2018.11.09 Holy Mass in  Santa Marta 2018.11.09 Holy Mass in Santa Marta 

നമ്മുടെ പ്രാര്‍ത്ഥനാലയങ്ങള്‍ കച്ചവടകേന്ദ്രങ്ങളാക്കരുത്!

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്ന്... നവംബര്‍ 9-Ɔο തിയതി വെള്ളിയാഴ്ച, റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിരുനാളില്‍ - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജരൂസലത്ത് ഒരു ശുദ്ധികലശം
പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ചിന്തകള്‍ പങ്കുവച്ചത്. ക്രിസ്തുനാഥന്‍ ദേവാലയശുദ്ധി നടത്തിയ സംഭവം വിവരിക്കുന്ന സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കച്ചവടം പെരുകുന്ന ദേവാലയങ്ങള്‍
ജരൂസലത്ത് അന്നു സംഭവിച്ചതുപോലെ, അറിയാതെയും ശ്രദ്ധിക്കാതെയും നമ്മുടെ ദേവാലയങ്ങളും ചന്തസ്ഥലങ്ങള്‍പോലെ ആകുന്നുണ്ട്. റോമില്‍ അങ്ങനെ അല്ലായിരിക്കാം, എന്നാല്‍ ചില ദേവാലയങ്ങളില്‍ ഒരു “നിരക്കുപട്ടിക” തൂങ്ങിക്കിടക്കുന്നത് കാണാം. എങ്ങനെയാണ് കൂദാശകള്‍ക്കും മറ്റ് അടിയന്തിരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് പണം ഈടാക്കുന്നതെന്ന നിരക്കുഫലകമാണ് അവിടെ തൂങ്ങിക്കിടക്കുന്നത്! കുര്‍ബ്ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, കച്ചവടത്തുകയാകരുത്. അത് ഒരു സ്തോത്രക്കാഴ്ചയാണ്. സ്തോത്രക്കാഴ്ചകള്‍ കാണിക്കയാണ്. അത് രഹസ്യമായി നിക്ഷേപിക്കേണ്ടതോ, നല്കപ്പെടേണ്ടതോ ആണ്. സ്തോത്രക്കാഴ്ച എന്താണെന്ന് മറ്റാരും അറിയേണ്ടതില്ല. അത് ബോര്‍ഡില്‍ എഴുതി തിട്ടപ്പെടുത്തി വാങ്ങേണ്ടതുമല്ല.

ഭംഗിയുള്ള ആഘോഷം  ആര്‍ഭാടമാകണമെന്നില്ല!
ചില തിരുനാളാഘോഷങ്ങളിലേയ്ക്ക് നാം കടന്നു ചെല്ലുമ്പോള്‍ മനസ്സിലാക്കാം ആര്‍ഭാടങ്ങളുടെ തള്ളിച്ച. അതു നാം വിലയിരുത്തണം - കാണുന്നത് ഒരു ദേവാലയമാണോ, അതോ കച്ചവടകേന്ദ്രമോ? ആര്‍ഭാടങ്ങളുടെയും, സാമൂഹിക ആഘോഷങ്ങളുടെയും മണ്ഡപമാണോ ദേവാലയം? നമ്മുടെ ദൈവാലയാഘോഷങ്ങള്‍ ഇന്നു വളരെയധികം ലൗകികതയിലേയ്ക്ക് വഴുതിപ്പോകുന്നുണ്ട്. നല്ല ആഘോഷങ്ങള്‍ ഭംഗിയുള്ളതാരിക്കണം, തീര്‍ച്ച...! എന്നാല്‍ മനോഹരമായത് ലൗകികമല്ല, ലൗകികത പണത്തെയും സമ്പത്തിനെയും ആശ്രയിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സ്ഥാനത്ത് സമ്പത്തിനെ പൂജിക്കുന്നതും പ്രതിഷ്ഠിക്കുന്നതും ലൗകായത്വമാണ്, ലൗകികതയാണ്.

ദേവാലയത്തെക്കുറിച്ചു വേണ്ട ആത്മീയ തീക്ഷ്ണത
അതിനാല്‍ ഇന്നത്തെ സുവിശേഷത്തിന്‍റെയും, സഭ ആചരിക്കുന്ന ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിരുനാളിലും, ദേവാലയങ്ങളെക്കുറിച്ചു നമുക്കുള്ള തീക്ഷ്ണതയെക്കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. ഒരു ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ എത്രത്തോളം ആദരവ് നാം അവിടെ പാലിക്കുന്നുണ്ടെന്നും, ആദരവ് നല്കുന്നുണ്ടെന്നും മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്.

സമ്പത്തിന്‍റെ പ്രതിഷ്ഠ ഉപേക്ഷിക്കാം
നമ്മള്‍ എല്ലാവരും പാപികളും കുറവുകള്‍ ഉള്ളവരുമാണ്. നമ്മില്‍ പാപമുണ്ട്. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ വിഗ്രഹമുണ്ടെങ്കില്‍ അത് പണമാകാം, അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും തിന്മയാകാം. നമ്മില്‍ പാപമുണ്ടെങ്കില്‍ അവിടെ ദൈവവുമുണ്ട്. കാരണം ദൈവം പാപികളെ സ്നേഹിക്കുന്നു. അവിടുന്ന് പാപികളെ സ്നേഹിക്കുന്ന കരുണാര്‍ദ്രനായ പിതാവാണ്. പാപികളായ നാം ദൈവത്തെ സമീപിക്കുമ്പോള്‍ അവിടുന്നു നമ്മോടു ക്ഷമിക്കുന്നു. നാം പാപികളാണെങ്കിലും ദൈവത്തിന്‍റെ കരുണ നമ്മെ രക്ഷിക്കും. കാരണം പാപികളെ തേടി വന്നവനാണ് ദൈവം. പാപികളെ മോചിപ്പിക്കാന്‍ വന്ന രക്ഷകനാണ് ക്രിസ്തു!

സമ്പത്തിന്‍റെ വിഗ്രഹാരാധകര്‍
നാം സമ്പത്തിന്‍റെ ആരാധകരാണെങ്കില്‍ വിഗ്രഹാരാധകരെപ്പോലെയാണ്! അപ്പോള്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നില്ല. അവിടെ പണവും, സുഖലോലുപതയും അതുപോലുള്ള മറ്റു തിന്മകളുമാണ് തിങ്ങിനില്ക്കുന്നത്. അങ്ങനെ തന്‍റെ ആത്മാവിനെയാണ് വ്യക്തി സമ്പത്തിന് അടിയറവയ്ക്കുന്നത്. പണത്തെ പൂവിട്ട് ആരാധിക്കുന്നവര്‍ അങ്ങനെ വിഗ്രഹാരാധകരായി മാറുന്നു.

ക്രിസ്തുവാകുന്ന ദേവാലയം
ഇന്ന് നാം നമ്മുടെ ദേവാലയങ്ങളെ എങ്ങനെയാണ് സൂക്ഷിക്കുന്നത് എന്നു വിലയിരുത്താന്‍ സഹായകമാകുന്നതാണ് യേശു ജരൂസലേം ദേവാലയത്തില്‍ നടത്തിയ ശുദ്ധികലശം (യോഹ. 2, 13-22). ദൈവമായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് നാം ദേവാലയങ്ങളില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ടത്. കാരണം ക്രിസ്തുവാണ് ദൈവത്തിന്‍റെ ആലയം, അവിടുന്നാണ് നമ്മുടെ പ്രാര്‍ത്ഥനാലയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2018, 18:20