ക്രിസ്തുമസ് 2018 വത്തിക്കാന്‍ ക്രിസ്തുമസ് 2018 വത്തിക്കാന്‍ 

വത്തിക്കാന്‍ ക്രിസ്തുമസ്സിന് ഒരുങ്ങുന്നു!

വടക്കെ ഇറ്റലിയിലെ വെനീഷ്യന്‍ നഗരങ്ങളിലെ ജീവസ്സുറ്റ കളിമണ്‍രൂപങ്ങളും സ്പ്രൂസ് മരവും വത്തിക്കാനില്‍ 2018-ലെ പുല്‍ക്കൂടു സജ്ജമാക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 31-Ɔο തിയതി ബുധനാഴ്ച പുറത്തുവിട്ട വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസ്താവനയാണ് വിശുദ്ധ പത്രോസിന്‍റെ വിസൃതമായ ചത്വരത്തില്‍ ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സജ്ജമാക്കപ്പെടുന്ന പുല്‍ക്കൂടിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ക്രിസ്തുമസ് രൂപങ്ങളും മരവും വെനീഷ്യന്‍ നഗരങ്ങളില്‍നിന്ന്
വെനീഷ്യന്‍ തീരദേശ നഗരമായ ജിയോസൊളോയിലെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിക്കുന്നതാണ് പുല്‍ക്കൂട്ടിലെ ജീവസ്സുറ്റ കളിമണ്‍ ദൃശ്യബിംബങ്ങള്‍. അതുപോലെ പൊര്‍ദൊനോണേ അതിരൂപതയിലെ ജനങ്ങള്‍ പാപ്പായ്ക്കു നല്കുന്ന സമ്മാനമാണ് 75 അടി ഉയരവും ഒത്തവണ്ണവുമുള്ള ആല്‍പൈന്‍ സ്പ്രൂസ് ക്രിസ്തുമസ് മരം. കാന്‍സീലിയോ പ്രദേശത്തെ ആല്‍പൈന്‍ മലഞ്ചെരുവില്‍നിന്നും വെട്ടിയെടുത്ത ക്രിസ്തുമസ്സ് മരവും, ജിയോസൊളോയിലെ കലാകാരന്മാരും ശില്പികളും ചേര്‍ന്ന് കളിമണ്ണില്‍ തീര്‍ക്കുന്ന ആള്‍പ്പൊക്കമുള്ള ക്രിസ്തുമസ് രൂപങ്ങളും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു.

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പുല്‍ക്കൂട്
വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ സാങ്കേതിക വിഭാഗവും Osram ഉപവിപ്രസ്ഥാനവും കൈകോര്‍ത്താണ് ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് മരവും പുല്‍ക്കൂടും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിസ്തൃതമായ തിരുമുറ്റത്ത് സജ്ജമാക്കുന്നത്. ചത്വരത്തിലെ 400 ച.മീറ്റര്‍ വിസ്തൃതിയുള്ള താല്ക്കാലികമായി സജ്ജമാക്കിയ ഉയര്‍ന്ന വേദിയിലാണ് പുല്‍ക്കൂട് സജ്ജീകരിക്കപ്പെടുന്നത്.

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പുല്‍ക്കൂട്!
ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഡിസംബര്‍
7-Ɔο തിയതി വെള്ളിയാഴ്ച, ക്രിസ്തുമസ്സിനു മുന്നേതന്നെ ഈ പുല്‍ക്കൂട് ഉത്ഘാടനംചെയ്യപ്പെടും. തുടര്‍ന്ന് ക്രിസ്തമസ്സിനുശേഷം 2019 ജനുവരി 13-ന് ആചരിക്കുന്ന യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ വരെ അത് സന്ദര്‍ശകര്‍ക്കായി തുറന്നിടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2018, 20:37