തിരയുക

Vatican News
സമുദ്രതീര ദൃശ്യം -ഫിലിപ്പീന്‍സ് സമുദ്രതീര ദൃശ്യം -ഫിലിപ്പീന്‍സ്  (AFP or licensors)

സമുദ്രജലനിരപ്പുയര്‍ച്ച- സങ്കീര്‍ണ്ണ പ്രശ്നം

സമുദ്രജലനിരപ്പ് ഉയരുന്ന വളരെ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് ഏകീകൃതവും നൈതികവുമായ ഒരു സമീപനം ആവശ്യം , ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമുദ്രജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തിനെതിരെ ആഗോളതലത്തിലുള്ള നടപടികള്‍ അടിയന്തിരാവാശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയില്‍ (യുഎന്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ കേന്ദ്ര ആസ്ഥനത്ത്, യു എന്‍ പൊതുസഭയുടെ 73-Ↄ○ യോഗത്തില്‍ അന്താരാഷ്ട്ര നിയമനിര്‍മ്മാണ സമിതി, സമുദ്രജലനിരപ്പുയര്‍ച്ചയുമായി ബന്ധപ്പെട്ട് നല്കിയിരിക്കുന്ന സുരക്ഷാമുന്നറിയിപ്പുകളെപ്പറ്റി  സംസാരിക്കുകയായിരുന്നു.

അന്താരാഷ്ട്രസമൂഹത്തിലെ അംഗരാഷ്ട്രങ്ങളില്‍ മൂന്നില്‍ ഒരു ഭാഗത്തിലേറെ വരുന്ന 70 നാടുകളെ സമുദ്രജലനിരപ്പുയര്‍ച്ച നേരിട്ടു ബാധിക്കുമെന്നും മറ്റനേകം നാടുകളില്‍  കരനഷ്ടവും പ്രകൃതിവിഭവ നാശവും ഉണ്ടാകുകയും ജനങ്ങള്‍ ചിതറിക്കപ്പെടുകയും ചെയ്യുമെന്നും ഈ സമിതി അപകടസൂചന നല്കുന്നുണ്ടെന്നും ഈയൊരു പശ്ചാത്തലത്തിലാണ് ആഗോളതലത്തിലുള്ള നടപടികളുടെ അടിയന്തിരാവശ്യകതയെന്നും അദ്ദേഹം വിശദീകരിച്ചു.

വളരെ സങ്കീര്‍ണ്ണമായ ഈ യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് ഏകീകൃതവും നൈതികവുമായ ഒരു സമീപനമാണ് ആവശ്യമെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ വ്യക്തമാക്കി.

സമുദ്ര-സമുദ്രതീര പാരിസ്ഥിതികതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ അവയെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരെ ഒഴിച്ചു നിറുത്താനാവില്ല എന്ന വസ്തുതയും അദ്ദേഹം എടുത്തുകാട്ടി.

26 October 2018, 08:04