മെത്രാന്മാരുടെ സിനഡിന്‍റെ, യുവജനങ്ങളെ അധികരിച്ചുള്ള, സമ്മേളനം ഒമ്പതാം ദിനം 11-10-18 മെത്രാന്മാരുടെ സിനഡിന്‍റെ, യുവജനങ്ങളെ അധികരിച്ചുള്ള, സമ്മേളനം ഒമ്പതാം ദിനം 11-10-18  

അനധികൃതകുടിയേറ്റവും മനുഷ്യക്കടത്തും-സഭയുടെ നിലപാട്

വ്യവസായവല്‍കൃത നാടുകള്‍ പാവപ്പെ‌ട്ട നാടുകളില്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടത് കുടിയേറ്റ മനുഷ്യക്കടത്ത് ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് അനിവാര്യമായ മാര്‍ഗ്ഗങ്ങളി‍ല്‍ ഒന്ന്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അനധികൃതകുടിയേറ്റവും മനുഷ്യക്കടത്തും പരിപോഷിപ്പിക്കുന്നവരെ സുവ്യക്തവും അസന്ദിഗ്ദ്ധവുമായ പ്രബോധനം വഴി നിരുത്സാഹപ്പെടുത്തുകയും നിരാകരിക്കുകയും ചെയ്യേണ്ടത് സഭയുടെ ദൗത്യങ്ങളില്‍ ഒന്നാണെന്ന് സിനഡുപിതാക്കന്മാര്‍.

വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിന്‍റെ ഒമ്പതാം ദിനമായിരുന്ന വ്യാഴാഴ്ച രാവിലെ (11/10/18) നടന്ന  ഒമ്പതാം പൊതുയോഗത്തിലാണ് സിനഡുപിതാക്കന്മാര്‍ അനധികൃത കുടിയേറ്റം മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ സഭയുടെ നിലപാട് എന്തായിരിക്കണം എന്ന് വ്യക്തമാക്കിയത്.

അനധികൃതകുടിയേറ്റത്തിന്‍റെ ഭാഗമായി കടല്‍യാത്രനടത്തുന്ന നൂറുകണക്കിന് യുവതീയവാക്കളുട‌െ സ്വപ്നങ്ങളും ആന്തരികോര്‍ജ്ജങ്ങളും കഴിവുകളും മദ്ധ്യധരണ്യാഴിയില്‍ മുങ്ങിത്താണുപോകുന്ന ദുരന്തസംഭവങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് സിനഡുപിതാക്കന്മാര്‍ കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്ന നാടുകളില്‍ മുതല്‍ മുടക്കാന്‍ വ്യവസായവല്‍കൃതനാടുകളോടു സഭ അഭ്യര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

കുമ്പസാരമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ചും സിനഡുപിതാക്കാന്മാര്‍ സംസാരിച്ചു.

പാപം, ഉപരിപ്ലത എന്നിവ എന്താണ് എന്ന വ്യക്തമായ ഒരാശയം യുവജനങ്ങളില്‍ ഉണ്ടാക്കുന്നതിനും തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം  തിരിച്ചറിയാന്‍ അവരെ സഹായിക്കുന്നതിനും യുവജന ശിക്ഷണവും യുവജന സുവിശേഷവത്ക്കരണവും ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ഒരു ആത്മശോധന അനിവാര്യമാണെന്നും പിതാക്കന്മാര്‍ വ്യക്തമാക്കി.

മറ്റുള്ളവരുടെ കളിപ്പാവകളാകാതിരിക്കാനും ഒഴുക്കില്‍പ്പെട്ടുപോകാതിരിക്കാനും യുവതീയുവാക്കളെ സഹായിക്കുന്ന ആന്തരികസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയ സിനഡുപിതാക്കന്മാര്‍, ഋജുവായ മനസ്സാക്ഷിയോടുകുടി യേശുവിനെ അനുഗമിക്കുകയും അവിടത്തെ കല്പനകള്‍ പാലിക്കുകയും ചെയ്താല്‍ അവര്‍ കൂടുതല്‍ സ്വതന്ത്രരായിരിക്കുമെന്ന് വിശദീകരിച്ചു.  

മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പത്താം ദിനത്തില്‍, അതായത് പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച (12/10/18) പൊതുയോഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാഷാടിസ്ഥാനത്തില്‍ തിരിക്കപ്പെട്ടിട്ടുള്ള ചെറുസംഘങ്ങളുടെ ചര്‍ച്ചകള്‍ ന‌ടന്നു

“യുവജനങ്ങളും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്നതാണ് മൂന്നാം തിയതി ബുധനാഴ്ച ആരംഭിച്ചതും ഈ മാസം 28 വരെ (03-10/10/18) നീളുന്നതുമായ ഈ സിനഡുയോഗത്തിന്‍റെ ചര്‍ച്ചാപ്രമേയം.

സീറോമലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലീമിസും, ആന്ധ്രപ്രദേശിലെ എലുരു രൂപതയുടെ മെത്രാന്‍ ജയ റാവൊ പൊളിമെറയും  സിനഡുസമ്മേളനത്തിന്‍റെ ഒമ്പതാം പൊതുയോഗത്തെ സംബോധനചെയ്ത പിതാക്കന്മാരില്‍ ഉള്‍പ്പെടുന്നു.

256 സിനഡുപിതാക്കന്മാര്‍ ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2018, 15:14