തിരയുക

 Andrea Tornielli, the Chief Editor of Vatican media Andrea Tornielli, the Chief Editor of Vatican media  

ദേശീയമെത്രാന്‍ സമിതികളുടെ തലവന്മാരുടെ സമ്മേളനം അജപാലനപരം

2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് ദേശീയസഭകളുടെ അദ്ധ്യക്ഷന്മാരെ ആഗോളതലത്തില്‍ വിളിച്ചുകൂട്ടുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാധ്യമ പ്രസക്തമല്ല അജപാലനപരം 

പീഡനക്കേസുകളെ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ദേശീയ മെത്രാന്‍ സമിതികളുടെ അദ്ധ്യക്ഷന്മാരുടെ സമ്മേളനം തികച്ചും അജപാലനപരമാണെന്നും, അതിന് അമിതമായ മാധ്യമ പ്രസക്തിയില്ലെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയാ തൊര്‍ണിയേല്ലി ജനുവരി 10-ന് പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

വേദനാജനകമായ വിപത്തിനു പരിഹാരം
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെയും, പ്രായപൂര്‍ത്തി എത്തിയ വ്രണിതാക്കളായരുടെയും പ്രശ്നങ്ങള്‍ ഇല്ലായ്മചെയ്യാനാണ് മുന്‍പൊരിക്കലും ഇല്ലാത്ത സംഗമം വത്തിക്കാനില്‍ ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പത്രോസിന്‍റെ പിന്‍ഗാമി ദേശീയ സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനം വിളിച്ചുകൂട്ടുന്നത്; അതും ഏറെ വേദനാജനകമായ ഒരു വിപത്തിനെക്കുറിച്ച്, സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തനിമയാര്‍ന്ന രീതിയിലും, സംവാദത്തിന്‍റെ പാതയിലും, പ്രശ്നപരിഹാരത്തില്‍ എത്തിച്ചേരുവാന്‍ വേണ്ടിയാണ് ഓരോ രാജ്യത്തെയും മെത്രാന്‍ സമിതികളുടെ തലവന്മാരെ വത്തിക്കാനിലേയ്ക്ക് പാപ്പാ വിളിച്ചിരിക്കുന്നത്.

മാധ്യമപരമായ അമിതാവേശം അസ്ഥാനത്ത്
ആഗോളതലത്തിലുള്ള സഭാദ്ധ്യക്ഷന്മാരും  മറ്റു തിരഞ്ഞെടുക്കപ്പെട്ട ‍അജപാലകരും സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് കാലികമായി പൊന്തിവന്നിട്ടുള്ള ഈ വിപത്തിനെ ഇല്ലായ്മചെയ്യാനുള്ള ശ്രമത്തില്‍,  മാധ്യമപരമായ അമിതാവേശത്തിനോ പ്രതീക്ഷയ്ക്കോ പ്രസക്തിയില്ലെന്ന് തൊര്‍ണിയേല്ലി അഭിപ്രായപ്പെട്ടു. പ്രശ്നവുമായി ബന്ധപ്പെട്ടവരെ സത്യസന്ധമായ രീതിയില്‍ സമീപിച്ചുകൊണ്ട് ഇരകളായവരെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം, പീഡനക്കേസുകള്‍ ഒരിക്കലും മൂടിവയ്ക്കരുത് എന്നെല്ലാമുള്ള വ്യക്തമായ ധാരണകളോടെ ഓരോ രാജ്യങ്ങളിലെയും സഭയെ നയിക്കാനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും അതിനുള്ള കരുത്തും അജപാലകര്‍ക്കു നല്കാനാണ്, സഭാചരിത്രത്തില്‍ ആദ്യത്തേതും അത്യപൂര്‍വ്വവുമായ ഈ സമ്മേളനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നത്.

പീഡനക്കേസുകള്‍  സുവിശേഷ സാക്ഷ്യത്തിനും വിപത്ത്
ഇരകളായ വ്യക്തികള്‍ക്കും ആഗോളസഭയുടെ സുവിശേഷസാക്ഷ്യത്തിനും ഒരുപോലെ വിപത്തായി മാറിയിട്ടുള്ള സഭാശുശ്രൂഷകരുടെ ലൈംഗിക പീഡനക്കേസുകള്‍ പരിഹരിക്കാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ രാജ്യാന്തര സ്വഭാവമുളള ഉദ്യമംതന്നെ തെറ്റിന്‍റെ ഗൗരവ്വവും ഗാംഭീര്യവും വെളിപ്പെടുത്തുന്നുവെന്ന് തൊര്‍ണിയേല്ലി ചൂണ്ടിക്കാട്ടി.  

എന്തു ചെയ്യണം, എന്തുചെയ്യരുത്?
സമ്മേളനത്തിന്‍റെ ലക്ഷ്യങ്ങള്‍ വളരെ സ്പഷ്ടമാണ്. സംഗമിക്കുന്ന ദേശീയ സഭകളുടെ അദ്ധ്യക്ഷന്മാര്‍ക്ക്, ഇനി പീഡനക്കേസുകളെ സംബന്ധിച്ച് എന്തുചെയ്യണമെന്നും, എന്താണ് ചെയ്യരുതാത്തതെന്നുമുള്ള വ്യക്തമായ ധാരണയോടെ സഹോദര മെത്രാന്മാരെ പാപ്പാ ഫ്രാന്‍സിസ് യാത്രയാക്കുമെന്നും തൊര്‍ണിയേലി ജനുവരി 10-ന് പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.

വൈവിധ്യങ്ങളിലെ പ്രശ്നങ്ങളും പ്രതിവിധികളും
ഏറെ സാംസ്കാരിക വൈവിധ്യങ്ങളുള്ള സമൂഹ്യപരിസരങ്ങളില്‍നിന്നും, തനിമയുള്ളതും ക്ലേശകരവുമായ ദേശീയ പശ്ചാത്തലങ്ങളില്‍നിന്നും വരുന്ന മെത്രാന്മാരുടെ പ്രശ്നങ്ങള്‍ക്കും, അവ ആവശ്യപ്പെടുന്ന  പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും ഏറെ സങ്കീര്‍ണ്ണവും സാംസ്കാരികവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യതയെന്നും തൊര്‍ണിയേല്ലി ആശങ്കപ്രകടിപ്പിച്ചു. അതിനാല്‍ ഗൗരവകരമായ ഈ അപരാധത്തെക്കുറിച്ചുള്ള അവബോധവും അറിവും, അത് സഭയില്‍നിന്നും സമൂഹത്തില്‍നിന്നും ഒരുപോലെ ഇല്ലായ്മചെയ്യാനുള്ള അവസരമാക്കി ഈ സംഗമത്തെ മാറ്റാനാണ് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നതെന്നും തൊര്‍ണിയേല്ലി പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 January 2019, 15:26