General Audience 16-01-19 General Audience 16-01-19 

സഭകളുമായുള്ള ഐക്യശ്രമങ്ങള്‍ ഐച്ഛികമല്ല : പാപ്പാ ഫ്രാന്‍സിസ്

2019 ജനുവരി 18-വെള്ളിയാഴ്ച മുതല്‍ 25-വെള്ളിയാഴ്ചവരെയാണ് ക്രൈസ്തവസഭകള്‍ സംയുക്തമായി ലോകമെമ്പാടും സഭൈക്യവാരം ആചരിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഐക്യവാരത്തിനു പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിക്കും
ജനുവരി 16-Ɔο തിയതി ബുധനാഴ്ച, വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് അനുവര്‍ഷം സഭയില്‍ ആചരിക്കാറുള്ള ക്രൈസ്തവൈക്യ വാരത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.  ഇതര ക്രൈസ്തവ സഭകളുമായുള്ള ഐക്യത്തിനുള്ള ശ്രമം ഐച്ഛികമല്ലെന്നും, അതിനെ ലാഘവത്തോടെ കാണരുതെന്നും തന്നെ ശ്രവിക്കാന്‍  എത്തിയ ആയിരങ്ങളെയും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജനുവരി 18, വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ്ലീഹായുടെ ബസിലിക്കയില്‍ നടത്തപ്പെടുന്ന സായാഹ്നപ്രാര്‍ത്ഥനയോടെ ക്രൈസ്തവൈക്യവാരത്തിന് തുടക്കം കുറിക്കുമെന്ന് പാപ്പാ എല്ലാവരെയും അറിയിച്ചു.

ക്രിസ്തുവില്‍ നന്മചെയ്യാനുള്ള ഒത്തുചേരല്‍
“സത്യമായും നീതി പ്രവര്‍ത്തിക്കുക,” എന്ന നിയമാവര്‍ത്തന ഗ്രന്ഥത്തിലെ സന്ദേശവുമായിട്ടാണ് സഭകളുടെ കൂട്ടായ്മ സഭൈക്യവാരം ആഹ്വാനംചെയ്തിരിക്കുന്നത്.  “എല്ലാവരും ഒന്നാകുന്നതിന്...” (യോഹ. 17, 21) എന്നുള്ള  ക്രിസ്തുവിന്‍റെ ആഹ്വാനം ഹൃദയത്തിലേറ്റി,  സകല ക്രൈസ്തവരും തിരിച്ചുവരുവാനും, ഏകകുടുംബമായി ജീവിക്കുവാനുമുള്ള ശ്രമമാണ് ഈ പ്രാര്‍ത്ഥനാവാരം. അനുവര്‍ഷം  വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോട് അനുബന്ധിച്ച്, (ജനുവരി 25) നടത്തുന്ന ഈ ആചരണത്തിലൂടെ നീതിയുടെ വഴികളിലും, പാവങ്ങളോടുള്ള പ്രതിബദ്ധതയിലും സഭകള്‍ വളര്‍ന്ന്  യഥാര്‍ത്ഥത്തില്‍ സ്ഥായീഭാവമുള്ളതും, ഉചിതവും, ഫലവത്തുമായ ക്രൈസ്തവൈക്യം ലോകത്ത് വളര്‍ത്തിയെടുക്കാനാണ് സഭകളുടെ കൂട്ടായ്മ  പരിശ്രമിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2019, 19:50