തിരയുക

Conference on protection of minors in the Vatican - brief inaugural address by Pope Francis Conference on protection of minors in the Vatican - brief inaugural address by Pope Francis 

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനത്തിന് തുടക്കമായി

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ആഗോളസഭയിലെ മെത്രാന്മാരുടെ സംഗമത്തിന് വത്തിക്കാനിലെ സിനഡുഹാളില്‍ തിരിതെളിഞ്ഞു :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രാര്‍ത്ഥനയോടെ തുടക്കം
ഫെബ്രുവരി 21-തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനിലെ സിന‍ഡുഹാളില്‍ ചേര്‍ന്ന സംഗമം പരിശുദ്ധാത്മാവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചുകൊണ്ട് ആരംഭിച്ചു. മെത്രാന്മാരുടെയും, സന്ന്യാസ സഭാദ്ധ്യക്ഷന്മാരുടെയും, കര്‍ദ്ദിനാളന്മാരുടെയും, പൗരസ്ത്യ പിതാക്കന്മാരുടെയും, ഇതര സഭൈക്യപ്രതിനിധികളുടെയും, വിദഗ്ദ്ധരുടെയും 200-പേരില്‍ അധികമുള്ള കൂട്ടായ്മ ഹാളില്‍ നിറഞ്ഞുനിന്നു. പാവനാത്മാവേ, വരിക (Veni Creator Spiritus)..., സ്വര്‍ഗ്ഗസ്ഥനായ പിതാവേ (Pater Noster)... എന്നീ സഭയുടെ പരമ്പരാഗത പ്രാര്‍ത്ഥനകള്‍ ലത്തീന്‍ ഭാഷയില്‍ എല്ലാവരും ചേര്‍ന്ന്, യഥാക്രമം പ്രാര്‍ത്ഥനയുടെ പ്രാരംഭത്തിലും സമാപനത്തിലും ആലപിച്ചത് സമ്മേളനത്തിന് ഹൃദയഹാരിയായ തുടക്കമായി.

പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖപ്രഭാഷണം
ഏറെ ഹ്രസ്വമായ പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖപ്രഭാഷണം, സഭയെയും ലോകത്തെയും മുറിപ്പെടുത്തുന്ന വിപത്തിനെ ഇല്ലായ്മചെയ്യാന്‍ ദൈവാത്മാവില്‍ ആശ്രയിച്ച് ആത്മാര്‍ത്ഥമായി പരിശ്രമിക്കാമെന്നുള്ള അഭ്യര്‍ത്ഥനയായിരുന്നു.

രണ്ടു പ്രബന്ധങ്ങള്‍ - കര്‍ദ്ദിനാള്‍ താഗ്ലെയും ആര്‍ച്ചുബിഷപ്പ് ഷിക്ലൂനയും
തുടര്‍ന്ന് രാവിലത്തെ സമ്മേളനത്തില്‍ ആദ്യം മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേയും, മാള്‍ട്ട അതിരൂപതയുടെ മെത്രാപ്പോലീത്തയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലൂനയുമാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. മനുഷീക പീഡനങ്ങളോടു നിസ്സംഗമായിരിക്കുന്ന വിശ്വാസം മിഥ്യയാണെന്നു പ്രബോധിപ്പിച്ച കര്‍ദ്ദിനാള്‍ താഗ്ലേ, ഉത്ഥിതനായ ക്രിസ്തുവിന്‍റെ മുറിപ്പാടുകളെ തിരിച്ചറിഞ്ഞ ആദ്യശിഷ്യന്മാരെപ്പോലെ പീഡിതരുടെ മുറിവകളെ തിരിച്ചറിഞ്ഞ്, സഭാപ്രേഷിതര്‍ തെറ്റുകള്‍ തിരുത്തി, ഉത്ഥിതന്‍റെ വഴിയെ ചരിക്കണമെന്നും ഉദ്ബോധിപ്പിച്ചു.  

പീഡനക്കേസുകള്‍ അവിശ്വസ്തതയുടെ അടയാളങ്ങള്‍
ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലൂനയുടേതായിരുന്നു രണ്ടാമത്തെ പ്രഭാഷണം. വിശ്വസ്ത ദാസരെയാണ് സഭാസേവനത്തിന് ആവശ്യം. ശുശ്രൂഷാ ജീവിതത്തിലെ അവിശ്വസ്തതയുടെ ബാഹ്യമായ അടയാളമാണ് ഇന്ന് ധാരാളമായി ലോകത്ത് കേള്‍ക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട സഭാശുശ്രൂഷകരുടെ ലൈംഗിക പീഡനക്കേസുകള്‍. “അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും. അധികം എല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും” (ലൂക്കാ 12, 48), ആര്‍ച്ചുബിഷപ്പ് ഷിക്ലീന സുവിശേഷകനെ ഉദ്ധരിച്ചു.

ഉച്ചയ്ക്കൊരു ഇടവേള
പ്രഭാഷണങ്ങളെ തുടര്‍ന്ന് ചിന്തിക്കാനും ആശയങ്ങള്‍ സ്വാംശീകരിക്കാനും, പ്രഭാഷകരോട് ചോദ്യങ്ങള്‍ ചോദിക്കാനും സമയമുണ്ടായിരുന്നു. പ്രാദേശിക സമയം മദ്ധ്യാഹ്നം 1.30-ന് ഉച്ചഭക്ഷണത്തിനായി സമ്മേളനം പിരിഞ്ഞു. രാവിലെ 9 മുതല്‍ 1.30-വരെയും ഉച്ചതിരിഞ്ഞ്
4-മുതല്‍ 6.30 വരെയുമാണ് സമ്മേളനസമയം. ഇടവേളകളില്‍ ഗ്രൂപ്പു ചര്‍ച്ചകളും അഭിപ്രായശേഖരണങ്ങളും നടക്കും. സമ്മേളനം ഫെബ്രുവരി 24, ഞായറാഴ്ച  സമാപിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2019, 19:02