തിരയുക

Vatican News
Pope Francis with a children's choir during General Audience Pope Francis with a children's choir during General Audience  (AFP or licensors)

ഗായകസംഘങ്ങളുടെ മൂന്നാമത് രാജ്യാന്തര സംഗമം വത്തിക്കാനില്‍

നവംബര്‍ 23-മുതല്‍ 25-വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ദേവാലയസംഗീത ശുശ്രൂഷകരുടെ ആഗോളസംഗമം വത്തിക്കാനില്‍ അരങ്ങേറുന്നത്. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നായി 8000-ല്‍പ്പരം ഗായകര്‍ വത്തിക്കാനിലെത്തും. പാപ്പാ ഫ്രാന്‍സിസ് ഗായകരുമായി നേര്‍ക്കാഴ്ച നടത്തും. ഗായകസംഘങ്ങള്‍ കൂട്ടമായും പരിപാടികള്‍ അവതരിപ്പിക്കപ്പെടും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദേവാലയസംഗീതത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ഈ രാജ്യാന്തര സംഗമം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും റോമാരൂപതയുടെ ഗായകസംഘവും കൈകോര്‍ത്താണ് സംഘടിപ്പിക്കപ്പെക്കുന്നത്.

പ്രതിഭകള്‍ നേതൃത്വം നല്കുന്ന സംഗമം
 “നവസുവിശേഷവത്ക്കരണത്തിന് ആരാധനക്രമ-മതബോധന സംഗീതം” എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന മൂന്നു ദിവസത്തെ പരിപാടിക്ക് ഇറ്റലിയുടെ അറിയപ്പെട്ട സംഗീതജ്ഞനും, റോമാ രൂപതയുടെ ആരാധനക്രമ സംഗീത കമ്മിഷന്‍റെ ഡയറക്ടറുമായ ഫാദര്‍ മാര്‍ക്കോ ഫ്രിസീന, വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദൊ മരീനി, പേപ്പല്‍ ആരാധനക്രമ പരിപാടികളുടെ സംഘാടകന്‍, മോണ്‍സീഞ്ഞോര്‍ ഷോണ്‍ പോള്‍ ലെകൊ, സംഗീതജ്ഞനും ഓര്‍ഗനിസ്റ്റുമായ വിന്‍ചേന്‍സോ ഗ്രിഗോരിയോ, ആരാധനക്രമ സംഗീതത്തിനായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ പ്രിന്‍സിപാള്‍ ഫാദര്‍ ജോര്‍ദി അഗുസ്തി പിക്, അതേ സ്ഥാപനത്തിന്‍റെ ഡീന്‍, ഡോണ്‍ ഓസ്കര്‍ വാല്‍ദോ ദൊമീങ്കസ്, സ്പെയിനിലെ മെത്രാന്‍ സമിതിയുടെ ആരാധനക്രമസംഗീതത്തിന്‍റെ ഉത്തരവാദിത്ത്വമുള്ള ഡോണ്‍ കോണ്‍സ്റ്റന്‍റീന്‍ റെയ്മര്‍, വിയന്ന അതിരൂപതയുടെ ആരാധനക്രമ സംഗീതത്തിന്‍റെ മേധാവിയും യുവസംഗീത സംവിധായകനുമായ ഡോണ്‍ ഫാബിയോ മാസിമീലോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

ഗായകര്‍ പങ്കുവയ്ക്കുന്ന ജീവിതസാക്ഷ്യം
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗായകരും, സംഗീത വിദ്യാര്‍ത്ഥികളും, സംഗീതജ്ഞരും, പ്രത്യേകിച്ച് അമേരിക്ക, ബ്രസീല്‍, മദ്ധ്യാഫ്രിക്ക, ലെബനോണ്‍, ഇറാക്ക്, മെക്സികോ, ചൈന, വിയറ്റ്നാം, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ അവരുടെ ഈ മേഖലയിലെ പരിചയസമ്പത്തും ജീവിതസാക്ഷ്യവും സമ്മേളനത്തില്‍ പങ്കുവയ്ക്കും.

പാപ്പാ ഫ്രാന്‍സിസ് ഗായകരുമായി സംവദിക്കും
ശനിയാഴ്ച നവംബര്‍ 24, രാവിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ സമ്മേളനത്തെ അഭിസംബോധനചെയ്യും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ ഉച്ചസ്ഥായിയാണ്. പ്രാദേശികസമയം രാവിലെ 11.30-ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വച്ച് “ദൈവത്തെ സ്തുതിക്കാനും സഹോദരങ്ങളെ വിശുദ്ധീകരിക്കാനും” എന്ന ശീര്‍ഷകത്തില്‍ ഗായകരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി, സന്ദേശം നല്കും.

വിശുദ്ധ സിസിലിയുടെ ബഹുമാനാര്‍ത്ഥം ഒരു സംഗീതശില്പം
വൈകുന്നേരം പ്രാദേശിക സമയം 6 മണിക്ക് ഗായകരുടെയുടെയും സംഗീതജ്ഞരുടെയും മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ ബഹുമാനാര്‍ത്ഥം പോള്‍ ആറാമന്‍ ഹാളില്‍ Concert of the Chorales, ഗായകസംഘങ്ങളുടെ സംഗീതനിശ അരങ്ങേറും. ഇറ്റലിയുടെ പ്രശസ്ത ആരാധനക്രമ സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന പരിപാടിക്ക് നേതൃത്വംനല്കും. റോമാരൂപതയുടെ 200 അംഗ ഗായകസംഘത്തോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റു രാജ്യങ്ങളിലെ 600 ഗായകരും ചേര്‍ന്ന് സംഗീതനിശ അവതരിപ്പിക്കപ്പെടും. ഫിദേലെസ് എത് അമാത്തി, Fideles et Amati എന്ന 70 അംഗ  ഇറ്റാലിയന്‍ ഓര്‍ക്കസ്ട്ര പശ്ചാത്തല സംഗീതമൊരുക്കും. പലെസ്ത്രീന, മൊസാര്‍ട്, പെരോസി, ഹാന്‍ഡെല്‍, വിവാള്‍ഡി, ബര്‍ത്തൊലൂച്ചി എന്നിവരുടെ വിഖ്യാതമായ സൃഷ്ടികളില്‍ ചിലത് സമ്മേളനത്തിനെത്തിയിട്ടുള്ള 8000 ഗായകരുടെ അകമ്പിടിയോടെ അവതരിപ്പിക്കപ്പെടും.

ത്രികാലപ്രാര്‍ത്ഥനയില്‍ സംഗീതസംഗമത്തിന് സമാപനം
ഞായറാഴ്ച, നവംബര്‍ 25-Ɔο തിയതി രാവിലെ പ്രദേശികസമയം 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ സമ്മേളനത്തിലെ എല്ലാഗായകരും സംഘാടകരും ഗാനങ്ങള്‍ ആലപിച്ചു പങ്കെടുക്കും. ദിവ്യബലിക്കുശേഷം, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടായിരിക്കും ഗായകസംഘങ്ങളുടെ മൂന്നാമത് രാജ്യാന്തര സമ്മേളനത്തിന് പരിസമാപ്തി കുറിക്കുന്നത്.

For further details visit website :  www-imcv2018.org.

22 November 2018, 10:50