Coptic Christians  attacked in Egypt Coptic Christians attacked in Egypt 

ക്രൈസ്തവരായതിനാല്‍ അവര്‍ കൊല്ലപ്പെടുന്നു

ഞായറാഴ്ച, നവംബര്‍ 4-Ɔο തിയതി മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥന സന്ദേശത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും :

- ഫാദര്‍ വില്യം നെല്ലിക്കല്‍

കോപ്റ്റിക് ദേവാലയാക്രമണം ഈജിപ്തില്‍
 രണ്ടും ദിവസം മുന്‍പ് (നവംബര്‍ 2, വെള്ളി) ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖം അറിയിക്കുകയും, ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ കൊല്ലപ്പെട്ടത് ക്രൈസ്തവരായതുകൊണ്ടു മാത്രമാണെന്നും പാപ്പാ അറിയിച്ചു. വേദനിക്കുന്ന കുടുംബങ്ങളെയും കോപ്റ്റിക് സമൂഹത്തെയും സമാശ്വസിപ്പിക്കണമെന്ന് പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് പ്രസ്താവിച്ചുകൊണ്ട്, ഒരു നിമിഷത്തെ മൗനത്തെ തുടര്‍ന്ന് “നന്മനിറഞ്ഞ മറിയമേ…,” എന്ന പ്രാര്‍ത്ഥന പാപ്പാ ഉരുവിട്ടു. ജനങ്ങള്‍ അതേറ്റുചൊല്ലി.

വാഴ്ത്തപ്പെട്ട ക്ലേലിയ മെര്‍ലോണി
ഈശോയുടെ തിരുഹൃദയത്തിന്‍റെ പ്രേഷിതരായ  സഹോദരികള്‍ (The Apostolic Sisters of the Sacred heart of Jesus) എന്ന സന്ന്യാസമൂഹത്തിന്‍റെ സ്ഥാപക, ധന്യയായ ക്ലേലിയ മെര്‍ലോണി-യെ നവംബര്‍  4-‍Ɔο തിയതി ശനിയാഴ്ച റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വച്ച് സഭയിലെ‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുകയുണ്ടായി. ഉപവിയില്‍ തീക്ഷ്ണതയും പ്രതികൂല സാഹചര്യങ്ങളില്‍അപാരമായ ക്ഷമയും, വീരോചിതമായ ശാന്തശീലവുമുള്ള ഈ സ്ത്രീ ദൈവതിരുമനസ്സിന് തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിച്ചു. ധന്യയായ ഈ സുവിശേഷസാക്ഷിയുടെ ജീവിതത്തിന് നമുക്കു ദൈവത്തിനു നന്ദിപറയാം. വാഴ്ത്തപ്പെട്ട ക്ലേലിയ മെര്‍ലോണിയ തരുന്ന നന്മയുടെയും കാരുണ്യത്തിന്‍റെയും ജീവിതമാതൃക നമുക്കും അനുകരിക്കാം.

തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അഭിവാദ്യങ്ങള്‍
റോമില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും എത്തിയ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു, പ്രത്യേകിച്ച് ഓസ്ട്രിയയിലെ വിയെന്നയില്‍നിന്നും എത്തി വിദ്യാര്‍ത്ഥികളെ പ്രത്യേകം അനുമോദിച്ചു. ഫ്ലോറന്‍സിലെ ജോര്‍ജിയ ല പീര യുവജന പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കും, വെറോണയില്‍നിന്നും എത്തിയ യുവത്വമാര്‍ന്ന കുടുംബക്കൂട്ടായ്മയ്ക്കും ആശംസകള്‍ അര്‍പ്പിച്ചു. മിലാന്‍, പെത്തൊസീനോ, ചിവിത്തനോവ മാര്‍ക്കെ, ഒസ്യേരി എന്നിവിടങ്ങളിലെ  വിശ്വാസികള്‍ക്കും, കറുഗാത്തെ ഓറട്ടറിയിലെയും, മൊദേനാ, ലൊങ്കാരെ എന്നിവടങ്ങളില്‍ നിന്നും എത്തിയ സ്ഥൈര്യലേപനം സ്വീകരിച്ച യുവതീയുവാക്കള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് ഹൃദ്യമായി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

അപ്പസ്തോലിക ആശീര്‍വ്വാദവും പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയും
അഭിവാദ്യത്തെ തുര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി. പിന്നെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടും, പുഞ്ചിരിയോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടുമാണ് പാപ്പാ ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2018, 17:41