with the faithful of Benevento - in the basilica of St. Peter, Vatican with the faithful of Benevento - in the basilica of St. Peter, Vatican 

ശത്രുതയെക്കാള്‍ ഭേദം സൗഹൃദമെന്ന് പാപ്പാ ഫ്രാന്‍സിസ്

തെക്കെ ഇറ്റലിയിലെ ബെനെവേന്തോ അതിരൂപതയില്‍നിന്നും എത്തിയ 2500-ല്‍പ്പരം വിശ്വാസികള്‍ക്കു ഫെബ്രുവരി 20-Ɔο തിയതി ബുധനാഴ്ച നല്കിയ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാദ്രെ പിയോയുടെ നാട്ടില്‍നിന്നും
തെക്കെ ഇറ്റലിയിലെ ബെനെവേന്തോ അതിരൂപതയില്‍നിന്നും എത്തിയ വിശ്വാസികളെയും അവരുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് അരോക്കായെയും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ  കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക്,  പൊതുകൂടിക്കാഴ്ച പരിപാടിക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് ബെനെവേന്തോ അതിരൂപതയിലെ വിശ്വാസികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.

ജീവിതസാക്ഷ്യത്തിന്‍റെ ശ്രേഷ്ഠത
ജീവിതചുറ്റുപാടുകളില്‍ മനുഷ്യന്‍റെ വാക്കുകള്‍ പാളിപ്പോകാം. അതിനാല്‍  ശ്രേഷ്ഠമാക്കേണ്ടത് പ്രവൃത്തിയില്‍ അധിഷ്ഠിതമായ സാക്ഷ്യമാണ്. വെറുപ്പിന്‍റെ വാക്കുകളെക്കാളും ശ്രേഷ്ഠമായിരിക്കും സ്നേഹമുള്ള പ്രവൃത്തികളെന്ന് ബെനെവേന്തോയുടെ പുത്രനും, കപ്പൂച്ചിന്‍ സഭയിലെ വിശുദ്ധനുമായ പാദ്രെ പിയോയുടെ ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഇടയസന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയില്‍
പാദ്രെ പിയോ ക്രിസ്തുവിന്‍റെ പഞ്ചക്ഷതധാരിയായതിന്‍റെ 50-Ɔο വാര്‍ഷികവും, പുണ്യവാന്‍റെ ചരമത്തിന്‍റെ 100-Ɔο വാര്‍ഷികവും അവസരമാക്കിക്കൊണ്ട് 2019 മാര്‍ച്ചില്‍ ബെനെവേന്തോ പ്രവിശ്യയിലെ ജൊവാന്നി റൊത്തോന്തോയിലേയ്ക്കു നടത്തിയ ഇടയസന്ദര്‍ശനത്തിന്‍റെ നല്ല ഓര്‍മ്മകള്‍ മനസ്സിലേറ്റിക്കൊണ്ടാണ് അവിടത്തെ വിശ്വാസികള്‍ക്ക് ക്ഷമയെയും സ്നേഹത്തേയും കൂട്ടിയിണക്കി പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വസന്ദേശം നല്കിയത്.

ഫ്രാന്‍സിസിന്‍റെ പ്രതിച്ഛായ
പാദ്രെ പിയോ ജീവിതത്തില്‍ അനുരഞ്ജനത്തിന്‍റെ പ്രേഷിതനായിരുന്നു.
അധിക സമയവും കുമ്പസാരക്കൂട്ടില്‍ ചിലവഴിച്ച വിശുദ്ധന്‍, വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും വളര്‍ത്താന്‍ എന്നെ അയയ്ക്കണമേ, എന്നു പ്രാര്‍ത്ഥിച്ച അസ്സീസിയിലെ സ്നേഹഗായകന്‍റെ പ്രതിച്ഛായയായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു.

അമ്മയായ സഭയുടെ പാപികളായ മക്കള്‍
സഭയെ സ്നേഹിക്കുന്നവര്‍ ക്ഷമയുടെ പ്രയോക്താക്കളായിരിക്കും. കാരണം അമ്മയായ സഭ വിശുദ്ധയാണെങ്കിലും മക്കള്‍ പാപികളാണ്. അതിനാല്‍ അനുദിന ജീവിതത്തില്‍ ക്ഷമിക്കാന്‍ പോരുന്ന ഉദാരത ഉള്ളവരായിരിക്കണം നാം. ജീവിതം മുഴുവനും സഭയെയും സഭാധികാരികളെയും കുറ്റമാരോപിച്ചും, അന്യരെ പഴിച്ചും ജീവിക്കുന്നതു മൗഠ്യമാണ്. കുറ്റമാരോപിക്കുന്നതും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അവ തിരുത്താന്‍ വേണ്ടിയാണ്. അതു ഉപകാരപ്രദവുമാണ്. പാദ്രെ പിയോ സ്നേഹിച്ചതും പ്രഘോഷിച്ചതും, പ്രവര്‍ത്തിച്ചതും പ്രശ്നങ്ങളാലും പ്രതിസന്ധികളാലും, പാപത്താലും കലങ്ങി മറിഞ്ഞ സാമൂഹ്യാന്തരീക്ഷത്തിലായിരുന്നു. അവരെ തിരുത്താനും അനുരജ്ഞിതരാക്കാനുമായിരുന്നു വിശുദ്ധന്‍ ജീവന്‍ സമര്‍പ്പിച്ചത്.  

ജീവിതപരിവര്‍ത്തനത്തിന്‍റെ രസതന്ത്രം സ്നേഹം
ജീവിത പരിവര്‍ത്തനത്തിന് ഉപാധിയാകുന്ന സ്നേഹം പ്രഘോഷിക്കാനും അത് സാക്ഷ്യപ്പെടുത്താനും വിളിക്കപ്പെട്ടവരാണു ക്രൈസ്തവര്‍; വിശിഷ്യാ ബലഹീനരോടും ആവശ്യത്തിലായിരിക്കുന്നവരോടും. അനുരഞ്ജനത്തിന്‍റെയും, അനുതാപത്തിന്‍റെയും, ക്ഷമയുടെയും സാക്ഷികളായി ജീവിച്ചുകൊണ്ട് അനുദിന ജീവിതപരിസരങ്ങളില്‍  ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രയോക്താക്കളാകുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ മക്കളെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2019, 17:31