Pope Francis in dialogue with the Council of Muslim Elders in Abu Dhabi Pope Francis in dialogue with the Council of Muslim Elders in Abu Dhabi 

ലോകസമാധാനത്തിനു “കൂട്ടായ്മയുടെ സംസ്കാരം”

അബുദാബിയിലെ ഷെയിക് സയേദിന്‍റെ വലിയ പള്ളിയില്‍ സംഗമിച്ച മുസ്ലിം മൂപ്പന്മാരുടെ കൗണ്‍സില്‍ – ഇസ്ലാമിക ലോകത്തെ സമാധാനകാംക്ഷികള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇസ്ലാമിക സമൂഹത്തിലെ മൂപ്പന്മാരുടെ കൗണ്‍സില്‍

ഫെബ്രുവരി 4 തിങ്കളാഴ്ച
പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇയിലെ രണ്ടാം ദിവസം, തിങ്കളാഴ്ചത്തെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളായിരുന്നു പ്രദേശിക സമയം വൈകുന്നേരം 5 മണിക്ക് ഷെയിക് സായീദിന്‍റെ സ്മരാണര്‍ത്ഥമുള്ള അബുദാബിയിലെ വലിയ പള്ളിയോടു ചേര്‍ന്നു  നടത്തപ്പെട്ട മുസ്ലിം സമൂഹത്തിലെ തലമൂത്ത നേതാക്കളുമായുള്ള (മൂപ്പന്മാരുമായുള്ള) സ്വകാര്യകൂടിക്കാഴ്ചയും, അതിനുശേഷം സ്ഥാപകസ്മാരകത്തില്‍ നടന്ന   മതാന്തരസംവാദ സമ്മേളനവും.

മുസ്ലിം സമൂഹത്തിലെ മുതിര്‍ന്നവരുമായുള്ള കൂടിക്കാഴ്ച
ഷെയിക് സയേദിന്‍റെ വലിയ പള്ളിയില്‍  
എല്ലാവിധത്തിലും യുഎഇയിലെ ഏറ്റവും വലിയ മതസ്ഥാപനവും,  ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയുമാണിത്. 30 ഏക്കറില്‍ അധികം വലുപ്പമുള്ള ഭൂപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 40,000 വിശ്വാസികള്‍ക്ക് ഒത്തുചേരാന്‍ പള്ളിയുടെ അകത്തു സൗകര്യമുണ്ട്. യുഎഇയുടെ സ്ഥാപകനായ, ഷെയിക്ക് സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ആഗ്രമായിരുന്നു ഈ അത്യപൂര്‍വ്വ പ്രാര്‍ത്ഥനാലയം. ഇസ്ലാമിക ലോകത്തെ വൈവിധ്യങ്ങളെയും ചേരിതിരുവുകളെയും ചരിത്രപരവും നവവുമായ കലയുടെയും വാസ്തുഭംഗിയുടെയും മൂല്യങ്ങള്‍കൊണ്ട് മാറ്റിയെടുക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. പേര്‍ഷ്യന്‍, മുഗള്‍, മൗരീഷ്യന്‍ സംസ്ക്കാരങ്ങള്‍ അതിന് പ്രചോദനമായും ഈ മഹാനായ നേതാവ് ഉള്‍ക്കൊണ്ടു.

മെക്കയുടെ ദിശയിലേയ്ക്കു തിരിഞ്ഞുള്ള പ്രാര്‍ത്ഥനാഭിത്തിയില്‍  ദൈവത്തിന്‍റെ 99 നാമങ്ങള്‍ സുവര്‍ണ്ണലിപികളാല്‍ കൈയ്യെഴുത്തു വൈദഗ്ദ്ധ്യത്തില്‍ (calligraphic style) ആലേഖനം ചെയ്തിരിക്കുന്നു. വലിയ പള്ളിയുടെ സമുച്ഛയത്തില്‍ മതപഠനത്തിനും, ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനാ സംഗമങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 1996-നും 2007 ഇടയില്‍ പണിതീര്‍ത്ത ഈ വലിയ പള്ളിയിലെ ആദ്യത്തെ കര്‍മ്മം ഷെയിക് സയേദിന്‍റെ അന്തിമോപചാര ശുശ്രൂഷയായിരുന്നു. പ്രാര്‍ത്ഥനാസ്ഥാനത്തോടു ചേര്‍ന്നുള്ള പ്രത്യേക വേദയിലാണ് യുഎഇയുടെ ശില്പി അന്തിയുറങ്ങുന്നത്.

മുസ്ലിം മൂപ്പന്മാരുടെ കൗണ്‍സില്‍

ഇസ്ലാമിക സമൂഹങ്ങളില്‍ സമാധാനം വളര്‍ത്താനും നിലനിര്‍ത്താനുമായി രാജ്യാന്തരതലത്തില്‍ സ്ഥാപിതമായിട്ടുള്ളതും അബുദാബി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനമാണ് മുസ്ലിം മൂപ്പന്മാരുടെ കൗണ്‍സില്‍. അത് സ്വതന്ത്രസ്വഭാവമുള്ള രാജ്യാന്തര സംഘടനയാണ്. നീതി, സ്വാതന്ത്ര്യം സഹിഷ്ണുത എന്നീ മൂല്യങ്ങളില്‍ ബോധ്യമുള്ള മുസ്ലീങ്ങളായ പ്രബുദ്ധരുടെയും, പണ്ഡിതന്മാരുടെയും വിദഗ്ദ്ധരുടെയും സ്ഥാപനമാണിത്. ഇസ്ലാമിക സമൂഹത്തില്‍ത്തന്നെ വളര്‍ന്നിട്ടുള്ള മൗലികവാദം, അതിക്രമങ്ങള്‍, അഭ്യന്തരകലാപം എന്നിവ അകറ്റി, മാനുഷികവും ആത്മീയവുമായ സഹിഷ്ണുതയുടെ മൂല്യങ്ങള്‍ വളര്‍ത്തി, സമൂഹത്തില്‍ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് മൂപ്പന്മാരുടെ കൂട്ടായ്മ.

 താമസസ്ഥലമായ അല്‍ മുഷ്റഫ് കൊട്ടാരത്തില്‍നിന്നും പ്രാദേശിക സമയം വൈകുന്നേരം 4.45-ന് പാപ്പാ യാത്രയായി. 5 മണിയോടെ മൂപ്പന്മാരുടെ സംഗമവേദിയായ ഷെയിക് സയേദിന്‍റെ വലിയ പള്ളിയുടെ നടുമുറ്റത്ത് പാപ്പാ എത്തിച്ചേര്‍ന്നു.  കാറില്‍ എത്തിയ പാപ്പായെ, അല്‍ അസാറിന്‍റെ ചെയര്‍മാനും ഈജിപ്തിലെ വിലയ ഇമാമുമായ, അഹമ്മദ് അത്-തയീബും, യുഎഇയുടെ വിദേശകാര്യങ്ങള്‍, സഹിഷ്ണുത, സംസ്ക്കാരം എന്നിവയ്ക്കായുള്ള മന്ത്രിമാരും ചേര്‍ന്ന് പ്രധാന കവാടത്തില്‍ സ്വീകരിച്ചു. മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാണെന്നു പഠിപ്പിക്കുന്ന ഇസ്ലാമിക ലോകത്തെ കാരണവരും ആത്മീയ നേതാവുമാണ് ഈജിപ്തിലെ വലിയ ഇമാം, അഹമ്മദ് അത്-തയീബ്.  യുഎഇ സന്ദര്‍ശനത്തിന്‍റെയും, സാഹോദര്യ പ്രഖ്യാപനത്തിന്‍റെയും  സൂത്രധാരകന്‍  വലിയ ഇമാം തയ്യീബാണ്.

ലോകസമാധാനത്തിന് “കൂട്ടായ്മയുടെ സംസ്കാരം”
പള്ളിയോടു ചേര്‍ന്നുള്ള സംഗമവേദിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അവിടേയ്ക്കു പാപ്പാ ആനീതനായി യുഎഇ.യിലെ ഇസ്ലാമിക മതനേതാക്കള്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സമാധാനകാംക്ഷികളും, മതം സമാധാനത്തിനും സാഹോദര്യത്തിനുമെന്നു ചിന്തിക്കുന്ന ധാരാളം ഇസ്ലാമിക പ്രമുഖരും മുതിര്‍ന്നവരുടെ അല്ലെങ്കില്‍ മുസ്ലിം മൂപ്പന്മാരുടെ ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തികച്ചും സ്വകാര്യമായിരുന്നു കൂടിക്കാഴ്ച.
30 മിനിറ്റു സമയം നീണ്ടുനിന്നു. ലോകത്ത് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം ഇന്നു വളര്‍ത്തണമെങ്കില്‍ “കൂട്ടായ്മയുടെ സംസ്കാരം” The Culture of Encounter വളര്‍ത്തണം എന്ന സന്ദേശം പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രധാന അംശമായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തി അബുദാബിയിലെ സംഗമവേദിയില്‍നിന്നും അറിയിച്ചു.

കൂടിക്കാഴ്ചയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസും ഈജിപ്തിലെ അല്‍-അസാറിന്‍റെ വലിയ ഇമാം തയ്യീബും  പാരിസ്ഥിതിക അനുഭാവമുള്ള ഇലക്ട്രിക് വാഹനത്തില്‍ അതിവിശാലമായ പള്ളിയുടെ “സഹാന്‍” നടുമുറ്റത്തിലൂടെ ആനീതരായി. യുഎഇ-യുടെ സ്ഥാപകനായ ഷെയിക്ക് സായിദിന്‍റെ സ്മൃതിമണ്ഡപം  സന്ദര്‍ശിച്ച്,  മൗനമായി പ്രാര്‍ത്ഥിച്ചു. എന്നിട്ടാണ് മതാന്തരസംവാദ സമ്മേളനത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2019, 17:46