തിരയുക

പ്രത്യക്ഷീകരണത്തിരുന്നാള്‍-പൂജരാജാക്കന്മാര്‍ പ്രത്യക്ഷീകരണത്തിരുന്നാള്‍-പൂജരാജാക്കന്മാര്‍ 

പ്രത്യക്ഷീകരണത്തിരുന്നാള്‍ വത്തിക്കാനില്‍!

പ്രത്യക്ഷീകരണത്തിരുന്നാള്‍ക്കുര്‍ബ്ബാന വത്തിക്കാനില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവവാവിഷ്ക്കരണ തിരുന്നാള്‍ ദിനമായ ജനുവരി 6-ന്, (06/01/19) ഞായറാഴ്ച മാര്‍പ്പാപ്പാ വത്തിക്കാനില്‍ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിക്കും.

എപ്പിഫനി, രാക്കുളിപ്പെരുന്നാള്‍, ദനഹാത്തിരുന്നാള്‍ പ്രത്യക്ഷീകരണത്തിരുന്നാള്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍, പ്രാദേശിക സമയം, രാവിലെ പത്തുമണിക്കായിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സഘോഷമായ സമൂഹ ദിവ്യപൂജാര്‍പ്പണം.

ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ യഹൂദരുടെ രാജാവായി പിറന്ന, രാജാധിരാജനായ ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കുദേശത്തുനിന്ന് മൂന്നു ജ്ഞാനികള്‍, ആകാശത്തു കണ്ട നക്ഷത്രം ദിശ നിര്‍ണ്ണയനോപാധിയാക്കി അതിനെ പിന്‍ചെന്ന് എത്തുന്നതും പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിക്കുന്നതുമായ സംഭവം അനുസ്മരിക്കുന്ന ഈ തിരുന്നാള്‍ ദിനത്തില്‍, അനുവര്‍ഷം റോമില്‍ പതിവുള്ളതുപോലെ, പൂജരാജാക്കന്മാരുടെ വേഷമണിഞ്ഞവരും അവര്‍ക്കകമ്പടിയായുള്ള പാരമ്പര്യവേഷധാരികളും  ചേര്‍ന്ന നയനാനന്ദകരമായ പ്രദക്ഷിണം, വത്തിക്കാനിലേക്കു നയിക്കുന്ന രാജവിഥിയായ വിയ ദെല്ല കൊണ്‍ചിലിയാത്സിയോനെയില്‍, നടക്കും.

ഞായറാഴ്ചകളിലെ പതിവനുസരിച്ച് വത്തിക്കാനില്‍ മദ്ധ്യാഹ്നത്തില്‍  പാപ്പാ നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനാസമയത്തിനു മുമ്പ്  പ്രദക്ഷിണം വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരത്തില്‍ എത്തും. യുറോപ്പിലെ കുടുംബങ്ങളുടെ സമിതിയും മദ്ധ്യകിഴക്കെ ഇറ്റലിയിലെ അബ്രൂത്സൊ പ്രദേശത്തെ സുല്‍മോണ സാമൂഹ്യ സന്നദ്ധസംഘടനകളും-സാസ്ക്കാരിക-കായികവിനോദ സംഘടനകളും സംയുക്തമായിട്ടാണ് ഈ അണിനടത്തം ഒരുക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2019, 12:42