തിരയുക

കുട്ടികളുടെ സംരക്ഷ​ണത്തെ അധികരിച്ചുള്ള സമ്മേളനം വത്തിക്കാനില്‍, ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍, 21-24/02/2019 കുട്ടികളുടെ സംരക്ഷ​ണത്തെ അധികരിച്ചുള്ള സമ്മേളനം വത്തിക്കാനില്‍, ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍, 21-24/02/2019 

"കുട്ടികളുടെ സംരക്ഷണം സഭയില്‍"-സമ്മേളനം മൂന്നാം ദിനം

സത്യത്തിന്‍റെയും പ്രകാശത്തിന്‍റെയും ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടവര്‍തന്നെ സത്യം പറയാതെ ഇരുളില്‍ ഒളിക്കുന്ന അവസ്ഥ, വേദനാജനകം- ലൈംഗിക പീഢനത്തിനിരയായ ഒരു വ്യക്തിയുടെ സാക്ഷ്യം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയില്‍ കുട്ടികളുടെ സംരക്ഷണത്തെ അധികരിച്ചുള്ള വത്തിക്കാന്‍ സമ്മേളനം ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയും (23/02/19) തുടര്‍ന്നു.

“സുതാര്യത” ആയിരുന്നു ഈ ദിനത്തിലെ വിചിന്തന പ്രമേയം.

ഉത്തരവാദിത്വം, കണക്കുകൊടുക്കല്‍ എന്നിവയായിരുന്നു, യഥാക്രമം, ഒന്നും രണ്ടും ദിനങ്ങളിലെ ആദര്‍ശ പ്രമേയങ്ങള്‍.

പാപ്പാ, ലോകത്തിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടി വ്യാഴാഴ്ച (21/02/19) ആരംഭിച്ച ഈ ചര്‍ച്ചയോഗം ഞായറാഴ്ച (24/02/19) സമാപിക്കും.

പതിവുപോലെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ശനിയാഴ്ച യോഗത്തില്‍ വിശുദ്ധഗ്രന്ഥഭാഗം, അതായത്, വ്യഭിചാരത്തിന്‍റെയും അശുദ്ധിയുടെയും അത്യാഗ്രഹത്തിന്‍റെയും ലാഞ്ഛനം പോലുമില്ലാതെയും അന്ധകാരത്തിന്‍റെ നിഷ്ഫല പ്രവൃത്തികളില്‍ പങ്കുചേരാതെയും പരസ്പരം സ്നേഹിച്ചു ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്ന, എഫേസോസുകാര്‍ക്കുള്ള ലേഖനം അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനു ശേഷം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലെയും പോലെതന്നെ, ഒരു സാക്ഷ്യം അവതരിപ്പിക്കപ്പെട്ടു.

സത്യത്തിന്‍റെയും പ്രകാശത്തിന്‍റെയും ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ സത്യം പറയാതെ ഇരുളില്‍ ഒളിക്കുന്ന അവസ്ഥ, തന്നെ, വേദനിപ്പിക്കുന്നുവെന്ന് സഭാശുശ്രൂഷകരില്‍ ഒരാളുടെ ലൈംഗിക പീഢനത്തിനിരയായ വ്യക്തി തന്‍റെ  സാക്ഷ്യത്തില്‍ പറഞ്ഞു.

സത്യത്തിനും നീതിക്കും വെളിച്ചത്തിനും വേണ്ടി യാചിക്കുന്ന ഒരാളാണ് താനെന്നും തനിക്കു ലഭിക്കുന്നതാകട്ടെ മൗനവും അല്പമാത്രമായ വിവരങ്ങളുമാണെന്നും ആ വ്യക്തി വേദനയോടെ പറഞ്ഞു.

സാക്ഷ്യത്തെത്തുടര്‍ന്നുള്ള അല്പസമയത്തെ നിശബ്ദധ്യാനത്തിനുശേഷം സമാപന പ്രാര്‍ത്ഥനയായിരുന്നു.

സത്യം പറയാനും ചെയ്തുപോയ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ധൈര്യം ലഭിക്കാനും ആ തെറ്റുകളെ നിഷേധിക്കുകയും അനീതികളെ ഒളിച്ചുവയ്ക്കുകയും ചെയ്യാനുള്ള പ്രലേഭനത്തില്‍ നിന്ന് രക്ഷിക്കാനും തദ്ദവസരത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 February 2019, 13:10