തിരയുക

Vatican News
Cardinale Raimundo Damasceno and Pope Benedict XVI Cardinale Raimundo Damasceno and Pope Benedict XVI 

പരിണാമവിധേയമാകുന്ന മനുഷ്യാവകാശങ്ങള്‍

നവംബര്‍ 15, ബുധന്‍ - വത്തിക്കാനിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ കത്തില്‍നിന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“അടിസ്ഥാന മനുഷ്യാവകാശവും, അവകാശങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും,” എന്ന വിഷയത്തെ ആധാരമാക്കിയുള്ള റോമിലെ രാജ്യാന്തര സംഗമത്തന് ബെനഡിക്ട് 16-‍Ɔമന്‍ പാപ്പാ അയച്ച ഹ്രസ്വസന്ദേശം.

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പഠനശിബിരം
പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ പേരില്‍ വത്തിക്കാന്‍ നടത്തുന്ന റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ (Ratzinger Foundation of Pope Emeritus Benedict XVI) ആഭിമുഖ്യത്തില്‍ നവംബര്‍ 15, 16 തിയതികളില്‍ റോമിലെ ലൂംസാ (Lumsa) യൂണിവേഴിസിറ്റി ഓഡിറ്റോറിയത്തിലായിരുന്നു “അടിസ്ഥാന മനുഷ്യാവകാശവും, അവകാശങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളു”മെന്ന വിഷയത്തെ അധികരിച്ച് സംഗമം നടന്നത്.  

മാറ്റം ഭവിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍
“അടിസ്ഥാന മനുഷ്യാവകാശവും, അവകാശങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും” എന്ന വിഷയത്തിന്‍റെ പ്രസക്തിയെക്കുറിച്ചു സന്ദേശത്തില്‍ വിവരിച്ച പാപ്പാ, എപ്രകാരം മനുഷ്യാവകാശങ്ങള്‍ കാലക്രമത്തില്‍ പരിണാമവിധേയമാക്കപ്പെടുന്നുവെന്നും, ഇന്ന് അവകാശങ്ങള്‍ വര്‍ദ്ധിച്ചിരിക്കെ, അവകാശം എന്ന ആശയംതന്നെ വികലമാക്കപ്പെട്ടിട്ടുണ്ടെന്നും പാപ്പാ ബെനഡിക്ട് കത്തില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യകുലത്തിന്‍റെ കൂട്ടായ്മയും സമാധാനപൂര്‍ണ്ണമായ
നിലനിലപും സംരക്ഷിക്കപ്പെടണം
മനുഷ്യകുലത്തിന്‍റെ കൂട്ടായ്മയും ഭൂമുഖത്തെ സമാധാനപൂര്‍ണ്ണമായ വാസവും സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന അവകാശംതന്നെയാണ്.
അത് വളരെ ആഴമായും ക്രമാനുഗതമായും കാലികമായും പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതും, അതിനെതിരായ പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുകയും വേണ്ടതാണ്.

ആശംസകളോടെ ഉപസംഹാരം
അതിനാല്‍ ഇതുസംബന്ധിച്ച ഈ സമ്മേളനത്തിലെ എല്ലാ പ്രബന്ധാവതാരകരെയും പണ്ഡിതന്മാരെയും ഏറെ സ്നേഹപൂര്‍വ്വം ശ്ലാഘിക്കുകയും ആത്മീയസാമീപ്യം അറിയിക്കുകയും ചെയ്യുന്നു. സഭാശുശ്രൂഷയിലുള്ള ഈ സമ്മേളനം മാനവകുടുംബത്തിന്‍റെ നന്മയ്ക്ക് ഉപകാരപ്രദമാകട്ടെ!  ഈ ആശംസയോടെയാണ്, റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഫ്രെദറിക്കൊ ലൊമ്പാര്‍ഡിവഴി അയച്ച കത്ത് 91 വയസ്സുള്ള പാപ്പാ ബെനഡിക്ട് കൈപ്പടയില്‍ കുറിച്ച കത്ത് ഉപസംഹരിച്ചത്.

15 November 2018, 20:32