സിനഡുശാലയില്‍ നിന്നൊരു ദൃശ്യം-ഫ്രാന്‍സീസ് പാപ്പാ സിനഡില്‍ സംബന്ധിക്കുന്നവരില്‍ ചിലരോടൊപ്പം സിനഡുശാലയില്‍ നിന്നൊരു ദൃശ്യം-ഫ്രാന്‍സീസ് പാപ്പാ സിനഡില്‍ സംബന്ധിക്കുന്നവരില്‍ ചിലരോടൊപ്പം 

മെത്രാന്മാരുടെ സിനഡ്-സമാപനത്തിലേക്ക്!

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ സമ്മേളനം സമാപിക്കുന്നു-പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമാപന സമൂഹ ദിവ്യബലി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കിയില്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതു സമ്മേളനത്തിന് ഞായറാഴ്ച (28/10/18) തിരശ്ശീലവീഴും.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, പ്രാദേശികസമയം, രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന്, ഫ്രാന്‍സീസ് പാപ്പാ മുഖ്യകാര്‍മ്മികനായും സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെടുന്ന സഘോഷമായ സമൂഹബലിയോടെ ആയിരിക്കും ഈ സിനഡുസമ്മേളനം സമാപിക്കുക.

ഈ മാസം മൂന്നാംതിയതിയാണ് (03/10/18) മെത്രാന്മാരുടെ സിനഡ് യുവജനത്തെക്കുറിച്ചു ചര്‍ച്ചചെയ്ത ഈ സമ്മേളനം ആരംഭിച്ചത്.

“യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഈ സിനഡുസമ്മേളനത്തിന്‍റെ അവസാനത്തെതായിരുന്ന  രണ്ടു പൊതുയോഗങ്ങള്‍,അതായത്, 21ഉം 22ഉം പൊതുയോഗങ്ങള്‍, ഈ ശനിയാഴ്ച (27/10/18) രാവിലെയും വൈകുന്നേരവുമായി നടന്നു.

ഈ സനഡുസമ്മേളനത്തിന്‍റെ സമാപന പ്രസ്താവന ഇരുപത്തിയൊന്നാം പൊതുയോഗത്തില്‍ വായിക്കപ്പെട്ടു.

യുവജനങ്ങളെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന്‍റെ സമാപന രേഖയെ സംബന്ധിച്ച വോട്ടെടുപ്പായിരുന്നു വൈകുന്നേരത്തെ പൊതുസമ്മേളനത്തിലെ മുഖ്യ പരിപാടി.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഇരുപതാം പൊതുയോഗത്തില്‍ 249 സിനഡുപിതാക്കന്മാര്‍ പങ്കെടുത്തു. ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധിത്തില്‍, ഈ പൊതുയോഗം സിനഡുശാലയില്‍ യുവജനോത്സവ പ്രതീതിയുളവാക്കി. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ അലയടിച്ചു. ഫ്ലാഷ് മോബും അവതരിപ്പിക്കപ്പെട്ടു. മെത്രാന്മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി പിയാനൊ വായിച്ചു. പാപ്പാ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചു.

മെത്രാന്മാരുടെ സിനഡിന്‍റെ അടുത്ത സാധാരണപൊതുസമ്മേളനത്തിന്‍റെ  സമിതിയംഗങ്ങളു‌ടെ തിര‍ഞ്ഞെടുപ്പും വെള്ളിയാഴ്ച നടന്നു. ഭൂവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ 16 മെത്രാന്മാര്‍ സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

വടക്കെ അമേരിക്കയ്ക്കു വേണ്ടി 2, തക്കെ അമേരിക്കയ്ക്ക് 3, യൂറോപ്പിന് 3, ആഫ്രിക്കയ്ക്ക് 3, ഓഷ്യാനയ്ക്ക് 1, എഷ്യയ്ക്ക് 3, പൗരസ്ത്യകത്തോലിക്കാസഭാതലവന്മാരുടെ പ്രതിനിധിയായി 1 എന്നിങ്ങനെയാണ് 16 സമിതിയംഗങ്ങള്‍.

തങ്ങളുടെ നാടുകളിലെ, യാതനകളും അനീതികളും നിറഞ്ഞ അവസ്ഥകളെക്കുറിച്ചു യുവജനപ്രതിനിധികളും മെത്രാന്മാരും സിനഡുയോഗങ്ങളില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ലോകത്തില്‍ എത്രമാത്രം അനീതികളാണ് നടക്കുന്നതെന്ന് രാഷ്ടീയ-സാമ്പത്തിക ലോകത്തോടും വിളിച്ചു പറയുന്ന ശക്തമായ ഒരു സ്വരമായി ഭവിക്കുമെന്ന്, ഓസ്ത്രിയായിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, വിയെന്ന അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ക്രിസ്റ്റഫ് ഷോണ്‍ബോണ്‍ വെള്ളിയാഴ്ചത്തെ യോഗങ്ങളെ അധികരിച്ചു നടന്ന പത്രസമ്മേളനത്തില്‍, പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2018, 12:51