പാപ്പാ ഫ്രാന്‍സിസ് - ഒരു ഫയല്‍ ചിത്രം പാപ്പാ ഫ്രാന്‍സിസ് - ഒരു ഫയല്‍ ചിത്രം 

ലൈംഗിക പീഡനക്കേസുകളില്‍ സഭ സത്യത്തിന്‍റെ പാത പിന്‍ചെല്ലും

ന്യൂയോര്‍ക്ക് അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തിയദോര്‍ എഡ്ഗര്‍ മക്കാരിക്ക്, 1970-കളില്‍ ലൈംഗികമായി തന്നെ പീഡിപ്പിച്ചു എന്ന് ഒരു അല്‍മായന്‍ 2018-ല്‍, 48 വര്‍ഷക്കുശേഷം ഉയര്‍ത്തിയ പരാതിയോടും അതിന്‍റെ അന്വേഷണത്തോടും പ്രതികരിച്ചുകൊണ്ടാണ് ഒക്ടോബര്‍ 6, ശനിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് പാപ്പാ ഫ്രാന്‍സിസിന്‍റെ തീര്‍പ്പുകള്‍ വാര്‍ത്താബുള്ളറ്റിനായി പ്രസിദ്ധപ്പെടുത്തിയത്. കുറ്റാരോപിതനായ കര്‍ദ്ദിനാളിന് ഇപ്പോള്‍ 88 വയസ്സ് പ്രായമുണ്ട്. അദ്ദേഹം അമേരിക്കയിലെ ഒരു ബെനഡിക്ടൈന്‍ ആശ്രമത്തില്‍ രഹസ്യജീവിതം നയിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പീഡനക്കേസുകളെ സഭ പിന്‍തുണയ്ക്കില്ല
നൂയോര്‍ക്ക് അതിരൂപത അന്വേഷിച്ചു പഠിച്ചു നല്കിയ റിപ്പോര്‍ട്ട് വത്തിക്കാന്‍റെ വകുപ്പുകള്‍ പരിശോധിച്ചതില്‍പ്പിന്നെ കര്‍ദ്ദിനാള്‍ മക്കാറിക്ക് തെറ്റുകാരനെന്നു തെളിയുകയാല്‍ കര്‍ദ്ദിനാള്‍ സംഘത്തില്‍നിന്നും മാറ്റുന്നതിനുള്ള മക്കാറിക്കിന്‍റെ രാജി പാപ്പാ ഫ്രാന്‍സിസ് രേഖാപരമായി അംഗീകരിക്കുകയുണ്ടായി. മാത്രമല്ല ഇപ്പോഴത്തെ ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യന്‍ കര്‍ദ്ദിനാള്‍ ഡോളന്‍ പരാതിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വത്തിക്കാനു റിപ്പോര്‍ട്ട് നല്കിയിരുന്നു. മക്കാറിക്ക് കുറ്റക്കാരനെന്നു സ്ഥിരപ്പെടുത്തിയതില്‍പ്പിന്നെ പൊതുവായ ശുശ്രൂഷകളില്‍നിന്നും പരിപാടികളില്‍നിന്നും അദ്ദേഹത്തെ വിലക്കുകയും, പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഏകാന്തജീവിതം നയിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിരൂപതവഴി വത്തിക്കാന്‍ ശേഖരിച്ചിട്ടുള്ള പരാതികളും രേഖകളും ഇനിയും പഠിച്ച്, സംഭവങ്ങളും സാഹചര്യങ്ങളും വിലയിരുത്തി വത്തിക്കാന്‍ ഇനിയും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്. വത്തിക്കാന്‍റെ ബുള്ളറ്റിന്‍ വ്യക്തമാക്കി (ബുള്ളറ്റന്‍ 0731 - 06-10-2018).

രാഷ്ട്രങ്ങളുടെ നിയമനടപടിയും
വത്തിക്കന്‍റെ നിലപാടുകളും വ്യത്യസ്തം

സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗികതയും അംഗീകരിക്കുന്ന നിയമനടപടിക്രമങ്ങള്‍ രാഷ്ട്രങ്ങളും ന്യായപീഠങ്ങളും കാലികമായ പുരോഗതിപോലെ കൈക്കൊള്ളുന്നതിനോട് ചേര്‍ന്നു പോകുന്നതല്ല വത്തിക്കാന്‍റെ നിലപാടുകള്‍. സഭ എന്നും സത്യത്തിന്‍റെ പാതയില്‍ ചരിക്കും. പീഡനങ്ങളും അതു മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും വൈദിക മേല്‍ക്കോയ്മയുടെ രീതികളും സഭ ഒരിക്കലും അംഗീകരിക്കുകയില്ല. പാപ്പാ ഫ്രാന്‍സിന്‍റെ വാക്കുകളില്‍ വത്തിക്കാന്‍റെ പ്രത്യേക ബുള്ളറ്റിന്‍ അറിയിച്ചു (ഫിലാഡെല്‍ഫിയ, 27 സെപ്തംബര്‍ 2015).

ലൈംഗീക പീഡനക്കേസുകള്‍ ഇല്ലാതാക്കാന്‍
സമൂഹത്തിലെ ദുര്‍ബലരെയും നിര്‍ദ്ദോഷികളെയും നശിപ്പിക്കുന്ന ലൈംഗികപീഡനം എന്ന ക്രൂരമായ തിന്മയെ ചെറുക്കാന്‍ സഭയുടെ എക്കാലത്തുമുള്ള ശ്രമങ്ങളെ ഇനിയും ബലപ്പെടുത്താന്‍ ദേശീയ പ്രാദേശിക സഭാതലങ്ങള്‍ പൂര്‍വ്വോപരി ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഭൂഖണ്ഡങ്ങളിലെ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ 2019-ല്‍ സാംസ്ക്കാരിക-ഭാഷാ തലത്തിലുള്ള ഗ്രൂപ്പുകളായി വത്തിക്കാനില്‍ പാപ്പാ വിളിച്ചുകൂട്ടുന്നുണ്ട്. പീഡനക്കേസുകള്‍ പരിശോധിക്കാനും നിയമനടപടികള്‍ സഭാതലത്തില്‍ കൈക്കൊള്ളാനും 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചിരിക്കുന്നത് ഒളിഞ്ഞിരിക്കുന്ന തിന്മകള്‍ വെളിച്ചത്തുകൊണ്ടുവന്ന്, അവ തിരുത്താനും, ആന്തരികമായി സഭയെ നവീകരിക്കാനും, ക്രിസ്തീയ ശൈലിയില്‍ അനുതാപത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും വഴികള്‍ തുറക്കാനുമാണെന്ന് പ്രസ്താവന വ്യക്തമാക്കി (പാപ്പാ ഫ്രാന്‍സിസ്, പ്രഭാഷണം, 20 ആഗസ്റ്റ് 2018).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2018, 20:24