ജനറല്‍ ഫ്രാന്‍സിസ്ക്കോ ഫ്രാങ്കോ ജനറല്‍ ഫ്രാന്‍സിസ്ക്കോ ഫ്രാങ്കോ 

ജനറല്‍ ഫ്രാങ്കോയുടെ ഭൗതികശേഷിപ്പുകള്‍ മാറ്റിസ്ഥാപിക്കും

സ്പെയിനിന്‍റെ വിപ്ലവനായകന്‍, ജനറല്‍ ഫ്രാന്‍സിസ്ക്കോ ഫ്രാങ്കോയുടെ ഭൗതികശേഷിപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വത്തിക്കാന് എതിര്‍പ്പില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രഖ്യാപനത്തിലൂടെ അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഭൗതികശേഷിപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ വത്തിക്കാന്‍റെ നിലപാട്
മിലിട്ടറി ഭരണത്തിലൂടെ നാലു പതിറ്റാണ്ടോളം (1936-1975) സ്പെയിനിനെ നയിച്ച വിപ്ലവനായകനാണ് ഫ്രാന്‍സിസ്ക്കോ ഫ്രാങ്കോ. അഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളെ അടക്കിയിട്ടുള്ള  തലസ്ഥാന നഗരമായ മാഡ്രിഡിനു പുറത്തുള്ള പൊതുസെമിത്തേരിയിലാണ് ജനറല്‍ ഫ്രാങ്കോ അടക്കംചെയ്യപ്പെട്ടിട്ടുള്ളത്. ഭൗതികശേഷിപ്പുകള്‍ മാറ്റി തലസ്ഥാനനഗരയില്‍ ശ്രദ്ധേയമായ ഒരിടത്തോ, ദേവാലയത്തിലോ സ്ഥാപിക്കാനുള്ള സ്പെയിനിലെ പെദ്രോ സാഞ്ചസ് സര്‍ക്കാരിന്‍റെ നീക്കത്തോട് എതിര്‍പ്പില്ലെന്ന വത്തിക്കാന്‍ ഔദ്യോഗികമായ നിലപാട്, ഒക്ടോബര്‍ 30-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് വെളിപ്പെടുത്തി.

കുടുംബാംഗങ്ങളുടെ വിയോജിപ്പ്
ഭൗതികശേഷിപ്പുകളുടെ മാറ്റി സ്ഥാപിക്കല്‍ സംബന്ധിച്ച് വത്തിക്കാനുമായി ആലോചിക്കാന്‍ സ്പെയിനിന്‍റെ ഉപപ്രധാനമന്ത്രി കാര്‍മ്മന്‍ കാല്‍വോ തിങ്കളാഴ്ച, ഒക്ടോബര്‍ 29-ന് വത്തിക്കാനില്‍ എത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായി കാര്‍മ്മന്‍ കാല്‍വോ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക് പ്രസ്താവന ഇറക്കിയത്.
ജനറല്‍ ഫ്രാങ്കോയുടെ ഭൗതിക ശേഷിപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ അഭിപ്രായവ്യത്യാസം പ്രകടമാക്കവെയാണ്, സര്‍ക്കാര്‍ മാഡ്രിഡ് അതിരൂപതയുടെ ഭദ്രാസനമായ പരിശുദ്ധ കന്യകാനാഥയുടെ അല്‍മുദേനാ ദേവാലയത്തിലേയ്ക്കോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സാദ്ധ്യതയുള്ള സ്ഥാനങ്ങളിലേയ്ക്കോ പുനര്‍സ്ഥാപിക്കുന്നതു സംബന്ധിച്ച ആലോചനയ്ക്കായി കാര്‍മ്മന്‍ കാല്‍വോ വത്തിക്കാനില്‍ എത്തിയത്. ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കി.

സ്വേച്ഛാശക്തിയുടെ  കാലഘട്ടം
ഒരു അഭ്യന്തരകലാപത്തിലൂടെയാണ് ജനറല്‍ ഫ്രാങ്കോ 1936-ല്‍ സ്പെയിന്‍റെ സര്‍വ്വാധീശത്ത്വം ഉറപ്പുവരുത്തിയത്. ഫ്രാങ്കോയുടെ മിലിട്ടറി ഭരണത്തിന് എതിരെ സ്വരമുയര്‍ത്തിയ 4 ലക്ഷത്തോളം ജനങ്ങളും മിലട്ടറി ഓഫീസര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാസികളോടും കമ്യൂണിസ്റ്റ് റഷ്യയോടു കൂട്ടുപിടിച്ചാണ് ഫ്രാങ്കോ തന്‍റെ സ്വേച്ഛാശക്തി ബലപ്പെടുത്തിയെടുത്തത്. അഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പൊതുസിമത്തേരിയാണ് മാഡ്രിഡിനു പുറത്തുള്ള വിസ്തൃതമായ രക്തസാക്ഷികളുടെ പൊതുകല്ലറ (The mossoleum of the Fallen). മിലിട്ടറി ഭരണം രാജകുടുംബത്തിനു കൈമാറിക്കൊണ്ട് 1975-ല്‍ 83-Ɔമത്തെ വയസ്സില്‍ മൃതിയടഞ്ഞ ജനറല്‍ ഫ്രാങ്കോയുടെ മൃതദേഹം രക്തസാക്ഷികളുടെ പൊതുകല്ലറയില്‍ത്തന്നെയാണ് അടക്കപ്പെട്ടത്.

വിപ്ലവനായകനു പുതിയ കല്ലറ പണിയാനുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ നീക്കത്തെ വോട്ടുപിടുത്തമായും, രാജ്യത്തിന്‍റെ പഴയ മുറിപ്പാടുകള്‍ തുറന്നുകാട്ടാനുള്ള ശ്രമമായും എതിര്‍പക്ഷം വിമര്‍ശിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2018, 20:08