒരവസ്ഥയിലാകുകയും ചെയ്തുവെന്ന് ആ വ്യക്തി വെളിപ്പെടുത്തി.

ഈ സാക്ഷ്യം അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന്  ആര്‍ച്ചുബിഷപ്പ് പിത്സബാല്ല സഭയില്‍ അതിക്രമവും അടിച്ചമര്‍ത്തലുമല്ല, പ്രത്യുത, സുരക്ഷിതത്വവും സഹായവും കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിയുന്നതിനുവേണ്ടി സമാപന പ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിച്ചു. സഭാശുശ്രൂകര്‍ സ്വാര്‍ത്ഥതാല്പര്യ പൂരണത്തിനായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും അവര്‍ക്ക്, യേശുശിഷ്യരെപ്പോലെ നിസ്വാര്‍ത്ഥസേവനം ചെയ്യുന്നതിനുള്ള എളിമ പ്രദാനം ചെയ്യുന്നതിനു വേണ്ടിയും  അദ്ദേഹം പ്രാര്‍ത്ഥിച്ചു.  

സമാപന പ്രാര്‍ത്ഥനയെത്തുടര്‍ന്ന്, ഈ സമ്മേളനത്തിന്‍റെ നിയന്താവായ (മോഡറേറ്റര്‍) ഈശോസഭാവൈദികന്‍ ഫെദെറീക്കൊ ലൊംബാര്‍ദി ഫെബ്രുവരി 22 ന് വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും പത്രോസിന്‍റെ പിന്‍ഗാമിയായ ഫ്രാന്‍സീസ് പാപ്പായ്ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു.

 

22 February 2019, 12:49