തിരയുക

Vatican News
Pope Francis during the General Audience Pope Francis during the General Audience  (Vatican Media)

സ്വര്‍ണ്ണഖനി ദുരന്തം : പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലെ ഗനീപേയിലുണ്ടായ (Gbanipea) സ്വര്‍ണ്ണഖനി ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജീവനഷ്ടമുണ്ടാക്കിയ ദുരന്തം
സ്വര്‍ണ്ണഖനിയിലെ മണ്ണിടിയല്‍ കാരണമാക്കിയ ജീവനഷ്ടത്തില്‍ താന്‍ വേദനിക്കുന്നതായി ഫെബ്രുവരി 21-Ɔο തിയതി, വ്യാഴാഴ്ച സ്ഥലത്തെ മെത്രാന്‍, ആന്‍റെണി ഫാളോ ബോര്‍വെയ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴിയാണ് സന്ദേശം അയച്ചത്.

കുടുംബാംഗങ്ങള്‍ക്ക് അനുശോചനം
അപകടത്തില്‍ വേദനിക്കുന്ന എല്ലാവരുമായും സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ച പാപ്പാ, വേദനയുടെ നിമിഷങ്ങളില്‍ പ്രാര്‍ത്ഥനയോടെയും ആത്മീയമായും അവരുടെ ചാരത്തുണ്ടെന്ന് ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.

അനധികൃത ഖനിയും സുരക്ഷാപരിമിതിയും
ഫെബ്രുവരി 6-Ɔο തിയതി നടന്ന സംഭവത്തില്‍, ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായെങ്കിലും, മണ്ണിനടയില്‍പ്പെട്ട മറ്റു 40 പേരും മരണമടഞ്ഞതായി ദേശീയ സുരക്ഷാസേനയുടെ ഔദ്യോഗിക പ്രസ്താവന അറിയിച്ചു. അനധികൃതമായി നടത്തിയിരുന്ന സ്വര്‍ണ്ണഖനിയിലെ സുരക്ഷാസംവിധാനങ്ങളുടെ പരിമിതിയാണ് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മരണത്തിന് ഇടയാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

22 February 2019, 09:20