തിരയുക

Vatican News
A different view of Vatican Basilica and Square A different view of Vatican Basilica and Square 

വത്തിക്കാന്‍ ബോംബാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികം

രണ്ടാം ലോക മഹായുദ്ധ കാലത്ത് - 1943 നവംബര്‍ 5-Ɔο തിയതി, ഒരു ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.10-ന് നിത്യനഗരം പ്രാര്‍ത്ഥനാപൂര്‍ണ്ണമായൊരു നിശ്ശബ്ദതയില്‍ ആഴ്ന്ന സമയത്താണ് ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന് എതിരായി ഒരു ബോംബ് ആക്രമണമുണ്ടായത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നാസി അനുഭാവികളായ ഇറ്റാലിയന്‍ ഫാസിസ്റ്റുകളാണ് (Italian Fascist) ആക്രമണം നടത്തിയത്.

വത്തിക്കാന്‍ റേഡിയോ നിശ്ശബ്ദമാക്കാന്‍
വിസ്തൃതമായ വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോനിലയം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ‘ഉന്നംതെറ്റിയ ആക്രമണ’മെന്ന് അഗസ്തോ ഫെറാറെ, റോമിന്‍റെ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഖ്യകക്ഷികളുടെ പക്ഷംചേര്‍ന്ന് യുദ്ധമുഖത്തുനിന്നും വാര്‍ത്തകള്‍ ലോകത്തെ സത്യസന്ധമായി അറിയിക്കുന്നതില്‍ വത്തിക്കാന്‍ റേഡിയോ ഉപയോഗപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ബോംബാക്രണത്തിലൂടെ പ്രകടമാക്കിയതെന്ന് ചരിത്രഗ്രന്ഥങ്ങളും (Augusto Ferrara, 1943 Bombe sul Vaticano), ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയിലെ വാര്‍ത്തകളും (L’Osservatore Romano, 7 November 1943) വ്യക്തമാക്കുന്നു.

‘ബോംബിങ്’  വരുത്തിയ നാശനഷ്ടങ്ങള്‍
അതിവേഗത്തില്‍ താഴ്ന്നുപറന്നെത്തിയ ചെറിയ വിമാനം  5 ബോംബുകള്‍ വര്‍ഷിച്ചു. വത്തിക്കാനിലെ റെയില്‍വെ സ്റ്റേഷന്‍, പഴയ സാന്താ മാര്‍ത്ത കെട്ടിടത്തിന്‍റെ കല്ലുവിരിച്ച മുറ്റം, അതിനോടു ചേര്‍ന്നുള്ള മൊസൈക് കലാമന്ദിരം, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പിന്‍ഭാഗത്തെ ജാലകം, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ ചിലഭാഗങ്ങള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്. മൊസൈക് കലാമന്ദിരത്തിലെ വിലപിടിപ്പുള്ള കുറെ ശേഖരങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇറ്റലിയുടെ മണ്ണില്‍ത്തന്നെ വിത്തര്‍ബോ എന്ന സ്ഥലത്താണ് ഫാസിസ്റ്റ് വിമതര്‍ ബോംബാക്രമണത്തിനുള്ള സന്നാഹങ്ങള്‍ നടത്തിയതെന്ന് പിന്നീടുള്ള അന്വേഷങ്ങള്‍ തെളിയിച്ചു.

12-Ɔο പിയൂസ് പാപ്പായുടെ ഭരണകാലം 1939-1958
ഭാഗ്യസ്മരണാര്‍ഹനായ 12-Ɔο പിയൂസ് പാപ്പായുടെ ഭരണകാലത്തായിരുന്നു ബോംബാക്രമണം. സംഭവത്തിനുശേഷം പിറ്റേന്ന് ഞായറാഴ്ച, നവംബര്‍
6-Ɔο തിയതി മദ്ധ്യാഹ്നം 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ച വിശ്വാസികളെയും തീര്‍ത്ഥാടകരെയും ബോംബാക്രമണത്തെക്കുറിച്ചും അതിന്‍റെ വിശദാംശങ്ങളെക്കുറിച്ചും പാപ്പാ ഖേദപൂര്‍വ്വം അറിയിച്ചതും ചരിത്ര സംഭവമാണ്.

07 November 2018, 19:53