തിരയുക

Vatican News
യുവജനത്തെ അധികരിച്ച് വത്തിക്കാനില്‍ നടന്നുവരുന്ന  മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ഒരു ദൃശ്യം (03-28/10/2018) യുവജനത്തെ അധികരിച്ച് വത്തിക്കാനില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ഒരു ദൃശ്യം (03-28/10/2018)  (Vatican Media )

ആഗോള യുവതയ്ക്കുള്ള കത്ത് തയ്യാറാക്കാന്‍ ഒരു സമിതി

മെത്രാന്മാരുടെ സിനഡ് യുവജനത്തിനായി ഒരു കത്തു നല്കും- കത്ത് തയ്യാറാക്കാന്‍ സമിതി രൂപീകൃതമായി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തിലെ യുവജനങ്ങള്‍ക്കായി ഒരു കത്തു തയ്യാറാക്കുന്നതിന് മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം അഷ്ടാംഗ സമിതിക്ക് രൂപം നല്കി.

യുവജനങ്ങളെ അധികരിച്ചു ചര്‍ച്ചചെയ്യുന്നതിന് വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന, ഈ മാസം മൂന്നാം തിയതി ആരംഭിച്ചതും 28 വരെ (03-10/10/18) നീളുന്നതുമായ ഈ സിനഡുസമ്മേളനത്തിന്‍റെ ബുധനാഴ്ച (17/10/18) ഉച്ചതിരിഞ്ഞു നടന്ന പതിനഞ്ചാം പൊതുയോഗത്തിലാണ് ഈ എട്ടംഗ സമിതിക്ക് ഫ്രാന്‍സീസ് പാപ്പായുടെ അംഗീകാരത്തോടെ രൂപം നല്കപ്പെട്ടത്.

ഏഷ്യ, ആഫ്രിക്ക, തെക്കെ അമേരിക്ക, യൂറോപ്, വടക്കെ അമേരിക്ക, പസഫിക്ക് നാടുകള്‍ എന്നീ ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കും വിധത്തിലാണ് ഈ സമിതിക്ക് രൂപം നല്കിയിരിക്കുന്നത്.

മദ്ധ്യാഫ്രിക്കന്‍ റപ്പബ്ലിക്കിലെ ബാങ്ക്വി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ദ്യവുദോണ്ണെ ന്‍സ്സപലായിംഗ, ഫ്രാന്‍സിലെ ലിയോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഇമ്മാനുവേല്‍ ഗോബില്യാര്‍ഡ്, ആസ്ത്രേലിയായിലെ സിഡ്നി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് അന്തോണി കോളിന്‍ ഫിഷെര്‍, അര്‍ജന്തീനയിലെ സാന്‍ ഹുസ്തൊ രൂപതയുടെ മെത്രാന്‍ എദ്വാര്‍ദൊ ഹൊറാസിയൊ ഗര്‍സീയ,  അമേരിക്കന്‍ ഐക്യനാടുകളിലെ ആന്തരിക ജീവിത പ്രേഷിതര്‍,  എന്ന, അല്‍മായരും വൈദികരുമുള്‍ക്കൊള്ളുന്ന സമര്‍പ്പിതജീവിത സമൂഹത്തിന്‍റെ പ്രതിനിധി ശ്രീമതി ബ്രയാന റെജീന സന്ധ്യൊഗൊ, ഇന്തൊനേഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  യുവജനസമിതി അംഗം ശ്രീമതി അനസ്താസിയ ഇന്ദ്രവ്വാന്‍, ഫ്രാന്‍സിലെ ടെസ്സെ എക്യുമെനിക്കല്‍ സമൂഹത്തിന്‍റെ അധിപന്‍, അഥവാ, പ്രയോര്‍, ഫാദര്‍ അലോയിസ്, ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ യുവജന അജപാലന വിഭാഗത്തിന്‍റെ  ചുമതലയുള്ള വൈദികന്‍ മിഖേലെ ഫലബ്രേത്തി എന്നിവരാണ് സമിതയംഗങ്ങള്‍.

“യുവജനങ്ങളും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്നതാണ് മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഈ മാസം മൂന്നിനാരംഭിച്ച സിനഡു സമ്മേളനം ഇരുപത്തിയെട്ടിന് (03-28/10/2018) സമാപിക്കും

18 October 2018, 13:23