തിരയുക

Icon featuring St. Francis and The Sultan Icon featuring St. Francis and The Sultan 

അസ്സീസിയിലെ സിദ്ധന്‍ നടത്തിയ മതസൗഹാര്‍ദ്ദ യാത്രയുടെ അലയടി

വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചരിത്രവും അതിന്‍റെ പിന്നാമ്പുറവും :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുരിശുയുദ്ധത്തിന്‍റെ കാലഘട്ടം
1219-ല്‍ അസ്സീസയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-മാലിക്കുമായി കൂടിക്കാഴ്ച നടത്തിയത് ചരിത്ര സംഭവമാണ്. വിശുദ്ധമായ റോമന്‍ സാമ്രാജ്യം അവിശ്വാസികള്‍ക്കും അബദ്ധസിദ്ധാന്തങ്ങള്‍ക്കും എതിരെ, വിശിഷ്യ ഇസ്ലാംമതത്തിന് എതിരെ “കുരിശുയുദ്ധങ്ങള്‍” നടത്തിയ കാലഘട്ടമായിരുന്നു 11-Ɔο നൂറ്റാണ്ട്. ഇത് ക്രിസ്തുവിനെ തുടര്‍ന്ന് 300 വര്‍ഷത്തില്‍ അധികവും ആദിമ ക്രൈസ്തവര്‍ ജീവിച്ച എല്ലാവിധത്തിലുമുള്ള കൊല്ലിനും കൊലയ്ക്കും എതിരായ സുവിശേഷ ചൈതന്യത്തിന് ഘടക വിരുദ്ധമായിരുന്നു. ആദ്യം ഫ്രാന്‍സിസ് റോമന്‍ സമ്രാജ്യശക്തികളെയും കുരിശു യുദ്ധത്തിന്‍റെ വക്താക്കളായ കര്‍ദ്ദിനാളന്മാരെയും നേരില്‍ക്കാണുകയും, വിയോജിപ്പു പ്രകടിപ്പിക്കുകയും, എപ്രകാരം സഭയുടെ നിലപാടുകള്‍ സുവിശേഷമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ധരിപ്പിക്കുകയും ചെയ്തു.

എട്ടുനൂറ്റാണ്ടു പിന്നിട്ട സൗഹൃദകൂടിക്കാഴ്ച
അതില്‍പ്പിന്നെയാണ്, ഫ്രാന്‍സിസ് ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍നിന്നും യുദ്ധത്തിന്‍റെയും ശത്രുതയുടെയും ഒരു സംസ്കാരത്തിന് വിരുദ്ധമായി ആശ്ചര്യം ജനിപ്പിക്കുന്ന  ഒരു യാത്ര മുസ്ലിം സാമ്രാജ്യത്തിലേയ്ക്കു നടത്തിയത്. നിരായുധരായും സാധുവേഷത്തിലും  പ്രത്യക്ഷപ്പെട്ട ക്രിസ്ത്യാനികളായിരുന്ന ഫ്രാന്‍സിസിനെയും സഹോദരന്‍ ഇലൂമിനാത്തൂസിനെയും സുല്‍ത്താന്‍റെ സൈന്യം ബന്ധികളാക്കുകയും,  പീഠിപ്പിക്കുകയും ചെയ്തു. തങ്ങളെ അയച്ചത്, കുരിശുയുദ്ധക്കാരല്ല, ദൈവമാണെന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ച ഫ്രാന്‍സിസിന്‍റെ ചിന്തകളില്‍ ആകൃഷ്ടനായ സുല്‍ത്താന്‍ അവരെ അതിഥികളായി സ്വീകരിച്ചു.

സുവിശേഷത്തിലെ ശത്രുസ്നേഹത്തിന്‍റെ പാഠങ്ങളും, മതങ്ങളും സംസ്കാരങ്ങളും തമ്മില്‍ ആവശ്യമായ സൗഹാര്‍ദ്ദത്തെക്കുറിച്ചുമുള്ള ചിന്തകള്‍ ഫ്രാന്‍സിസ് സുല്‍ത്താനുമായി  പങ്കുവച്ചു. യാത്രപറയുമ്പോള്‍ സുല്‍ത്താന്‍ സമ്മാനങ്ങള്‍ നല്കിയെങ്കിലും, ഫ്രാന്‍സിസ് എല്ലാം തിരസ്കരിച്ചു, എന്നാല്‍ പ്രാര്‍ത്ഥനയ്ക്കു ക്ഷണിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത “മുവേസ്സിന്‍” കുഴല്‍ മാത്രം സ്വീകരിച്ചു. അതു  തന്‍റെ സമൂഹത്തില്‍ സഹോദരങ്ങളെ പ്രാര്‍ത്ഥനയ്ക്കു വിളിക്കാന്‍ ഫ്രാന്‍സിസ് ഉപയോഗിച്ചിരുന്നത്രേ! ഈജിപ്തിലെ ഡമിയേത്തയില്‍വച്ച് സുല്‍ത്താന്‍ അല്‍-മാലിക്കും അസ്സീസിയിലെ ‘പാവം’ ഫ്രാന്‍സിസും തമ്മില്‍ നടന്ന മതസൗഹാര്‍ദ്ദ കൂടിക്കാഴ്ചയുടെ 800-Ɔο  വാര്‍ഷീകമാണിത് – 2019!

അനിതരസാധാരണമായ മതസൗഹാര്‍ദ്ദശ്രമം
മദ്ധ്യപൂര്‍വ്വദേശത്തും യൂറോപ്പിലും ഇസ്ലാമിക ജിഹാദികളുടെ തേരോട്ടം നടക്കുന്ന സമകാലീന ലോകത്ത് അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയുടെ അനുസ്മരണം ചിലര്‍ക്കെങ്കിലും ഒരു വിരോദാഭാസമായോ, ഇന്നിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലെ ഒരു കല്ലുകടിയായോ അന്നെന്നപോലെ ഇന്നും തോന്നിയേക്കാം. എന്നാല്‍ ചരിത്രത്തില്‍ കീറിമുറിക്കപ്പെട്ട ഇസ്ലാം-ക്രൈസ്തവ ബന്ധങ്ങളിലെ ഏറ്റവും അനിതരസാധാരണമായ സമാധാന ശ്രമമായിട്ടാണ് സുല്‍ത്താന്‍ അല്‍-മാലിക്കുമായുള്ള അസ്സീസിയിലെ സിദ്ധന്‍റെ കൂടിക്കാഴ്ചയെ ചരിത്രകാരന്മാര്‍ കാണുന്നത്. ആധുനിക മതാന്തരസംവാദ സംരംഭങ്ങളുടെ മുന്നോടിയായ ഒരു പ്രവാചക ശബ്ദമായും വിശുദ്ധ ഫ്രാന്‍സിസിനെ ലോകം അംഗീകരിക്കുന്നു. പ്രവാചകന്‍ മുഹമ്മദിന്‍റെ പ്രബോധനങ്ങള്‍ക്കു മുന്നില്‍ ക്രിസ്തീയ മനസ്സാക്ഷി തുറക്കുന്ന ശരിയായ സംവാദശൈലിയുടെ മാതൃകയായും വിശുദ്ധ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തെ ലോകത്തെ തുറവുള്ള മതനേതാക്കള്‍ കാണുന്നുണ്ട്.

ഈജിപ്തിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് നടത്തിയ സന്ദര്‍ശം
2017-ലെ ഏപ്രില്‍ മാസത്തില്‍ ഈജിപ്തിലെ അല്‍-അസാര്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് അവിടത്തെ വലിയ ഇമാമും, യുണിവേഴ്സിറ്റിയുടെ ചെയര്‍മാനുമായ അഹമ്മദ് അത്-തയീബിനെ പത്രോസിന്‍റെ പിന്‍ഗാമി, പാപ്പാ ഫ്രാന്‍സിസ് ആശ്ലേഷിച്ചത്, അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ മതസൗഹാര്‍ദ്ദ സപര്യയുടെ തനിയാവര്‍ത്തനമായി സമകാലീന ചരിത്രത്തില്‍ തെളി‍ഞ്ഞുനില്ക്കുന്നു. മാത്രമല്ല, ലോകത്തെ രണ്ടു വലിയ മതന്യൂനപക്ഷങ്ങള്‍ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയില്‍ അടുക്കുന്ന ചരിത്ര സംഭവമായും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തെ, അസ്സീസിയിലെ സിദ്ധന്‍റേതുപോലെതന്നെ നവമായ കാല്‍വയ്പായി ലോകം അംഗീകരിക്കുന്നു. എന്നാല്‍ ക്രൈസ്തവികതയുടെയും ഇസ്ലാമിന്‍റെയും മതമൗലിക വീക്ഷണത്തില്‍ ഈ സൗഹാര്‍ദ്ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആശ്ലേഷങ്ങള്‍ക്കുനേരെ നെറ്റിചുളിക്കുന്നവരും ലോകത്തുണ്ട്.

അസ്സീസിയിലെ സമാധാനദൂതന്‍
ഫ്രാന്‍സിസ് എന്നും ചരിത്രത്തില്‍ സമാധാനദൂതനാണ്. തന്‍റെ സമകാലീന ലോകത്തിനും, ഇന്നും  സകല മതസ്ഥര്‍ക്കും അസ്സീസി സമാധാനത്തിന്‍റെ പ്രതീകവും ശാന്തികേന്ദ്രവുമാണ്. അതിന് തെളിവാണ് ഫ്രാന്‍സിസിന്‍റെ വിശ്വശാന്തിയുടെ പ്രാര്‍ത്ഥന, “ദൈവമേ എന്നെ അങ്ങേ സമാധാന ദൂതനാക്കണമേ!”  അസ്സീസിയിലെ സിദ്ധന്‍റെ ഈജിപ്തിലേയ്ക്കുള്ള മതസൗഹാര്‍ദ്ദ യാത്രയുടെ 800-Ɔο വാര്‍ഷികത്തി‍ന്‍റെ ഓര്‍മ്മയില്‍ പാപ്പാ ഫ്രാന്‍സിസ് തെക്കന്‍ അറേബ്യന്‍ പ്രവിശ്യയിലെ യുഎഇയിലേയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യവും വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാന പ്രാര്‍ത്ഥനയായിരുന്നു, “ദൈവമേ എന്നെ അങ്ങേ സമാധാനദൂതനാക്കണമേ!”

മതസൗഹാര്‍ദ്ദ പാതയിലെ  ‘ഫ്രാന്‍സിസ് നീക്കങ്ങള്‍’
വിശുദ്ധന്‍റെ വാക്കുകളിലും പ്രവൃത്തികളിലും സ്ഫുരിക്കുന്ന, അതിരുകള്‍ക്കതീതമായ ക്രിസ്തുസ്നേഹത്തിന്‍റേയും സൗഹൃദത്തിന്‍റേയും സമാധാന ദൂതാണ് 8 നൂറ്റാണ്ടുകള്‍ക്കു ശേഷവും ആ ചരിത്രസന്ദര്‍ശനത്തിന്‍റെ അനുസ്മരണയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നവമായി ഉയരുന്ന സമാധാനശ്രമങ്ങളെയും മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ നീക്കങ്ങളെയും നാം കാണേണ്ടത്. ക്രിസ്തു പ്രബോധിപ്പിച്ച ശത്രുസ്നേഹത്തിന്‍റെയും ക്ഷമിക്കുന്ന സ്നേഹത്തിന്‍റെയും കൃപ സകല ഹൃദയങ്ങളെയും സ്പര്‍ശിച്ചു എന്നതിനു തെളിവാണ് മതസൗഹാര്‍ദ്ദ പാതയിലെ “ഫ്രാന്‍സിസ് നീക്കങ്ങള്‍” ! പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ സന്ദര്‍ശനവും, മാര്‍ച്ച് 30, 31 തിയതികളില്‍ നടക്കാന്‍പോകുന്ന മൊറോക്കൊ അപ്പസ്തോലിക സന്ദര്‍ശനവും ലോകസമാധാനത്തിന്‍റെ വഴികളില്‍ ലോകത്തെ രണ്ടു വലിയ ന്യൂനപക്ഷ മതങ്ങളുടെ, ഇസ്ലാമിന്‍റെയും ക്രൈസ്തവികതയുടെയും കൈകോര്‍ത്തുള്ള നീക്കമായി വീക്ഷിക്കേണ്ടതാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ മൊറോക്കോ അപ്പസ്തോലിക യാത്രയ്ക്ക് ഭാവുകാശംസകള്‍ നേരുന്നു!

വിശുദ്ധ ഫ്രാന്‍സിസ് രചിച്ച സമാധാന പ്രാ‍ര്‍ത്ഥന
മലയാളത്തിലുള്ള ജനകീയമായ ഗാനരൂപം ശബ്ദരേഖയോടെ താഴെ ചേര്‍ക്കുന്നു :

ഗാനം - ദിവ്യമാം ശാന്തിതന്‍ ദൂതനായ് എന്നെ നീ


1. ദിവ്യമാം ശാന്തിതന്‍ ദൂതനായ് എന്നെ നീ
നിത്യം അയയ്ക്കേണമേ
ദിവ്യസന്ദേശങ്ങളെങ്ങും പരത്തുവാന്‍
എന്നെ അയയ്ക്കേണമേ.
വിദ്വേഷത്തിന്നിരുള്‍ നീക്കുവാന്‍ സ്നേഹത്തില്‍
ദീപം കൊളുത്തീടുവാന്‍
സത്യം പുലര്‍ത്തി അനീതിയകറ്റുവാന്‍
എന്നെ അയയ്ക്കേണമേ (2).

2. ദ്രോഹികളായോര്‍ക്കു മാപ്പു നല്കീടുവാന്‍
സൗഹൃദം പങ്കുവയ്ക്കാന്‍
ആശയറ്റുള്ളവര്‍ക്കാശ നല്കീടുവാന്‍
എന്നെ അയയ്ക്കേണമേ.
സംശയാലുക്കള്‍ തന്‍ ശങ്കയകറ്റുവാന്‍
വിശ്വാസം ചിന്തിടുവാന്‍
കൂരിരുള്‍ തന്നില്‍ പ്രകാശംപരത്തുവാന്‍
എന്നെ അയയ്ക്കേണമേ

3. ദുഃഖിത മാനസര്‍ക്കാശ്വാസമേകുവാന്‍
വേദനയാറ്റീടുവാന്‍
ഭാരംവഹിപ്പവര്‍ക്കത്താണിയാകുവാന്‍
എന്നെയയ്ക്കേണമേ.
ആശ്വാസം തേടാതെ ആശ്വസിപ്പിക്കുവാന്‍
ആശയുണര്‍ത്തേണമേ
സ്നേഹം തേടാതെന്നും സ്നേഹം കൊടുക്കുവാന്‍
എന്നെ അയയ്ക്കേണമേ (2)

4. നല്കിയാലത്രേ ലഭിപ്പതെന്നോര്‍ക്കുവാന്‍
നല്‍വരം നല്കേണമേ
കാരുണ്യം കാട്ടിയാല്‍ കാരുണ്യം കിട്ടിടും
എപ്പോഴും ഓര്‍ത്തീടുവിന്‍!
മൃത്യുവിലൂടെ താന്‍ നിത്യമാം ജീവിതം
കൈവരിച്ചീടും ദൃഢം
നിസ്തുല കാന്തിയില്‍ സൗഭഗ ശാന്തിയില്‍
ശാശ്വതം വാഴും മുദാ (2).

മലയാളത്തിലെ സമാധാനഗീതത്തിന്‍റെ ശില്പികള്‍
ആലാപനം വില്‍സണ്‍ പിറവവും സംഘവുമാണ്. ഗാനാവിഷ്ക്കാരം ഫാദര്‍ ജോസഫ് മനക്കില്‍. സംഗീത സംവിധാനം  ജെറി അല്‍മദേവ്. അസ്സീസിയിലെ സിദ്ധനോടുചേര്‍ന്ന് സമാധാനത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം. നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും, ലോകമെമ്പാടും സമാധാനം വളരട്ടെ, “ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനത്തിന്‍റെ ദൂതരാക്കണമേ!”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2019, 12:44