തിരയുക

Vatican News
മുന്‍ഗാമിയുടെ പൂജ്യശേഷിപ്പുകള്‍ക്കു മുന്നില്‍ മുന്‍ഗാമിയുടെ പൂജ്യശേഷിപ്പുകള്‍ക്കു മുന്നില്‍   (ANSA)

മുന്‍ഗാമിയുടെ പുണ്യപാദങ്ങളില്‍ പ്രാര്‍ത്ഥനയോടെ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണനാളില്‍ പാപ്പാ ഫ്രാന്‍സിസ് സ്മൃതമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെ പൂജ്യശേഷിപ്പിന്‍റെ അള്‍ത്താര
രണ്ടുപതിറ്റാണ്ടിലധികം പത്രോസിന്‍റെ പരമാധികാരത്തില്‍ ആധുനിക സഭയെ നയിച്ച വിശുദ്ധനായ പാപ്പാ വോയിത്തീവയുടെ അനുസ്മരണനാളില്‍ ഒക്ടോബര്‍ 22-Ɔο തിയതി തിങ്കളാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ എത്തി. പേപ്പല്‍ വസതിയില്‍നിന്നും നടന്നാണ് പാപ്പാ വന്നത്. ബസിലിക്കയുടെ വലതുഭാഗത്ത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ ചെറിയ അള്‍ത്താരയുടെ താഴെ സ്ഥാപിതമായിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെ ഭൗതികശേഷിപ്പുകളുടെ മുന്നില്‍ നിന്നുകൊണ്ട് നമ്രശിരസ്ക്കാനായി
10 മിനിറ്റിലധികം പ്രാര്‍ത്ഥിച്ചു. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ഥാനാരോപണദിനത്തില്‍ വിശുദ്ധിയുടെ അനുസ്മരണം
സാധാരണഗതിയില്‍ വിശുദ്ധരുടെ തിരുനാളുകള്‍ അവരുടെ ചരമദിനത്തിലാണ് പതിവായി അനുസ്മരിക്കാറെങ്കിലും, തന്‍റെ മുന്‍ഗാമിയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ പാപ്പാ ഫ്രാന്‍സിസ്, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്ഥാനാരോഹണദിനമായ ഒക്ടോബര്‍ 22-Ɔο തിയതിയാണ് അനുസ്മരണ ദിനമായി പ്രഖ്യാപിച്ചത്. 1978 ഒക്ടോബര്‍ 16-ന് തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ കാരോള്‍ വോയിത്തീവ ഒക്ടോബര്‍ 22-Ɔο തിയതി സ്ഥാനാരോപിതനായി.  2014 ഏപ്രില്‍ 27-നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

വിശ്വശാന്തിയുടെ ദൂതനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായേ,
ഞങ്ങളില്‍ ദൈവസ്നേഹവും സമാധാനവും വളര്‍ത്തണമേ!  

22 October 2018, 20:11