Pope Francis with the workders of IFAD as part of the 42nd General Assembly of the UN Organization Pope Francis with the workders of IFAD as part of the 42nd General Assembly of the UN Organization 

ഭൂമിയില്‍ കുറച്ചുപേര്‍ക്ക് അധികവും അധികംപേര്‍ക്കു കുറച്ചും!

സാമൂഹിക അസമത്വത്തെക്കുറിച്ച് ഐഫാഡിന്‍റെ (IFAD – International Fund for Agricultural Development) പ്രവര്‍ത്തകരോട് പാപ്പാ ഫ്രാന്‍സിസ് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഐഫാഡിന്‍റെ പ്രവര്‍ത്തകരോട്
രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിന്‍റെ (IFAD)  പ്രവര്‍ത്തകരെ ഫെബ്രുവരി 14-Ɔο തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്തുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിലെ പ്രധാന  ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ലോകത്തെ ദാരിദ്ര്യത്തിന് എതിരെ പോരാടുന്നവര്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രഥമദഃ പ്രയത്നിക്കുന്നവരാണു ഐഫാഡിന്‍റെ ഓരോ പ്രവര്‍ത്തകനും പ്രവര്‍ത്തകയും. കുറച്ചുപേരുടെ കൈയ്യിലുള്ള സമ്പത്തിന് അനുകൂലമായും, അധികംപേരുടെ ദാരിദ്ര്യാവസ്ഥയ്ക്ക് പ്രതികൂലമായും പ്രവര്‍ത്തിക്കുന്ന ഇന്നിന്‍റെ സാമൂഹിക സംവിധാനങ്ങള്‍ക്ക് എതിരായിട്ടാണ് യുഎന്നിന്‍റെ ഈ സാമ്പത്തിക സ്ഥാപനം, ഐഫാഡിന്‍റെ പ്രവര്‍ത്തനരീതികള്‍ സംവിധാനംചെയ്തിരിക്കുന്നത്.

ഭൂമിയിലെ വൈരുദ്ധ്യം
കുറച്ചുപേര്‍ക്ക് അധികവും, അധികംപേര്‍ക്ക് ഏറെ കുറച്ചുമുള്ള വിരോധാഭാസത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ധാരാളം പേര്‍ക്ക് അടിസ്ഥാന ഭക്ഷണംപോലുമില്ല, എന്നാല്‍ കുറച്ചുപേര്‍ ഏറെ സമ്പന്നതയില്‍ ഉന്മത്തരാകുന്നു. ഇന്നിന്‍റെ ഈ വികലമായ അസമത്വം മാനവികതയുടെ ഭാവിക്ക് അപകടകരമാണ്. അതിനാല്‍ ഒഴുക്കിനെതിരെ നീന്തേണ്ടവരാണ്, ഒരു വിധത്തില്‍ ഐഫാഡിന്‍റെ പ്രവര്‍ത്തകര്‍!

പാവങ്ങള്‍ക്കായുള്ള നിശ്ശബ്ദസേവനം
ഐഫാഡ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ നിശ്ശബ്ദസേവനം, ഒരു വൃക്ഷത്തിന്‍റെ മണ്ണിന് അടിയിലെ വേരുപോലെ അദൃശ്യമാണ്. എന്നാല്‍ വൃക്ഷത്തിന്‍റെ അതിജീവനത്തിന് ആവശ്യമായ നീരു വലിച്ചുനല്കുന്നത് അദൃശ്യമായ ഈ വേരുകളാണ്! എന്നാല്‍ ദൈവം ഈ നിശ്ശബ്ദസേനവത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ദൈവം ഈ നന്മ കാണുന്നുണ്ട്. അവിടുന്ന് സകല ഉദാരതയ്ക്കും നന്മയ്ക്കും പ്രതിഫലം നല്കുകതന്നെ ചെയ്യും.

വൈദഗ്ദ്ധ്യവും സംവേദനക്ഷമതയും
ലോകത്തിന്‍റെ മുക്കിലും മൂലയിലും കഴിയുന്ന നിര്‍ഭാഗ്യരും പാവങ്ങളുമായവര്‍ക്കാണ് ഐഫാഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഐഫാഡ് പ്രവര്‍ത്തകരുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തോടൊപ്പം മാനവികതയോടു ഓരോരുത്തരും സേവനത്തിലൂടെ പ്രകടമാക്കുന്ന സ്നേഹസ്പന്ദനം, സംവേദനക്ഷമത എന്നിവ ആര്‍ക്കും ദൃശ്യവും അനുഭവവേദ്യവുമാണ്. അതിനാല്‍ ജനങ്ങളെയും ജനതകളെയും ഉത്തേജിപ്പിക്കുന്ന ഒരു ആന്തരിക ചൈതന്യവും, മനുഷ്യഹൃദയങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു വൈകാരികതയും സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും എല്ലാ പ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ!

സേവനത്തിന്‍റെ അതിശ്രേഷ്ഠമായ സമ്പത്ത്
മാനുഷികവും ആത്മീയവുമായ ഈ നന്മകള്‍ ജീവിതത്തിലെ ഭൗതിക സമ്പത്തിനെക്കാള്‍ ശ്രേഷ്ഠമായ സമ്പാദ്യമായിരിക്കും. ചെറുതും വലുതുമായ പദ്ധതികളിലൂടെ അവ സമൂഹത്തില്‍ സകലര്‍ക്കും - കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും ചെയ്യുന്ന നന്മയും സേവനവും മഹത്തരമെന്ന് വിശേഷിപ്പിച്ചു. ഐഫാഡിന്‍റെ പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പാവങ്ങളായവരുടെ പേരില്‍ നന്ദിയര്‍പ്പിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2019, 09:33