യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനം യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനം 

പത്രോശ്ലീഹായുടെ കുടീരത്തിലേയ്ക്ക് ഒരപൂര്‍വ്വ തീര്‍ത്ഥാടനം

ഒക്ടോബര്‍ 25-Ɔο തിയതി വ്യാഴാഴ്ചയാണ് തീര്‍ത്ഥാടനം. പ്രാദേശിക സമയം രാവിലെ 8.30-ന് റോമാനഗര പ്രാന്തത്തിലുള്ള ഡോണ്‍ ഓറിയോണെ കേന്ദ്രത്തില്‍നിന്നും ആരംഭിച്ച് പത്രോശ്ലീഹായുടെ പൂജ്യമായ കുടീരത്തില്‍ സമാപിക്കും.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സിനഡുപിതാക്കന്മാരും യുവജനങ്ങളും ചേര്‍ന്നൊരു തീര്‍ത്ഥാടനം
ഡോണ്‍ ഓറിയോണെ യുവജനകേന്ദ്രത്തില്‍നിന്നും നടന്ന് മോന്തെ മാരിയോ വഴി, പുരാതന തീര്‍ത്ഥാടനപാതയായ "വിയ ഫ്രാന്‍സിജേന", വിയാലെ ആഞ്ചെലിക്കൊ എന്നിവ താണ്ടിയുള്ള 6 കിലോമീറ്റര്‍ നീളുന്ന പ്രാര്‍ത്ഥനാപൂര്‍ണ്ണമായ തീര്‍ത്ഥാടനം 11.30-ന് വത്തിക്കാനിലെ‍ വിശുദ്ധ പത്രോസിന്‍റെ സ്മൃതിമണ്ഡപത്തില്‍ സമാപിക്കും. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും അടങ്ങുന്ന 300 സിനഡുപിതാക്കന്മാരും, 50-ല്‍ അധികം രാജ്യാന്തര യുവജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനത്തില്‍ റോമാരൂപതിയിലെ യുവജന പ്രതിനിധികളും പങ്കുചേരും.

സമാപ്തിയായി സമൂഹദിവ്യബലി
വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള വത്തിക്കാനിലെ ബസിലിക്കയുടെ നിലവറയിലാണ് ശ്ലീഹായുടെ കുടീരം സ്ഥിതിചെയ്യുന്നത്. അത് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തോടെയാണ് സിനഡ് അംഗങ്ങളുടെ ചെറുതെങ്കിലും ധ്യാനാത്മകമായ തീര്‍ത്ഥാടനം സമാപിക്കുന്നത്. സിനഡുതീര്‍ത്ഥാടകരുടെ ബലിയര്‍പ്പണത്തില്‍ പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരിക്കും. സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന അറിയിച്ചു.

പത്രോസിന്‍റെ കുടീരത്തിനു മുകളിലെ മഹാദേവാലയം
വത്തിക്കാന്‍ കുന്നിലെ റോമന്‍ കളിക്കളത്തില്‍ സാമ്രാജ്യകാലത്ത് ക്രിസ്താബ്ദം 62-നും 64-നും ഇടയ്ക്ക് അപ്പസ്തോല പ്രമുഖനായ പത്രോസ്  തലകീഴായി കുരിശില്‍ തറച്ചു കൊല്ലപ്പെട്ടു. അവിടെ റോമന്‍ പീഡനകാലത്ത് നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ വത്തിക്കാന്‍ കുന്നില്‍ത്തന്നെ അടക്കപ്പെട്ടിരുന്നു. അന്നാളില്‍ത്തന്നെ പത്രോശ്ലീഹായുടെ കബറിടം ക്രൈസ്തവര്‍ പൂജ്യമായി സംരക്ഷിച്ചുപോന്നു. ക്രിസ്താബ്ദം 313-ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം നല്കി. തുടര്‍ന്ന് റോമില്‍ സുവിശേഷം എത്തിച്ച ശ്ലീഹായുടെയും അക്കാലത്ത് കൊല്ലപ്പെട്ട മറ്റു ക്രൈസ്തവരുടെയും കുഴിമാടങ്ങള്‍ സംരക്ഷിക്കപ്പെടുകയും പൂജ്യസ്ഥാനങ്ങളായി കണക്കാക്കയും വണങ്ങുകയും ചെയ്തുപോന്നു.
ആ ഭൗതികശേഷിപ്പുകളുടെ സ്ഥാനത്ത് പിന്നീട് പണിതീര്‍ത്ത ദേവാലയം പല തലമുറകളായി പുനര്‍നിര്‍മ്മിതി ചെയ്തതില്‍ അഞ്ചാമത്തേതാണ് വിശ്വത്തര വാസ്തുശില്പി ബെര്‍ണീനിയും കലാകാരന്‍ മൈക്കിളാഞ്ചലോയും ചേര്‍ന്ന് നിര്‍മ്മിച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക. 1626-ല്‍ പണിതീര്‍ത്ത ആ പ്രാര്‍ത്ഥനാസൗധം ഇന്നും ലോകത്തെ ഏറ്റവും മനോഹരവും വിസ്തൃതവുമായ മഹാദേവാലയമാണ്.

ഇവിടെയാണ് പത്രോസ്...!
അക്ഷരാര്‍ത്ഥത്തില്‍ പത്രോസിന്‍റെ കുടീരത്തിന്മേലാണ് വത്തിക്കാനിലെ മഹാദേവാലയം തലയുയര്‍ത്തി നില്ക്കുന്നത്. ബസിലിക്കയുടെ പേപ്പല്‍ അള്‍ത്താരയുടെ തൊട്ടുമുന്നില്‍നിന്നും താഴേയ്ക്കിറങ്ങുന്ന, എണ്ണവിളക്കുകള്‍ തെളിയിച്ച മാര്‍ബിള്‍ പടവുകള്‍ എത്തിചേരുന്നത് “ഏനി എസ് പേത്രൂസ്...” Here’s Peter  “ഇവിടെയാണ് പത്രോസ്” എന്ന ഗ്രീക്ക് ലിഖിതമുള്ള അപ്പസ്തോല പ്രമുഖന്‍റെ കുടീരത്തിലേയ്ക്കാണ്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2018, 20:15