തിരയുക

Vatican News
Pope Francis has lunch with needy people - World Day of the Poor - 18th November 2018 Pope Francis has lunch with needy people - World Day of the Poor - 18th November 2018  (ANSA)

ദുരിതങ്ങളില്‍ മൗനനൊമ്പരവുമായ് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 18, ഞായറാഴ്ച. “പാവങ്ങളുടെ ആഗോളദിന”ത്തില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥന സന്ദേശത്തിനുശേഷം നല്കിയ ആശംസകളും അഭിവാദ്യങ്ങളും. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവില്‍ക്കൂടുതല്‍ ജനാവലി എത്തിയിരുന്നു, അതില്‍ അധികവും പാവങ്ങള്‍....!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ചുറ്റും തിങ്ങുന്ന പാവങ്ങള്‍
1. നവംബര്‍ 18-Ɔο തിയതി ഞായറാഴ്ച സഭ അനുസ്മരിച്ച “പാവങ്ങളുടെ ആഗോളദിന”ത്തോട് അനുബന്ധിച്ച് (Second World Day of the Poor), ഇടവക സമൂഹങ്ങള്‍ക്കൊപ്പവും പ്രസ്ഥാനങ്ങള്‍ക്കൊപ്പവും എത്തിയ ധാരാളം പാവങ്ങളോടും ചേര്‍ന്ന് താന്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍  ദിവ്യബലിയര്‍പ്പിച്ചത് പാപ്പാ എടുത്തുപറഞ്ഞു. തുടര്‍ന്ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ 1500-ല്‍ അധികം പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്നും അറിയിച്ചു. ഇതുപോലെ പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയും ധാരാളം പദ്ധതികള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരോടുള്ള സഹാനുഭാവത്തിന്‍റെയും സാമീപ്യത്തിന്‍റെയും പ്രതീകമായി ഇന്നാളില്‍ ലോകമെമ്പാടുമുള്ള രൂപതകളിലും ക്രൈസ്തവസമൂഹങ്ങളിലും സംവിധാനംചെയ്തിട്ടുള്ളത് പാപ്പാ ചൂണ്ടിക്കാട്ടി. ഇന്നിന്‍റെ സാമൂഹ്യചുറ്റുപാടില്‍ പാവങ്ങളായവര്‍ക്ക് കാരുണ്യത്തിന്‍റെ ഉപകരണങ്ങളും പ്രത്യാശയുടെ അടയാളവുമാകാന്‍ ഇടവകസമൂഹങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും “പാവങ്ങളുടെ ദിനാ”ചരണത്തില്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു!

മദ്ധ്യാഫ്രിക്കയിലെ കൂട്ടക്കുരുതി
2.  മദ്ധ്യാഫ്രിക്കയിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ കൂട്ടക്കുരുതിയില്‍ രണ്ടു വൈദികര്‍ അടക്കം 40 പേര്‍ കൊല്ലപ്പെട്ട വിവരം വ്യാഴാഴ്ച നവംബര്‍ 17-Ɔο തിയതി ഏറെ വേദനയോടെയാണ് അറിഞ്ഞതെന്ന് പാപ്പാ പ്രസ്താവിച്ചു. 2015-ലെ ജൂബിലിവര്‍ഷത്തില്‍ പ്രഥമ കാരുണ്യകവാടം താന്‍ തുറന്നുകൊടുത്ത ജനതയെ വേദനയുടെ ഈ അവസരത്തില്‍ തന്‍റെ സാന്ത്വനവും സാമീപ്യവും പാപ്പാ അറിയിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിപ്പെട്ടവരുടെ സൗഖ്യത്തിനായും പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, അന്നാട്ടിലെ അതിക്രമങ്ങള്‍ ഇല്ലാതായി സമാധാനം വളരുന്നതിന് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് പാപ്പാ ജനങ്ങള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ... എന്ന ജപംചൊല്ലി.

കലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടുതീ
3.  അമേരിക്കയില്‍ കലിഫോര്‍ണിയ സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയുടെ കെടുതിയും, അതിന്‍റെ തുടര്‍ച്ചയായി   കിഴക്കന്‍ തീരങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന ഉഗ്രതാപാവസ്ഥയും, മലീമസമായ അന്തരീക്ഷം കാരണമാക്കുന്ന ഭീമമായ പ്രതിസന്ധിയും പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖത്തോടെ അറിയിച്ചു. മരണമടഞ്ഞവരെയും കെടുതിയില്‍ ദുരതിമനുഭവിക്കുന്ന ആയരിങ്ങളെയും പാപ്പാ ഫ്രാന്‍സിസ് ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.

വത്തിക്കാനില്‍ പാവങ്ങളുടെ നിറസാന്നിദ്ധ്യം
4.  ഇറ്റലിയുടെ മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പാവങ്ങളുടെ ദിനത്തില്‍ വത്തിക്കാനില്‍ എത്തിയിട്ടുള്ള കുടുംബങ്ങള്‍ക്കും, ഇടവകക്കൂട്ടായ്മകള്‍ക്കും, സംഘടന പ്രസ്ഥാനങ്ങള്‍ക്കും, വ്യക്തികള്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. യൂണിയന്‍ സിറ്റി, ബ്രൂക്ലീന്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍, പുവര്‍ത്തെറീക്കോയില്‍നിന്നു മെത്രാനോടൊപ്പം വന്ന വിശ്വാസികള്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. അതുപോലെ, ബ്രസിലില്‍നിന്നും മെത്രാന്മാര്‍ക്കൊപ്പം എത്തിയിട്ടുള്ള വൈദികരുടെ കൂട്ടായ്മയ്ക്കും, ലോകത്തെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു! ഇറ്റലിയുടെ ദേശീയ മെത്രാന്മാന്‍ സംഘത്തിന്‍റെ കീഴിലുള്ള സ്കൂളുകളുടെ പ്രതിനിധിസംഘത്തിനും, ക്രോത്തോണെയിലെ വിശ്വാസ സമൂഹത്തിനും, റൊന്തോഞ്ഞോ തേര്‍മേയില്‍നിന്നും വന്നിട്ടുള്ള ഗായകസംഘത്തിനും പാപ്പാ പ്രത്യേകം അനുമോദനങ്ങള്‍ നേര്‍ന്നു.

ത്രികാലപ്രാര്‍ത്ഥനയും അപ്പസ്തോലിക ആശീര്‍വ്വാദവും
5.  ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്.

19 November 2018, 16:04