Smoke and steam billows from Belchatow Power Station Smoke and steam billows from Belchatow Power Station 

പരിസ്ഥിതിയും നൈനീതിക രാഷ്ട്രീയനയങ്ങളും – cop24

പോളണ്ടിലെ കട്ടോവിത്-സില്‍ കോപ്24 (Cop24) രാഷ്ട്രങ്ങളുടെ കാലാവസ്ഥ ഉച്ചകോടി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഡിസംബര്‍ 5, ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് യുഎന്നിലെ വത്തിക്കാന്‍ സ്ഥാനപതി കോപ് 24-ല്‍ ഉയരുന്ന ചിന്താധാരകള്‍ വത്തിക്കാന്‍റെ വാര്‍ത്താവിഭാഗവുമായി പങ്കുവച്ചത്.

ഇനിയും പരിഗണിക്കേണ്ട പാരിസ് ഉച്ചകോടീനയങ്ങള്‍

വ്യവസായ മേഖലകളിലെയും നഗരങ്ങളിലെയും  ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവ് രാഷ്ട്രങ്ങള്‍ ഗണ്യമായി നിയന്ത്രിച്ചാല്‍, അതുവഴി അന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ സംരക്ഷിക്കപ്പെടുകയും മെച്ചപ്പെട്ട കാലവസ്ഥയും പരിസ്ഥിതി സുസ്ഥിതിയും ഭൂമിക്കു ലഭിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നതായിരുന്നു പാരീസ് ഉച്ചകോടിയുടെ ശാസ്ത്രീയമായ നിഗമനം. അന്ന്, 2015-ല്‍ വന്‍രാഷ്ട്രങ്ങള്‍ നിസംഗത കാണിച്ച നിര്‍ദ്ദേശങ്ങള്‍ ഇന്നുവരെ ആരും നിഷേധിച്ചിട്ടില്ലെന്നും, അതിനാല്‍ പാരിസ് ഉച്ചകോടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രത്തലവന്മാര്‍ കോപ്24-ല്‍ സത്യസന്ധമായും  പ്രതിജ്ഞാബദ്ധമായും നീങ്ങിയാല്‍,  പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനും സുസ്ഥിരമാക്കാനും സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയനയങ്ങളില്‍  അനിവാര്യമായ സത്യസന്ധത
ആഗോളതാപനം നിയന്ത്രിക്കാനും, കാലാവസ്ഥക്കെടുതികള്‍ ഒഴിവാക്കാനും, മാനവകുലത്തിന് പാരിസ്ഥിതിക സുസ്ഥിതി അനുഭവിക്കാനും,  രാഷ്ട്രീയ നയങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ സത്യസന്ധമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കോപ്24-ന്‍റെ പ്രതീക്ഷ. രാഷ്ട്രനേതാക്കളുടെ തീരുമാനങ്ങള്‍ ധാര്‍മ്മികതയുള്ളതും, മനുഷ്യാന്തസ്സുമാനിക്കുന്നതും, ഇന്നിന്‍റേത് എന്നപോലെ മാനവികതയുടെ ഭാവി നന്മ കണക്കിലെടുക്കുന്നതുമായിരിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ കോപ്24-ന്‍റെ ഉത്ഘാടന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അക്കമിട്ടു പ്രസ്താവിച്ചത് ആര്‍ച്ചുബിഷപ്പ് ഔസാ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

കാലാവസ്ഥയുടെ തീവ്രത
ഇന്നു ലോകത്ത് മനുഷ്യകുലം അനുഭവിക്കുന്ന കാലാവസ്ഥയുടെ അസാമാന്യ തീവ്രത  (Extremes of climate) കുറയ്ക്കാന്‍ സഹായകമാകുന്ന വിധത്തില്‍ രാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് വന്‍രാഷ്ട്രങ്ങള്‍ വ്യവസായ മേഖലകളിലെയും നഗരങ്ങളിലെയും ഹരിതവാതക ബഹിര്‍ഗനത്തിന്‍ റെ (Expulsion of Green Gas) അളവു കുറയ്ക്കാനുള്ള പൊതുനയം ഉള്‍ക്കൊള്ളാനായാല്‍, സുസ്ഥിതിയുള്ള പരിസ്ഥിതിയില്‍ ആരോഗ്യകരമായ ജീവിതവും, കൃഷിയും തൊഴിലും പുനര്‍സ്ഥാപിക്കപ്പെടും. അങ്ങനെ സമഗ്രവികസനത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ധാര്‍മ്മികതയുള്ള രാഷ്ട്രീയ നയങ്ങള്‍  വഴിതെളിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

പരിസ്ഥിതി മലിനീകരണത്തിലെ ധാര്‍മ്മികത
ഇന്ന് ലോകം അനുഭവിക്കുന്ന പാരിസ്ഥിതിക കെടുതികള്‍ മനുഷ്യന്‍റെ ധാര്‍മ്മികതയെ ഉണര്‍ത്തേണ്ട പ്രശ്നമാണ്. മറിച്ച് അവ ഒരിക്കലും നവസാങ്കേതികതയുടെ പ്രതിസന്ധിയല്ലെന്നും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക സുസ്ഥിരതയ്ക്കായുള്ള രാഷ്ട്രങ്ങളുടെ സത്യസന്ധവും ധാര്‍മ്മികവുമായ നീക്കങ്ങള്‍ ദാരിദ്ര്യത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും അവയുമായി ബന്ധപ്പെട്ട നവമായ മറ്റു ദുരന്തങ്ങളില്‍നിന്നും മനുഷ്യകുലത്തെയും ഭൂമിയെയും സംരക്ഷിക്കാനാകുമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ (Laudato Si’ 139) ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ നിലപാടു സമര്‍ത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2018, 17:46