Archbishop Paul Gallalgher, Secretary for Foreign Affairs, Vatican Archbishop Paul Gallalgher, Secretary for Foreign Affairs, Vatican 

മനുഷ്യാവകാശം അഭേദ്യവും സാര്‍വ്വലൗകികവും

വത്തിക്കാനെ പ്രതിനിധീകരിച്ച് വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ നടത്തിയ അഭിപ്രായ പ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഫെബ്രുവരി 25-Ɔο തിയതി തിങ്കളാഴ്ച യുഎന്നിന്‍റെ ജനീവ ആസ്ഥാനത്തു നടന്ന മനുഷ്യാവകാശം, മതസ്വാതന്ത്ര്യം എന്നീ രണ്ടു വ്യത്യസ്ത സമ്മേളനങ്ങളില്‍ അവതരിപ്പിച്ച, രണ്ടു പ്രബന്ധങ്ങളിലായിട്ടാണ് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വത്തിക്കാന്‍റെ അഭിപ്രായ പ്രകടനം നടത്തിയത്.

മനുഷ്യാവകാശത്തിന്‍റെ ഭദ്രത തകര്‍ക്കരുത്
ലോകത്ത് നിലയ്ക്കാത്തൊരു സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെങ്കില്‍ മനുഷ്യന്‍റെ അന്തസ്സിനെ അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശത്തിന്‍റെ ഒരു നൈയ്യാമിക ചട്ടക്കൂട് അനിവാര്യമാണ്. മാത്രമല്ല സമാധാനത്തോടൊപ്പം മനുഷ്യകുലം സമഗ്രമായ മാനവപുരോഗതിയും ആര്‍ജ്ജിക്കണമെങ്കില്‍ മനുഷ്യാവകാശത്തിന്‍റെ നിയതമായ ചട്ടക്കൂട് ഒഴിച്ചുകൂടാനാവാത്തതുമാണ്. മനുഷ്യാവകാശത്തോട് ചേര്‍ന്നുനില്ക്കുന്നതാണ് മനസ്സാക്ഷിയും മതസ്വാതന്ത്ര്യവും സൗഹാര്‍ദ്ദപരമായ മതങ്ങളുടെ നിലനില്പുമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.

‘നവമായ’  അവകാശപ്രഖ്യാപനങ്ങള്‍
മനുഷ്യകുലത്തെ വിഭജിക്കുന്ന രീതിയിലും, മനുഷ്യാവകാശത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും അടിസ്ഥാന ചട്ടക്കൂടിനെയും, നിലവിലുള്ള നിയമങ്ങളെയും തച്ചുടയ്ക്കുന്ന തരത്തിലും, പരസ്പര വിരുദ്ധങ്ങളായ “പുതിയ അവകാശങ്ങളു”മായി പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നുണ്ട്. മാനവികതയുടെ പൊതുവായ സ്വഭാവം അംഗീകരിക്കാതെയും, അതിനെ നിഷേധിച്ചുകൊണ്ടുള്ള ഈ നവമായ അവകാശപ്രഖ്യാപനങ്ങള്‍, അവസാനം അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധത്തിലും, മാനവികതയുടെ അധഃപതനത്തിലും എത്തിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വിശദീകരിച്ചു.

മാധ്യമസ്വാതന്ത്ര്യം
മതപരമായ കാര്യങ്ങള്‍ പരസ്യമായി നടത്താനും, മതനേതാക്കള്‍ക്ക് അതില്‍ സ്വതന്ത്രമായി പങ്കെടുക്കാനും, മതപ്രബോധനങ്ങള്‍ പണ്ടെന്നപോലെ ആധുനിക മാധ്യമങ്ങളിലൂടെ ഇന്നും പ്രസരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എവിടെയും അടിസ്ഥാനമാണ്. അതുപോലെ സമൂഹത്തിലെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ സംവാദങ്ങളില്‍ പങ്കെടുക്കാനുള്ള മതസംവിധാനങ്ങളില്‍പ്പെട്ടവരുടെ സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അഭ്യര്‍ത്ഥിച്ചു.

വൈവിധ്യങ്ങള്‍ ഇല്ലാതാക്കാം
ഇന്നു ലോകത്തു ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലുള്ള സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും പാരിസ്ഥിതികവുമായ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ സംവാദം, ധാരണ, സഹിഷ്ണുത, സംസ്കാരം, പരസ്പരാദരവ്, സഹവര്‍ത്തിത്ത്വം എന്നിവ സഹായകമാകും എന്ന ചിന്തയും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പരിഹാരമായി നിര്‍ദ്ദേശിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2019, 16:26