തിരയുക

file photo : Pope Francis in the ecumenical gathering of Lund, Sweden in 2016 file photo : Pope Francis in the ecumenical gathering of Lund, Sweden in 2016 

സഭൈക്യവാരത്തിനു പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിക്കും

സഭകളുടെ കൂട്ടായ്മ ജനുവരി 18-മുതല്‍ 25-വരെ തിയതികളിലാണ് ലോകമെമ്പാടും ക്രൈസ്തവൈക്യവാരം ആചരിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

നീതിയോടെ വ്യാപരിക്കാനുള്ള ആഹ്വാനം
“നീതി, നീതിമാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക!” എന്ന മുഖ്യസന്ദേശവുമായിട്ടാണ് സഭകളുടെ കൂട്ടായ്മ സഭൈക്യവാരം ആചരിക്കുന്നത് (നിയമാവര്‍ത്തനം 16, 18-20). ജനുവരി 18 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രൈസ്തവൈക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുകയും വചനചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്യും. പഴയനിയമത്തിലെ, നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നും എടുത്ത ഉദ്ധരണിയാണ് ലോകമെമ്പാടും ക്രൈസ്തവമക്കള്‍ ആചരിക്കുന്ന 2019-ലെ സഭൈക്യവാരത്തിന് ധ്യാനവിഷയമാകുന്നത്.

“നീതി, നീതിമാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക!”
 
“നിന്‍റെ ദൈവമായ കര്‍ത്താവു നല്കുന്ന പട്ടണങ്ങളില്‍
ഗോത്രംതോറും ന്യായാധിപന്മാരെയും സ്ഥാനികളെയും നിയമിക്കണം.
അവര്‍ ജനങ്ങള്‍ക്ക് നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ!
നിന്‍റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്.
നിങ്ങള്‍ പക്ഷപാതം കാട്ടുകയോ കൈക്കൂലിവാങ്ങുകയോ അരുത്.
എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും
നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നീ ജീവിച്ചിരിക്കുന്നതിനും നിങ്ങളുടെ ദൈവമായ
കര്‍ത്താവു തരുന്ന രാജ്യം കൈവശമാക്കുന്നതിനുംവേണ്ടി
നീതി, നീതിമാത്രം പ്രവര്‍ത്തിക്കുക.”
- നിയമാവര്‍ത്തനം 16, 18-20.

പ്രാര്‍ത്ഥനയിലെ സഭകളുടെ കൂട്ടായ്മ
ആണ്ടുവട്ടം - സാധാരണകാലം ആദ്യവാരം വെള്ളിയാഴ്ചത്തെ സായാഹ്നപ്രാര്‍ത്ഥനയില്‍ (Vespers) സഭയില്‍ കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, പുരോഹിതശ്രേഷ്ഠരും, വിശ്വാസികളും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവസഭകളുടെ അദ്ധ്യക്ഷന്മാരും പാപ്പാ ഫ്രാന്‍സിസിനൊപ്പം സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് തന്‍റെ പ്രതിനിധികളെയും ഇന്നാളില്‍ വത്തിക്കാനിലേയ്ക്ക് അയയ്ക്കുന്ന പതിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇത്തവണത്തെ സഭൈക്യപ്രാര്‍ത്ഥനകള്‍ ഒരുക്കി പ്രകാശനംചെയ്തത്, ഇന്തൊനേഷ്യയിലെ സഭകളുടെ കൂട്ടായ്മയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2019, 15:18