യമനിലെ സായുധ വിമത സേന യമനിലെ സായുധ വിമത സേന 

രാഷ്ട്രങ്ങള്‍ ആയുധവിപണനം നിര്‍ത്തലാക്കണം

വത്തിക്കാന്‍റെ സ്ഥാനപതി യുഎന്നില്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുലഭമാകുന്ന വെടിക്കോപ്പുകള്‍
ഒരോ 15 മിനിറ്റിലും ലോകത്ത് എവിടെയെങ്കിലും മാരകമായ വെടിക്കോപ്പുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ന്യൂയോര്‍ക്ക് അസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസാ അഭിപ്രായപ്പെട്ടു.  ഒക്ടോബര്‍ 30-‍Ɔο തിയതി ചൊവ്വാഴ്ച യുഎന്ന് ആസ്ഥാനത്തു ചേര്‍ന്ന നിയമവിരുദ്ധമായ ആയുധവിപണത്തെക്കുറിച്ചു നടന്ന രാഷ്ട്രപ്രതിനിധികളുടെ സംഗമത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നന്മയ്ക്കു വിഘാതമാകുന്ന ആയുധങ്ങള്‍
ലോകത്ത് എവിടെയും ഇന്ന് വ്യാപകമായി ലഭ്യമായിരിക്കൊണ്ടിരിക്കുന്ന നിയമാനുസൃതവും നിയമാനുസൃതം അല്ലാത്തതുമായ വെടിക്കോപ്പുകളാണ് ഭീതിദമാകുന്ന ചെറുതും വലുതുമായ സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കു പിന്നിലെ കാരണം. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സുലഭമായ ലഭ്യത ഇന്നിന്‍റെ സാമൂഹ്യ സുരക്ഷയില്ലായ്മയ്ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, മാനവിക വികസനപദ്ധതികള്‍ പലയിടങ്ങളില്‍ തടസ്സപ്പെടുന്നതിനും കാരണമാകുന്നുണ്ട്. എങ്കിലും, യുഎന്നിന്‍റെ നിരന്തരമായ പരിശ്രമങ്ങള്‍ അനധികൃത ആയുധവിപണത്തെയും അവയുടെ നിയമവിരുദ്ധമായ ഉപയോഗത്തെയും ഒരു പരിധിവരെ ഇല്ലാതാക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

യുഎന്‍ ആയുധ നിയന്ത്രണ പദ്ധതികള്‍
നിയമവിരുദ്ധമായ ആയുധവിപണം ഇല്ലാതാക്കാനും നിയന്ത്രിക്കാനും, ഉപയോഗത്തിലും പ്രചാരത്തിലും ഉള്ളവയെ ഇല്ലായ്മചെയ്യാനുമുള്ള യുഎന്നിന്‍റെ ശ്രമങ്ങളെ വത്തിക്കാന്‍ പിന്‍താങ്ങുന്നുണ്ട്. കൂടാതെ ചെറുതും വലുതുമായ അനധികൃത വെടിക്കോപ്പുകള്‍ നിയന്ത്രിക്കാനും, അവയുടെ നിര്‍മ്മാണം നിര്‍‍ത്തലാക്കാനും ഇല്ലായ്മചെയ്യാനും ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച മൂന്നാംഘട്ട പുനര്‍പരിശോധന സമ്മേളനം എടുത്തിട്ടുള്ള നിലപാടുകളെ പരിശുദ്ധ സിംഹാസനം പിന്‍തുണയ്ക്കുന്നതായും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ അറിയിച്ചു.

ആയുധവിപണനത്തെക്കുറിച്ച്
രാഷ്ട്രങ്ങളോട് പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്

ജീവനോടും മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുമുള്ള ആദരം വളര്‍ത്തിക്കൊണ്ടു മാത്രമേ സമാധാനത്തിന്‍റെ സംസ്ക്കാരം ലോകത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ. മാനവിക കൂട്ടായ്മയ്ക്കും വ്യക്തികള്‍ക്കും പറഞ്ഞറിയിക്കാനാവാത്ത വേദനജനിപ്പിക്കുകയും, സമൂഹത്തില്‍ മരണസംസ്ക്കാരം വളര്‍ത്തുകയുംചെയ്യുന്ന രാജ്യങ്ങളും അവയുടെ നിഗൂഢമായ കൂട്ടുകെട്ടുകളും എന്തുകൊണ്ടാണ് ഇനിയും ഭീകരമായ ആയുധങ്ങള്‍ നിര്‍മ്മിച്ചു വിപണംചെയ്യുന്നത്? അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പാപ്പാ ഫ്രാന്‍സിസ് ഉന്നയിച്ച ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസ് തന്‍റെ ഹ്രസ്വപ്രബന്ധം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2018, 10:25