തിരയുക

Cardinal Pietro Parolin - speaking on World Youth Day Cardinal Pietro Parolin - speaking on World Youth Day 

പനാമയില്‍ യുവജനങ്ങളുടെ ആനന്ദദായകമായ കൂടിക്കാഴ്ച

ലോകയുവജനോത്സവത്തെക്കുറിച്ചു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ നല്കിയ അഭിമുഖത്തില്‍നിന്ന് :

ലോകയുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം കര്‍ദ്ദിനാള്‍ പരോളിനും ജനുവരി 23-Ɔο തിയതി ബുധനാഴ്ച പനാമയിലേയ്ക്ക് യാത്രചെയ്യുംമുന്‍പേ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ നിന്നെടുത്ത  പ്രസക്ത ഭാഗങ്ങളാണു താഴെ.

യുവജനങ്ങള്‍ ആനന്ദത്തിന്‍റെ സ്രോതസ്സുകള്‍
യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച ആനന്ദദായകമാണ്. പനാമ യുവജനോത്സവത്തിനുമുന്‍പ് ആഗോളയസഭയില്‍ നടന്ന മറ്റൊരു വലിയ സംഭവം യുവജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ മെത്രാന്മാരുടെ സിനഡുസമ്മേളനമായിരുന്നു. സഭാമക്കളായ “യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും” എന്ന വിഷയത്തെ അധികരിച്ച് 2018 ഒക്ടോബറില്‍ ആഗോള യുവജന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സിനഡു സമ്മേളനവും യുവജനങ്ങളുടെ  കൂട്ടായ്മയും അവരുടെ സ്വയസിദ്ധമായ ആഹ്ലാദപ്രകടനങ്ങളുംകൊണ്ട് ആനന്ദദായകമായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് യുവജനങ്ങള്‍ക്കുവേണ്ടി ഒരു സിനഡുസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അതിനെ തുടര്‍ന്നു പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന യുവജനങ്ങളുടെ ചരിത്ര സമ്മേളനമാണ് പനാമയില്‍ ആസന്നമാകുന്നത്.

ഈ ആനന്ദത്തിന്‍റെ പിന്നിലെ വ്യക്തമായ സുചികകള്‍ കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. ആദ്യമായി, യുവജനങ്ങള്‍ സഭയുടെ ഭാഗമാണ്. ഇത് സിനഡുസമ്മേളനത്തിന്‍റെ അടിസ്ഥാന നിലപാടുമായിരുന്നു. യുവജനങ്ങള്‍ സഭയിലെ പുറംനിരീക്ഷകരോ, വരുത്തരായ സംവാദകരോ അല്ല. മറിച്ച് സഭയില്‍ ജീവിക്കുകയും, അവളുടെ ദൗത്യത്തില്‍ എന്നും പങ്കുകാരാകുകയും ചെയ്യേണ്ട സഭാതനയരാണ് അവര്‍. അതിനാല്‍ പനാമയില്‍ യുവജനങ്ങള്‍ക്കൊപ്പമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം യുവജനങ്ങള്‍ക്കും ഏറെ ആനന്ദത്തിന്‍റെ അനുഭവമായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളില്‍, ശനിയാഴ്ച ജനുവരി 19-Ɔο തിയതി നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

യുവജനങ്ങളെ ശ്രവിക്കാനും അവര്‍ക്കൊപ്പം നടക്കാനും!
യുവജനങ്ങളില്‍ പ്രകടമാകുന്ന ആനന്ദത്തോടു സഭയും, സഭയുടെ പ്രേഷിതപ്രവര്‍ത്തന വിഭാഗങ്ങളും രണ്ടുവിധത്തിലാണ് പ്രത്യുത്തരിക്കേണ്ടതെന്ന് സിനഡുസമ്മേളനത്തില്‍ വ്യക്തമായി ഉരുത്തിരിഞ്ഞ കാര്യമാണ്. ഒന്ന്, അവരെ ശ്രവിക്കുക; രണ്ടാമതായി, അവര്‍ക്കൊപ്പം നടക്കുക (Listening and Accompanying). ശ്രവിക്കുക, എന്ന ആശയവിനിമയത്തിന്‍റെ അടിസ്ഥാന തത്വത്തിന് ഒരു പാരസ്പരിക ഭാവമുണ്ട്. യുവജനങ്ങളെ സഭയും മുതിര്‍ന്നവരും ശ്രവിക്കുന്നതുപോലെ, യുവജനങ്ങള്‍ സഭയെയും മുതിര്‍ന്നവരെയും ശ്രവിക്കാന്‍ തയ്യാറാകണം. അവര്‍ സഭയെ അല്ലെങ്കില്‍ സഭയുടെ വിവിധ സംവിധാനങ്ങളെ തുറവോടെ ശ്രവിക്കുകയും മനസ്സിലാക്കുകയും വേണം. സഭാസംവിധാനങ്ങള്‍ എന്നും യുവജനങ്ങളെ തുറവോടെ സമീപിക്കുകയും, അവരെ ശ്രവിക്കുകയും, അവരുമായി സംവദിക്കുകയും ചെയ്യേണ്ടതാണ്. കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

ക്രിസ്തുവില്‍ രൂപാന്തരപ്പെടേണ്ട യുവജനങ്ങള്‍
യുവജനങ്ങളുടെ ജീവിതസ്വപ്നങ്ങളും ആദര്‍ശങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കുന്ന സഭയ്ക്കു മാത്രമേ അവര്‍ക്കൊപ്പം അനുയാത്രചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതുവഴി സഭ അടിസ്ഥാനപരമായി ലക്ഷ്യംവയ്ക്കുന്നത്, യുവജനങ്ങളെ തുറവോടെ ശ്രവിക്കാനും, അവരോടൊപ്പം ജീവിതത്തില്‍ അനുയാത്രചെയ്യാനുമാണ്. അതുവഴി ക്രിസ്തുവിനെ പരമമായി കണ്ടെത്താനും, അവിടുന്നില്‍ രൂപാന്തരപ്പെട്ടു വളരാനും, അതിലൂടെ അവരുടെ ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുമാണ് സഭ ആഗ്രഹിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ വിശദീകരിച്ചു.

മറിയത്തിന്‍റെ സമര്‍പ്പണം യുവജനങ്ങള്‍ക്ക് മാതൃക
യുവജനങ്ങള്‍ക്കുവേണ്ടി പനാമയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ്  മുന്‍കൂറായി അയച്ച വീഡിയോ സന്ദേശത്തിന്‍റെ ഉള്ളടക്കവും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. “അങ്ങേ ഹിതം പോലെ എന്നില്‍ എല്ലാം നിറവേറട്ടെ” (ലൂക്കാ 1, 38)! സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള കന്യകാനാഥയുടെ ഈ വാക്കുകള്‍ ആപ്തവാക്യമാക്കുന്ന പനാമ യുവജനോത്സവത്തില്‍ മറിയത്തിന്‍റെ ജീവിതസമര്‍പ്പണമാ‌‌ണ്  പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്ക് മാതൃകയായി നല്കുന്നത്. മറിയത്തിന്‍റെ വാക്കുകളും പ്രതികരണവും നിശ്ചയദാര്‍ഢ്യമുള്ളതാണ്. ദൈവം തന്നെ വിളിച്ചതിന്‍റെ അന്തരാര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടും, ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടിയുള്ള വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാണെന്നു കൃത്യമായി ഉള്‍ക്കൊണ്ടുമാണ് മറിയം ദൈവഹിതത്തോടു തുറവുകാട്ടിയതും പ്രത്യുത്തരിച്ചതും.

അപരനായി ജീവന്‍ സമര്‍പ്പിക്കുന്നതിന്‍റെ ആനന്ദം
ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്, നാം അത് മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുമ്പോഴാണ്. എല്ലാവരും വിശ്വസിക്കുന്നതും അംഗീകരിക്കുന്നതുമായ കാര്യമാണ്, “ലോകം ഇനിയും ഒരു നല്ലിടമാക്കി മാറ്റേണ്ടതുണ്ട്.” മറിച്ചു ചിന്തിക്കുന്നവര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍, എങ്ങനെ നമുക്കീ ലോകത്തെ മെച്ചപ്പെടുത്താം എന്നതാണ് പ്രശ്നം. മറിയത്തിന്‍റെ സമ്മതം, “ഇതാ, കര്‍ത്താവിന്‍റെ ദാസി!” എന്ന പ്രത്യുത്തരം നമുക്കൊരു പ്രത്യക്ഷവും മൂര്‍ത്തവുമായ സൂചികയായി സ്വീകരിക്കാവുന്നതാണ്. അതായത്, ആദ്യം ദൈവത്തിന്‍റെ പദ്ധതികള്‍ മനസ്സിലാക്കാന്‍, വ്യക്തി തന്‍റെ ഹൃദയം ദൈവിക പദ്ധതികള്‍ക്കായി തുറക്കണം. അങ്ങനെ ഹൃദയം തുറക്കുന്നവര്‍ക്ക് രക്ഷയുടെ വാഗ്ദാനങ്ങളില്‍ ആനന്ദദായകമായി പങ്കുചേരാനാകും. തീര്‍ച്ചയായും, ലോകത്തിനു ക്രിസ്തു നല്കുന്ന രക്ഷയുടെ ആനന്ദം പങ്കുവയ്ക്കുന്ന ഉപകരണങ്ങളാകാന്‍ അതുവഴി യുവജനങ്ങള്‍ക്കു സാധിക്കും. അതിനാല്‍ ലോകത്തിന് അടിസ്ഥാനപരമായി സന്തോഷംപകരാനും നന്മയുടെ ഉപകരണങ്ങളാകാനും മറിയത്തെപ്പോലെ യുവജനങ്ങള്‍ക്കു സാധിക്കുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശിച്ചു.

തദ്ദേശ ജനതയെ ലോകം ഉള്‍ക്കൊള്ളണം
സംസ്കാര  സമ്പന്നരെന്നും, ഉന്നതസ്ഥരെന്നും സ്വയം ചിന്തിക്കുന്നവര്‍ തദ്ദേശ ജനതയെ (Indigenous people) ചൂഷണംചെയ്യുന്നതും, ലോകത്ത് “വലിച്ചെറിയല്‍ സംസ്കാരം” (culture of waste) വളര്‍ത്തുന്നതും ഇന്ന് എവിടെയും കാണുന്ന വലിയ തിന്മയായി കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മദ്ധ്യമേരിക്കയിലെ പനാമയില്‍ അരങ്ങേറുന്ന യുവജനോത്സവത്തിന്‍റെ പിന്നില്‍ തദ്ദേശസംസ്കാരങ്ങളുടെ മോചനവും അഭിവൃദ്ധിയും പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. തദ്ദേശീയജന സമൂഹത്തിലെ യുവജനങ്ങളെ കരുപ്പിടിപ്പിച്ചാല്‍ മാനവികതയുടെ സുസ്ഥിതിക്കും വികസനത്തിനും വലിയ സംഭാവനകള്‍ നല്കാന്‍ അവര്‍ക്കാകും. എന്തുണ്ട് എന്നതിനെക്കാള്‍, യുവജനങ്ങള്‍ ആയിരിക്കുന്ന തങ്ങളുടെ അസ്തിത്വത്തിന്‍റെ തനിമയില്‍  നല്ലബന്ധങ്ങളും പാരസ്പരികതയും സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കും അവസരങ്ങള്‍ ലഭ്യമാകേണ്ടതാണ്. മൂല്യങ്ങളില്‍ വളരാനും,  അടിയുറച്ചുനില്ക്കാനും തദ്ദേശീയ യുവജനങ്ങള്‍ക്കും അവസരങ്ങള്‍ ലഭിച്ചാല്‍ മാനവികതയുടെ നന്മയില്‍ തീര്‍ച്ചയായും അവരും വലിയ പങ്കുവഹിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

പനാമയുടെ തന്ത്രപ്രാധാന്യം
മനുഷ്യക്കടത്തും, കുടിയേറ്റവും, മയക്കുമരുന്നു കൂട്ടുകെട്ടുകളും അധികമായുള്ള മദ്ധ്യ അമേരിക്കന്‍ ഭൂപ്രദേശം യുവജനോത്സവ വേദിയായി പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്തത് തന്ത്രപരമായിട്ടാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ സമ്മതിച്ചു. മനുഷ്യാന്തസ്സിനോടും മൂല്യങ്ങളോടും അവകാശങ്ങളോടും ആദരവുള്ള ഒരു വ്യത്യസ്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ തിന്മയായിട്ടുള്ളവ മാറ്റിയെടുക്കണമെന്ന സന്ദേശം യുവജനങ്ങള്‍ക്കു നല്കുന്നതിനുവേണ്ടിത്തന്നെയാണ് പ്രതിസന്ധികള്‍ അധികമായുള്ള ഒരു ഭൂപ്രദേശം യുവജനങ്ങളുടെ സംഗമവേദിയായി ഇത്തവണ പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്തതെന്ന്
കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു. “യുവജനങ്ങളേ, നിങ്ങള്‍ നിരാശരാകരുത്. മുന്നോട്ടുതന്നെ ചരിക്കുക! നന്മചെയ്യാനും ലോകത്തിന് ഇത്തിരി വെട്ടമാകാനും നിങ്ങള്‍ക്കു സാധിക്കും. ഓരോ യുവാവിനും യുവതിക്കും ഈ കാലഘട്ടത്തെയും അതിന്‍റെ ചരിത്രത്തെയും തനതായ വിധത്തില്‍ സ്പര്‍ശിക്കാനാകും,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിലെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പനമായുടെ അത്യപൂര്‍വ്വമായ തിരഞ്ഞെടുപ്പിന്‍റെ പിന്നിലെ തന്ത്രപ്രാധാന്യത്തെ കര്‍ദ്ദിനാള്‍ പരോളിന്‍ സ്ഥിരീകരിച്ചത്.

യുവജനങ്ങള്‍ക്കു നല്ല രാഷ്ട്രീയത്തിന്‍റെ വക്താക്കളാകാം!
"യുവജനങ്ങള്‍ ഗൗരവകരമായ കണക്കിലെടുക്കുകയും, സജീവമായി പങ്കെടുക്കുകയും, നവകരിക്കുകയും ചെയ്യേണ്ട മേഖലയാണ് രാഷ്ട്രീയം,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനദിന സന്ദേശത്തിലെ ചിന്തകള്‍ കടമെടുത്തുകൊണ്ട്, കര്‍ദ്ദിനാള്‍ പരോളിന്‍ രാഷ്ട്രീയത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചു എന്ന ചോദ്യത്തിനു ഉത്തരംപറഞ്ഞു. അഴിമതിയും, അനീതിയും, മനുഷ്യാവകാശ ലംഘനങ്ങളും ധാരാളമായുള്ള ഇന്നിന്‍റെ രാഷ്ട്രീയ മേഖലയെയും നയങ്ങളെയും നവീകരിക്കാന്‍ മൂല്യബോധവും ഉത്തരവാദിത്ത്വപൂര്‍ണ്ണവുമായ രാഷ്ട്രീയ ശൈലിയിലേയ്ക്ക് സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും മെല്ലെ നയിക്കുവാന്‍ പൗരന്മാരായ യുവജനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്ത്വമുണ്ട്. പൊതുനന്മയും, കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും, അവസാനം ലോകത്തിന്‍റെതന്നെ സമാധാനമായിരിക്കണം നല്ലരാഷ്ട്രീയത്തിന്‍റെ പരമമായ ലക്ഷ്യവും, അതില്‍ യുവജനങ്ങളുടെ പങ്കാളിത്തവുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.

ലോകം കൂടുതല്‍ പ്രകാശപൂര്‍ണ്ണമാകട്ടെ!
സംസ്കാരവും, ജീവിതസ്വപ്നങ്ങളും, മറ്റെല്ലാഗുണഗണങ്ങളും തങ്ങളുടെ പ്രായക്കാരുമായി പങ്കുവയ്ക്കാന്‍, ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നും പനാമയില്‍ എത്തിപ്പെടുന്ന യുവജനങ്ങളുടെ സംഗമം നന്മയുടെയും നീതിയുടെയും സത്യത്തിന്‍റെയും സുവിശേഷവെളിച്ചത്തില്‍ ലോകത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഉദ്യമമാകട്ടെ, എന്ന് ഉച്ചരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2019, 13:14